പതിവുകള്‍ തെറ്റിയാണ് ഇപ്പോള്‍ പലതും സംഭവിക്കുന്നത്. കാലാവസ്ഥയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ശൈത്യമേഖലയില്‍ പതിവു തെറ്റി മഞ്ഞുരുക്കം അനുഭവപ്പെടുന്നു. മുമ്പ് ഏപ്രില്‍, മെയ് മാസങ്ങളിലാണ് സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെട്ടിരുന്നതെങ്കില്‍ ഏതാനും വര്‍ഷങ്ങളായി ഫെബ്രുവരി അവസാനിക്കുന്നതിന് മുമ്പേ കേരളം ചുട്ടുപൊള്ളുകയായി. തുള്ളിക്കൊരു കുടമെന്ന മട്ടില്‍ കര്‍ക്കിടകത്തില്‍ തിമിര്‍ത്തു പെയ്യാറുള്ള മഴ അക്കാലത്ത് നിന്ന് അല്‍പ്പം മാറിനിന്ന് കന്നിയിലോ തുലാം മാസത്തിലോ തിമിര്‍ത്തു പെയ്യുന്നു. പ്രവചനങ്ങള്‍ തെറ്റുമ്പോള്‍ കാലാവസ്ഥാ നിരീക്ഷകര്‍, ചുഴലികളും ന്യൂനമര്‍ദങ്ങളും അനുബന്ധമായുണ്ടാകുന്ന ചക്രവാതവും സൃഷ്ടിക്കുന്ന അസാധാരണ സ്ഥിതിവിശേഷണമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു. പതിവു തെറ്റി വന്ന പേമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണിപ്പോള്‍ തെക്കന്‍ കേരളം.
സാധാരണഗതിയില്‍ കാലവര്‍ഷം (തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍) പിന്‍വാങ്ങി തുലാവര്‍ഷം (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) തുടങ്ങേണ്ട സമയമാണിത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കാലവര്‍ഷം പിന്‍വാങ്ങിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ പക്ഷേ ഇപ്പോഴും കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കാലവര്‍ഷം തിമിര്‍ത്താടുകയാണ്. സംസ്ഥാനത്ത് 12ാം തീയതി മഴ നിലച്ചതാണ്. അടുത്ത മൂന്ന് ദിവസം കാര്യമായ മഴ ഉണ്ടായില്ല. അതില്‍ ആശ്വാസം കൊള്ളുമ്പോഴാണ് 16ാം തീയതി കനത്ത മഴ പെയ്യാന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായ ഈ പേമാരി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പല ഭാഗങ്ങളിലും 2018ലെ പ്രളയ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു. നദികള്‍ കരകവിഞ്ഞൊഴുകി. നൂറുകണക്കിന് വീടുകളില്‍ വെള്ളംകയറി.
ദേശീയ പാതകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി ജില്ലയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപത്തഞ്ചോളം പേരെ കാണാതായി. ഇവരില്‍ പലരുടെയും മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. കോട്ടയം കിഴക്കന്‍ മേഖലയില്‍ ഇത്രയും കനത്ത വെള്ളപ്പൊക്കം ഇതാദ്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വെള്ളപ്പൊക്കത്തിന്റെ രൂക്ഷതമൂലം രക്ഷാപ്രവര്‍ത്തനത്തിന് പോലീസിനും ഫയര്‍ ഫോഴ്‌സിനും എത്തിപ്പെടാനാകാത്തതിനാല്‍ വ്യോമ സേനയാണ് പല പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 2018ലെയും 19ലെയും പ്രളയങ്ങളില്‍ സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളി സംഘവും രംഗത്തെത്തിയിട്ടുണ്ട്. കൊല്ലത്തു നിന്ന് ഏഴ് വള്ളങ്ങളിലായി അമ്പതോളം മത്സ്യത്തൊഴിലാളികളാണ് ഇന്നലെ പുലര്‍ച്ചെ പ്രളയ മേഖലയിലെത്തിയത്.
