സര്‍വകലാശാല നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം | സര്‍വകലാശാലാ വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം നിയന്ത്രിക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി.

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയാണ് സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭ പരിഗണിക്കുന്നത്.ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിയമ ഭേദഗതി സഭയില്‍ അവതരിപ്പിക്കും. വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സെര്‍ച്ച് കമ്മിറ്റിക്ക് പകരം സര്‍ക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവില്‍ ഗവര്‍ണറുടെയും യുജിസിയുടേയും സര്‍വകലാശാലയുടേയും നോമിനികള്‍ മാത്രമാണ് സമിതിയിലുള്ളത്. പുതുതായി വരുന്ന രണ്ട് അംഗങ്ങളില്‍ ഒരാള്‍ സര്‍ക്കാര്‍ നോമിനിയായിരിക്കും. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനാകും സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍. ഇതോടെ, സമിതിയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാറിന്, ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്ന് ഇഷ്ടമുള്ളയാളെ വി സിയാക്കാം. വി സിമാരുടെ പ്രായപരിധി 60 ല്‍ നിന്ന് 65 ആക്കി ഉയര്‍ത്തുന്നതാണ് മറ്റൊരു ഭേദഗതി.

വിവാദമായ കണ്ണൂര്‍ വിസിയുടെ നിയമനം ക്രമപ്പെടുത്തുന്നതിനാണ് ഈ മാറ്റം.അതേ സമയം പക്ഷെ, തന്റെ അധികാരം കവരുന്ന ബില്ലില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.



source https://www.sirajlive.com/university-act-amendment-bill-in-assembly-today.html

Post a Comment

Previous Post Next Post