രാജ്യദ്രോഹിയും ഹിന്ദുത്വ ഭീകരവാദിയുമായിരുന്ന വിനായക് ദാമോദർ സവർക്കർ എന്ന വി ഡി സവർക്കറെ വെള്ളപൂശാനും ദേശസ്‌നേഹിയായി ചിത്രീകരിക്കാനും നിരന്തരം ശ്രമിച്ചു വരികയാണ് ആർ എസ് എസും ബി ജെ പിയും. സവർക്കറെക്കുറിച്ചു മുൻ മാധ്യമ പ്രവർത്തകൻ ഉദയ്മഹുർക്കർ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെ, സവർക്കറെ മഹത്വവത്കരിച്ചുള്ള പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. “ഇന്ത്യൻ ചരിത്രത്തിലെ മഹാനായ നായകനും വലിയ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു സവർക്കർ. ഫാസിസ്റ്റോ നാസിസ്റ്റോ ആയിരുന്നില്ല, യാഥാർഥ്യബോധമുള്ളയാളും തികഞ്ഞ ദേശീയ വാദിയുമായിരുന്നു അദ്ദേഹം. ജയിൽമോചനത്തിനായി സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിർദേശ പ്രകാരമായിരുന്നു.അദ്ദേഹത്തെ അവഗണിക്കുന്നതും അധിക്ഷേപിക്കുന്നതും പൊറുക്കാനാകില്ല’ രാജ്‌നാഥ് സിംഗ് പറഞ്ഞു.
ചരിത്രയാഥാർഥ്യങ്ങളോട് അശേഷവും പൊരുത്തപ്പെടുന്നതല്ല രാജ്‌നാഥ് സിംഗിന്റെ ഈ അവകാശവാദങ്ങൾ. സവർക്കറുടെ ജയിൽവാസക്കാലവും മാപ്പപേക്ഷകൾ നൽകിയിരുന്ന വർഷങ്ങളും അക്കാലത്ത് ഗാന്ധിജി എവിടെയായിരുന്നുവെന്നും പരിശോധിച്ചാൽ തന്നെ സംഘ്പരിവാർ വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാകും. മഹാത്മാ ഗാന്ധി ആഫ്രിക്കയിൽ നിന്നു ഇന്ത്യയിലെത്തി സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നു വരുന്നതിന് വർഷങ്ങൾക്ക് മുമ്പാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്നു ചരിത്രകാരന്മാർ തെളിവു സഹിതം രേഖപ്പെടുത്തിയതാണ്. ഗാന്ധിജി ഇന്ത്യയിലെത്തിയത് 1915നാണ്. ദേശീയ സമരത്തിന്റെ നേതൃത്വത്തിലേക്ക് അദ്ദേഹമെത്താൻ പിന്നെയും മൂന്ന് വർഷം കൂടിയെടുത്തു.അപ്പോഴേക്കും സവർക്കറുടെ എല്ലാ മാപ്പപേക്ഷകളും സമർപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇക്കാലത്ത് ഗാന്ധിജിക്ക് സവർക്കറുമായി ബന്ധം സ്ഥാപിക്കുന്ന ഒരു രേഖയുമില്ല. ബ്രിട്ടീഷുകാർ പലപ്പോഴായി 11 തവണ ഗാന്ധിജിയെ ജയിലിലാക്കിയിട്ടുണ്ട്. എന്നാൽ തന്നെ ജയിൽമോചിതനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഒരിക്കൽ പോലും മാപ്പെഴുതിയിട്ടില്ല. എന്നിട്ടാണോ സവർക്കറോട് മാപ്പെഴുതാൻ ഉപദേശിക്കുന്നത്? മാത്രമല്ല, മഹാത്മാ ഗാന്ധിയെ കൊല ചെയ്യുന്നതിനു ഗൂഢാലോചന നടത്തിയതും സൗകര്യങ്ങൾ ഒരുക്കിയതും സവർക്കാറാണെന്നും ചരിത്രം രേഖപ്പെടുത്തുന്നു.
സ്വാതന്ത്ര്യ സമരത്തോട് പുറംതിരിഞ്ഞു നിന്നും ബ്രിട്ടീഷുകാർക്ക് വിധേയപ്പെട്ടും ജീവിച്ച ഒരു ദേശദ്രോഹിയായാണ് വസ്തുനിഷ്ഠമായി വിലയിരുത്തിയവരെല്ലാം സവർക്കറെക്കുറിച്ചു രേഖപ്പെടുത്തിയത്. 1942ലെ “ക്വിറ്റ് ഇന്ത്യ’ സമരത്തിൽ പങ്കെടുക്കാതെ, സവർക്കറുടെ നേതൃത്വത്തിൽ ഹിന്ദു മഹാസഭ ബ്രിട്ടീഷ് ഗവണ്മെന്റിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുമായി പ്രായോഗിക രാഷ്ട്രീയസഹകരണമാണ് കോൺഗ്രസ്സ് സമരമുറകളേക്കാൾ അഭികാമ്യവും പ്രയോജനപ്രദവുമെന്നായിരുന്നു സവർക്കറുടെ ന്യായീകരണം. ക്വിറ്റ് ഇന്ത്യ സമരം ഉടലെടുത്ത ഘട്ടത്തിൽ ഗാന്ധിജി സവർക്കറെ സന്ദർശിച്ചു ഹിന്ദുമാഹസഭയുടെ പിന്തുണ അഭ്യർഥിച്ചിരുന്നു. ആ കൂടിക്കാഴ്ചയെ പറ്റി ഗാന്ധി പിന്നീട് ഇങ്ങനെ എഴുതി: “സവർക്കറോടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും പിന്തുണ അഭ്യർഥിക്കാൻ ഞാൻ ശ്രമിച്ചു. ഞാൻ സവർക്കറുടെ ഭവനത്തിൽ പോയി. അദ്ദേഹത്തിന്റെ പിന്തുണ നേടാൻ കഴിയുമെന്ന് പ്രത്യാശിച്ചിരുന്നു. പക്ഷേ ഞാൻ പരാജയപ്പെട്ടു.’ (Collected Works of Mahathma Gandhi. Vol.70).
