സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ആരോഗ്യത്തിന് ഹാനികരം

ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണ്. മാധ്യമങ്ങള്‍ നിലനില്‍ക്കുന്നത് ജനാധിപത്യ സംവിധാനത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചാണല്ലോ. എന്നാല്‍ അത്ര തന്നെ പ്രധാനമാണ് ജനാധിപത്യത്തെ കുറ്റമറ്റതാക്കുന്നതിന് ദിനേന മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന ദൗത്യം. നിയമവാഴ്ച, ജനാഭിലാഷം കൃത്യമായി പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പ്, ഭരണഘടന, ഭരണകൂടത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിയന്ത്രണവും സന്തുലനവും, തിരുത്തല്‍ ശേഷി തുടങ്ങി ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കണമെങ്കില്‍ അനിവാര്യമായ ഘടങ്ങള്‍ നിരവധി ചൂണ്ടിക്കാണിക്കാനാകും. ഇവക്കെല്ലാം മുകളില്‍ പ്രാധാന്യമുള്ളതാണ് നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമങ്ങള്‍ നിലനില്‍ക്കുകയെന്നത്. മാധ്യമങ്ങള്‍ സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള പാലമായി വര്‍ത്തിക്കുന്നു. ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നു. ഭരണ സംവിധാനത്തിന്റെ നയങ്ങളിലുള്ള വിയോജിപ്പ് അവതരിപ്പിക്കുന്നു. എക്കാലവും ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്കാണ് മാധ്യമങ്ങള്‍ വഹിക്കേണ്ടത്. അതിനുള്ള സാഹചര്യം രാജ്യത്ത് നിലനില്‍ക്കുകയെന്നത് ജീവനുള്ള ജനാധിപത്യത്തിന് അനിവാര്യമാണ്. കോര്‍പറേറ്റ്വത്കരണത്തിന്റെ പാതയിലേക്ക് ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞുവെങ്കിലും ഇനിയും അസ്തമിക്കാത്ത ആര്‍ജവവുമായി നിലകൊള്ളുന്ന മാധ്യമ സമൂഹം ഇവിടെയുണ്ട്. അവയുണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍ എന്ന വിശേഷണത്തെ അര്‍ഥവത്താക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഗുരുതര ഭീഷണി നേരിടുന്നുവെന്ന റിപോര്‍ട്ട് ഏറെ പ്രസക്തവും ആശങ്കാ ജനകവുമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

റിപോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 11 ചുവട് പിന്നോട്ട് വെച്ചിരിക്കുകയാണ്. 2022ല്‍ 150ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 11 റാങ്ക് പിന്നിലേക്ക് നീങ്ങി 161ാമത് എത്തി. 2021ല്‍ അത് 142 ആയിരുന്നു. ലോകത്തിന് മുമ്പില്‍ ഇന്ത്യക്ക് മാനക്കേടാണ് ഈ സ്ഥിതിവിശേഷം. അതേസമയം, കഴിഞ്ഞ വര്‍ഷം 157ാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്‍ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തി 150ലേക്ക് ഉയര്‍ന്നു. 152ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. 135ാം സ്ഥാനത്ത് ശ്രീലങ്കയും 90ല്‍ ഭൂട്ടാനുമുണ്ട്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ നോര്‍വേ, അയര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ ആദ്യ മൂന്ന് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, വിയറ്റ്നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് അവസാന മൂന്ന് സ്ഥാനങ്ങളിലുള്ളത്. റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എല്ലാ വര്‍ഷവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആഗോള റാങ്ക് പുറത്തിറക്കുന്നുണ്ട്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ എന്‍ ജി ഒക്ക് ഐക്യരാഷ്ട്ര സഭയുമായി കൂടിയാലോചനാ പദവിയുമുണ്ട്. ലോകത്തെ 180 രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ക്കുള്ള സ്ഥാനവും സ്വാതന്ത്ര്യവും താരതമ്യം ചെയ്യുകയാണ് സൂചികയുടെ ലക്ഷ്യം. രാഷ്ട്രീയവും സാമ്പത്തികവും നിയമപരവും സാമൂഹികവുമായ ഇടപെടലുകളില്ലാതെയും ഭീഷണികളില്ലാതെയും പൊതു ജനങ്ങളുടെ താത്പര്യം മുന്‍ നിര്‍ത്തി വാര്‍ത്തകള്‍ തിരഞ്ഞെടുക്കാനും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കാനും സംപ്രേഷണം ചെയ്യാനുമുള്ള സാഹചര്യത്തെയാണ് മാധ്യമ സ്വാതന്ത്ര്യമായി റിപോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് നിര്‍വചിക്കുന്നത്.

