കണ്ണൂര്‍ | തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ നേതൃത്വത്തിനെതിരെ വ്യാപകമായി ബോര്‍ഡുകള്‍ ഉയര്‍ന്നതില്‍ അതൃപ്തിയുമായി നേതൃത്വം. സി പി എം ജില്ലാ കമ്മിറ്റി ഇതുസംബന്ധിച്ച് ഇന്നലെ മുന്നറിയിപ്പ് നല്‍കി. തന്റെ ചിത്രം വെച്ച് ബോര്‍ഡ് വെച്ചതില്‍ പ്രതികരണവുമായി സി പി എം നേതാവ് പി ജയരാജനും രംഗത്തെത്തി. അതിനിടെ പി ജയരാജനെ നേതൃസ്ഥാനത്തെത്തിക്കണമെന്ന ആവശ്യവുമായി കണ്ണൂരില്‍ വീണ്ടും ബോര്‍ഡ് സ്ഥാപിച്ചു.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ പാര്‍ട്ടി ശത്രുക്കളാണ് ഈ പ്രചാരണം നടത്തുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. പാര്‍ട്ടി അനുഭാവികള്‍ എന്ന വ്യാജേന രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പ്രചാരണത്തിന് അറിഞ്ഞോ അറിയാതെയോ പാര്‍ട്ടിബന്ധുക്കളില്‍ ചിലരും വിധേയരായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ രണ്ട് തട്ടിലാക്കി ഫ്‌ലക്സ് ബോര്‍ഡുകളും മറ്റും വെക്കുന്നതും അവ മാധ്യമങ്ങള്‍ക്ക് പ്രചാരണവിഷയമാകുന്നതും അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പരാജയകാരണങ്ങള്‍ പരിശോധിക്കാനുള്ള നടപടികളിലേക്ക് പാര്‍ട്ടി നീങ്ങുകയാണ്. എതിരാളികള്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള എല്ലാ പ്രചാരണങ്ങളില്‍ നിന്നും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വിട്ടുനില്‍ക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
തന്റെ ചിത്രം വെച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും സാമൂഹികമാധ്യമങ്ങളില്‍ തന്നെ പ്രകീര്‍ത്തിച്ചും പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവാവഹമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി തിരുത്തല്‍ നടപടികളും വരും. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയെ കുറിച്ച് സി പി എം അനുശാസിക്കുന്നത് പിന്തുടരണമെന്നും കുറിപ്പില്‍ പി ജയരാജന്‍ പറയുന്നു.
അതിനിടെ നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരില്‍ വീണ്ടും ഫ്‌ലക്‌സുകള്‍ ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എം സ്വരാജും ജില്ലാ സെക്രട്ടറിയായി പി ജയരാജനും വരണമെന്നാണ് ഫ്‌ലക്‌സിലുള്ളത്. കുറുമാത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്. ‘ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്‌പ്പെടുത്തും’ എന്നും ഫ്‌ലക്‌സില്‍ എഴുതിയിട്ടുണ്ട്. സ്വരാജിന്റെയും ജയരാജന്റെയും ചിത്രത്തിനൊപ്പം ഇ എം എസിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
source https://www.sirajlive.com/boards-against-leadership-cpm-kannur-district-committee-is-unhappy.html
Post a Comment