മസ്കത്ത്| ടി20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ പാപ്പുവ ന്യൂ ഗിനിക്കെതിരെ ആതിഥേയരായ ഒമാന് പത്ത് വിക്കറ്റ് ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ പാപ്പുവ ന്യൂ ഗിനി നിശ്ചിത ഓവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാൻ ജതീന്ദർ സിംഗിന്റെയും ആഖിബ് ഇല്യാസിന്റെയും മികവിൽ 38 പന്ത് ബാക്കിനിൽക്കേ വിക്കറ്റ് നഷ്ടപ്പെടാതെ വിജയം കൈപ്പിടിയൊലൊതുക്കുകയായിരുന്നു. സ്കോർ: പാപ്പുവ ന്യൂ ഗിനി- 129/9, ഒമാൻ- 131/0 (13.4 ഒാവർ). മികച്ച ബൗളിംഗ് കാഴ്ചവെച്ച ഒമാൻ പാപ്പുവ ന്യൂ ഗിനിയെ ശരിക്കും വരിഞ്ഞുമുറുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാപ്പുവ ന്യൂ ഗിനിക്ക് വേണ്ടി നായകൻ ആസാദ് വാല മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 43 പന്തുകളിൽ നിന്ന് നാല് ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ താരം 56 റൺസെടുത്ത് ആസാദ് വാല പുറത്തായി. 37 റൺസെടുത്ത ചാൾസ് അമിനിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ടോണി ഉറ, ലെഗാ സിയാക, വിക്കറ്റ് കീപ്പർ കിപ്്‌ലിൻ ഡോറിക എന്നിവർക്ക് റൺസൊന്നുമെടുക്കാനായില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന് വേണ്ടി നായകനും സ്പിന്നറുമായ സീഷാൻ മഖ്‌സൂദ് നാല് വിക്കറ്റ് വീഴ്ത്തി. ബിലാൽ ഖാൻ, കലീമുല്ല എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാന് വേണ്ടി ഓപണർമാരായ ജതീന്ദർ സിംഗും ആഖിബ് ഇല്യാസും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. ജതീന്ദർ 42 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 73 റൺസെടുത്തപ്പോൾ ആഖിബ് 43 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും കരുത്തിൽ 50 റൺസെടുത്തും പുറത്താകാതെ നിന്നു.
യോഗ്യതാ മത്സരങ്ങളിൽ മുന്നിലെത്തുന്ന നാല് ടീമുകളാണ് സൂപ്പർ 12ലേക്ക് യോഗ്യത നേടുക. ഈ മാസം 23നാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക.
ബംഗ്ലാദേശിനെ അട്ടിമറിച്ച് സ്കോട്ലാൻഡ്
മസ്കത്ത് | ടി20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനെതിരെ സ്കോട്ലാൻഡിന് ആറ് റൺസ് ജയം.
ആദ്യം ബാറ്റിംഗിനിറങ്ങിയ സ്കോട്ലാൻഡ് നിശ്ചിത ഒാവറിൽ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുക്കാനേ സാധിച്ചുള്ളൂ.
സ്കോർ: സ്കോട്ലാൻഡ്- 140/9, ബംഗ്ലാദേശ്- 134/7.
സ്കോട്ലാൻഡിനായി ക്രിസ് ഗ്രീവ്സ് (45), മാർട്ട് വാട്ട് (22) മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനായി 28 പന്തിൽ 20 റൺസെടുത്ത് ഷാക്കിബുൽ ഹസനും 36 പന്തിൽ 38 റൺസെടുത്ത് മുഷ്ഫിഖുർ റഫ്മാനും 23 റൺസുമായി മഹ്മൂദുല്ലയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. സ്കോട്ലാൻഡിനായി ബ്രാൻഡ് വീൽ മൂന്നും ക്രിസ് ഗ്രീവ്സ് രണ്ടും മാർക്ക് വാട്ട്, ജോഷ് ദാവെ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഒന്നാമനായി ശാക്കിബ്
മസ്കത്ത് | സ്കോട്ലാൻഡിനെതിരായ രണ്ടാം വിക്കറ്റിലൂടെ ബംഗ്ലാദേശ് താരം ശാക്കിബുൽ ഹസൻ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി. മുൻ ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗയുടെ 107 വിക്കറ്റുകൾ എന്ന നേട്ടമാണ് ഷാക്കിബ് മറികടന്നത്. 84 മത്സരങ്ങൾ നിന്നായിരുന്നു മലിംഗയുടെ നേട്ടം. 34 കാരനായ ആൾറൗണ്ടർ ഷാക്കിബ് 89 മത്സരങ്ങളിൽ നിന്നാണ് 108 ടി20 വിക്കറ്റുകൾ സ്വന്തമാക്കിയത്.
source https://www.sirajlive.com/t20-world-cup-qualifiers-begin-oman-began-to-win.html
Post a Comment