ഈ സൂചിക കുറ്റമറ്റതാണെന്നോ ഇതിന്റെ റാങ്കിംഗ് തികച്ചും വസ്തുനിഷ്ഠമാണെന്നോ പറയാനാകില്ല. എന്നാല്‍ ഈ പട്ടിക കൃത്യമായ പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയുടെ സ്ഥാനം പിന്നോട്ട് പോയെന്നത് മാത്രം പരിഗണിച്ചാല്‍ ഇത് വ്യക്തമാകുമല്ലോ. സര്‍വ ഭരണഘടനാ സ്ഥാപനങ്ങളെയും വരുതിയിലാക്കി അധികാര കേന്ദ്രീകരണത്തിന്റെ മാരകമായ പ്രവണതകളിലൂടെ രാജ്യം കടന്നു പോകുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാനാകാത്ത വസ്തുതയാണ്. ഫാസിസ്റ്റ് കാലൊച്ചകള്‍ കൂടുതല്‍ വ്യക്തമായി കേള്‍ക്കുന്നുണ്ട്. വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ ആര് ശ്രമിച്ചാലും അവരെ ഭരണകൂടം വളയുന്നുണ്ട്. കലാകാരന്‍മാര്‍, എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍, ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ പാര്‍ലിമെന്റംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എല്ലാവരെയും ഭയപ്പെടുത്തുകയാണ്. തങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംസാരിക്കുന്നവര്‍ക്ക് പൂവിരിച്ച മെത്ത. ഇഷ്ടമില്ലാത്തവര്‍ക്ക് മുള്‍കിരീടം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇതിനായി ഉപയോഗിക്കുന്നു. രാജ്യദ്രോഹം പോലുള്ള വകുപ്പുകള്‍ ചുമത്തുന്നു. അര്‍ഹമായി ലഭിക്കേണ്ട അംഗീകാരങ്ങള്‍ തടയുന്നു. കശ്മീര്‍ ഫയല്‍സിനും കേരളാ സ്റ്റോറിക്കും സ്പോണ്‍സര്‍ഷിപ്പ്. ബി ബി സി ഡോക്യുമെന്ററിക്കും കുനാല്‍ കമ്രയുടെ അവതരണത്തിനും വിലക്ക്. എതിര്‍ സ്വരങ്ങള്‍ പുറപ്പെടുവിക്കാന്‍ ശ്രമിക്കുന്നവര്‍ പേടിച്ച് പിന്‍വാങ്ങണമെന്ന സന്ദേശം നല്‍കല്‍ തന്നെയാണ് ലക്ഷ്യം. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് രാഷ്ട്രീയ അധികാരം കൈവന്നതോടെ സംജാതമായ ഭയത്തിന്റെ അന്തരീക്ഷം ഏറ്റവും ഭീകരമായി ബാധിച്ചിട്ടുള്ളത് ഇന്ത്യന്‍ മാധ്യമങ്ങളെയാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ആരോഗ്യത്തിന് ഹാനികരം എന്ന് പറയേണ്ട സ്ഥിതിയാണുള്ളത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ നിരന്തരം അരങ്ങേറുന്നു. പോലീസ് ലക്ഷ്യമിടുന്നത് മാധ്യമ പ്രവര്‍ത്തകരെയാണ്. രാഷ്ട്രീയക്കാരുടെ ക്രിമിനല്‍ സംഘങ്ങള്‍ക്കും അവര്‍ ശത്രുക്കളാണ്. ഭരണകൂടം പ്രതികാരദാഹികളായ എത്രയെത്ര ഉദാഹരണങ്ങള്‍ മുമ്പിലുണ്ട്. സത്യം പറയുന്ന മാധ്യമങ്ങളെ അപ്രസക്തമാക്കുന്ന വിധത്തില്‍, രാഷ്ട്രീയ പക്ഷപാതമുള്ള മാധ്യമ സ്ഥാപനങ്ങള്‍ രംഗം കീഴടക്കുന്നു. മാധ്യമ സ്ഥാപനങ്ങള്‍ വന്‍കിട വ്യവസായികളുടെ ഉടമസ്ഥതയിലേക്ക് നീങ്ങുകയെന്ന, സ്വാതന്ത്ര്യാനന്തരം തുടങ്ങിയ പ്രവണതക്ക് വല്ലാത്ത വേഗം കൈവന്നിരിക്കുന്നു. നിലവിലെ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച പല മാധ്യമങ്ങളും ഈ മൂലധന ശക്തികള്‍ക്ക് കീഴ്പ്പെട്ടു കഴിഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ അങ്ങേയറ്റത്തെ വിശ്വാസ്യതയോടെ പ്രവര്‍ത്തിക്കുകയും കൂച്ചു വിലങ്ങിടാനുള്ള ഭരണകൂടത്തിന്റെ പദ്ധതികളെ ജനങ്ങളെ കൂടെക്കൂട്ടി പ്രതിരോധിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

 



source https://www.sirajlive.com/free-press-activities-are-harmful-to-health.html

Post a Comment

Previous Post Next Post