“ലഘു മേഘവിസ്ഫോടന’മെന്ന പ്രതിഭാസമാണ് മധ്യകേരളത്തില്‍ വന്‍ നാശം വിതച്ച പെരുമഴക്കും ഉരുള്‍പൊട്ടലിനും കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുറഞ്ഞ സമയത്തിനുള്ളില്‍, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്ത മഴയാണിത.് മഹാ പ്രളയക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണമായത് ഈ പ്രതിഭാസമായിരുന്നു. പെരുമഴ പെയ്ത് പെട്ടെന്ന് വെള്ളം ഉയര്‍ന്നു വരികയായിരുന്നു അന്ന്. ഉരുള്‍പൊട്ടല്‍ കൂടിയായപ്പോള്‍ പ്രളയത്തിന്റെ തീഷ്ണത വര്‍ധിച്ചു. 2018ലെയും 19ലെയും കനത്ത മഴകള്‍ നിരീക്ഷിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, യു എസിലെ മയാമി യൂനിവേഴ്‌സിറ്റി, ഇന്ത്യന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ പഠനമാണ് അന്ന് ഈ നിഗമനത്തിലെത്തിയത്. അന്നത്തെ മഴയുടെ ആവര്‍ത്തനമാണിപ്പോള്‍ കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രകടമായത്. രണ്ട് മണിക്കൂറിനുള്ളില്‍ പത്ത് സെന്റീമീറ്ററിനടുത്തുവരെ മഴ പെയ്തു പല പ്രദേശങ്ങളിലും. അതേസമയം മേഘവിസ്ഫോടനമല്ല കേരളത്തിലെ കനത്ത മഴക്ക് കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുഞ്ജയ മഹാപത്രയുടെ പക്ഷം. പ്രാദേശിക മേഘസ്‌ഫോടനങ്ങള്‍ പ്രവചിക്കാനും അളക്കാനും നിലവില്‍ സംവിധാനങ്ങളില്ലാത്തതാണ് അഭിപ്രായ വൈജാത്യത്തിന് കാരണം.
തീവ്ര മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ അതിവേഗം തുടങ്ങാന്‍ സജ്ജീകരണം ഒരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കൊവിഡില്‍ നിന്ന് സംസ്ഥാനം ഇനിയും മുക്തമായിട്ടില്ലാത്തതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനത്തില്‍ അതീവ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ക്യാമ്പുകള്‍ ആരംഭിക്കേണ്ടതെന്നതിനാല്‍ ഒരു ക്യാമ്പില്‍ താമസിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തിന് പരിമിതകളുണ്ട്. ക്യാമ്പുകളില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പുവരുത്തേണ്ടതുമുണ്ട്. ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ പതിവില്‍ കവിഞ്ഞ സംവിധാനങ്ങളും സജ്ജീകരിക്കേണ്ടി വരും. ആവശ്യത്തിന് ശുദ്ധജലവും ലഭ്യമാക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം ഉണ്ടായിരിക്കണം ക്യാമ്പുകളില്‍. വാക്സീന്‍ എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രതയും കാണിക്കേണ്ടതുണ്ട്.
ഇന്നലെ മഴയുടെ ശക്തി ചില ഭാഗങ്ങളില്‍ കുറഞ്ഞത് ആശ്വാസത്തിനിടയാക്കിയിട്ടുണ്ട്. കേരള തീരത്തെ ന്യൂനമര്‍ദത്തിന്റെ ശക്തിയും കുറഞ്ഞു വരികയാണെന്നാണ് നിരീക്ഷണം. മാത്രമല്ല, 2018, 2019 വര്‍ഷങ്ങളിലെ പോലെ മഴ സംസ്ഥാന വ്യാപകമായി തീവ്രമാകാത്തതിനാല്‍ വ്യാപക പ്രളയത്തിന് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും വിലയിരുത്തുകയും ചെയ്യുന്നു. എങ്കിലും സ്ഥിതിഗതികള്‍ എപ്പോഴും മാറിമറിയാം. കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനങ്ങള്‍ക്കപ്പുറം അപ്രതീക്ഷിതമായി മഴ തീവ്രത പ്രാപിച്ചേക്കാം. കഴിഞ്ഞയാഴ്ച ആദ്യ ദിവസങ്ങളില്‍ അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങള്‍ ആശങ്ക ഉയര്‍ത്തിയെങ്കിലും പിന്നീട് അതിന് അയവു വന്നിട്ടുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ അവിചാരിതമായി ശാന്തസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി രൂപപ്പെട്ട ചുഴലികളും ന്യൂനമര്‍ദങ്ങളും സ്ഥിതിഗതികള്‍ ആകെ മാറ്റി. അതുകൊണ്ട് മുഖ്യമന്ത്രി ഉണര്‍ത്തിയത് പോലെ എല്ലാ ഭാഗങ്ങളിലും കനത്ത ജാഗ്രതയും അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുകളും ഇനിയും ആവശ്യമാണ്.
source https://www.sirajlive.com/monsoon-do-not-lose-vigilance.html
إرسال تعليق