ബ്രിട്ടീഷ് കൊളോണിയലിസത്തെ ശക്തമായി പിന്തുണച്ചിരുന്ന സവർക്കർ ബ്രിട്ടീഷ് രാജിനെതിരെ ഇനിയൊരിക്കലും എതിർപ്പുയർത്തില്ലെന്ന് ഉറപ്പു നൽകിയാണ് 1921ൽ ആന്തമാൻ ജയിലിൽ നിന്നും മോചിതനായത്. ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള തികഞ്ഞ വിധേയത്വം പ്രകടിപ്പിച്ചും സ്വാതന്ത്ര്യസമരത്തെയും അതിൽ പങ്കെടുത്തവരെയും ചെറുതാക്കിക്കാണിച്ചും സ്വന്തം തടി രക്ഷിക്കുവാനുള്ള ശ്രമമാണ് അയാൾ എഴുതിയ മാപ്പപേക്ഷകളിലെ ഓരോ വാചകത്തിലും പ്രതിഫലിക്കുന്നത്. അയാളുടെ കത്തിലെ ചില വാചകങ്ങൾ ; കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട് അത്യധികം വെറുക്കുന്നു. ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് സർക്കാർ അവരുടെ അപാരമായ ഔദാര്യത്താലും, ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ, നവോത്ഥാനത്തിന്റെ പരമോന്നതരൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റെ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണ വിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും. ബ്രിട്ടീഷ് സർക്കാറിന്റെ പൈതൃകവാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് മുടിയനായ പുത്രനു മടങ്ങി വരാനാവുക. ബ്രിട്ടീഷ് സർക്കാറിനു മാത്രമേ അത്രയും കാരുണ്യം കാണിക്കാനാകൂ” കത്തിലെഴുതിയ വാഗ്ദാനം അപ്പടി പാലിച്ചു പൂർണ ബ്രിട്ടീഷ് വിധേയനായാണ് പിന്നീടുള്ള കാലം അയാൾ ജീവിച്ചത്.
രത്‌നഗിരി വിട്ട് പുറത്തു പോകരുതെന്ന നിബന്ധനയോടെയായിരുന്നു ബ്രിട്ടീഷ് സർക്കാർ സവർക്കറെ ജയിൽമോചിതനാക്കിയത്. രത്‌നഗിരിയിൽ കഴിയുന്ന കാലയളവിൽ തൊഴിലില്ലായ്മാ പെൻഷൻ എന്ന പേരിൽ ബ്രിട്ടീഷ് സർക്കാറിൽ നിന്നും സവർക്കർ അറുപത് രൂപ മാസാമാസം വാങ്ങിയിരുന്നു. അത് നൂറ് രൂപയായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് അയാൾ ബ്രിട്ടീഷുകാർക്ക് കത്തെഴുതിയതായും ചരിത്രകർത്താക്കൾ രേഖപ്പെടുത്തുന്നു.
ഇത്തരമൊരു വ്യക്തിയെയാണ് സംഘ്പരിവാർ ദേശസ്‌നേഹിയും മഹാനുമായി വാഴ്ത്തുന്നത്! സ്വാതന്ത്ര്യസമരത്തെ പിന്നിൽ നിന്നു കുത്തുകയും മഹാത്മാഗാന്ധിയെ വെടിവെച്ചു കൊല്ലുകയും ചെയ്ത സംഘ്പരിവാറിന്റെ ആദ്യകാല ചരിത്രം, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആർ എസ് എസിനെയും ബി ജെ പിയെയും വല്ലാതെ വേട്ടയാടുന്നുണ്ട്. ഇതിൽ നിന്നൊന്ന് രക്ഷപ്പെടണമെങ്കിൽ സവർക്കറെയും ഗോഡ്‌സെയെയുമൊക്കെ വെളുപ്പിച്ചെടുക്കണം അവർക്ക്. എന്നാൽ ചരിത്രം എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘ്പരിവാറിന് മേൽവീണ കറുത്ത പാടുകൾ മായ്ക്കാനാകില്ല തന്നെ.
source https://www.sirajlive.com/savarkar-vellapooshan-rajnath-singh.html
Post a Comment