കൂട്ടിക്കലിലും കൊക്കയാറിലും അല്‍പ സമയത്തിനകം രക്ഷാപ്രവര്‍ത്തനം തുടരും; വിവിധ ജില്ലകളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം |  ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും അല്‍പ സമയത്തിനകം തന്നെ രക്ഷാപ്രവര്‍ത്തനം തുടരും. രണ്ടിടങ്ങളിലായി 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലില്‍ ഇന്നലെ മൂന്ന് പേരാണ് മരിച്ചത്.കൂട്ടിക്കലിലെ കാവാലിയില്‍ 7 പേരെയാണ് കണ്ടെത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കല്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കൊക്കയാറില്‍ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചില്‍ തുടങ്ങുമെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു. കൊക്കയാറില്‍ ഏഴു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു . കൂട്ടിക്കലിലും കൊക്കയാറിലും ഇപ്പോഴും മഴ തുടരുകയാണ്. ഇനിയും ഉരുള്‍പൊട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 



source https://www.sirajlive.com/rescue-operations-will-continue-in-kootikal-and-kokkayar-soon-chance-of-heavy-rain-and-wind-in-different-districts.html

Post a Comment

Previous Post Next Post