എല്ലാവര്‍ക്കും നന്മയുടെയും ക്ഷേമത്തിന്റേതുമായ വര്‍ഷമായിരിക്കും 2020 എന്നാണ് ചില ജോത്സ്യന്മാര്‍ കഴിഞ്ഞ വര്‍ഷാവസാനത്തില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇത്രയും ദുരിതവും ഭീതിയും സൃഷ്ടിച്ച ഒരു വര്‍ഷം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. പ്രതീക്ഷയോടെ 2020നെ വരവേറ്റ ആഗോള ജനതക്ക് ഏറെ താമസിയാതെ കേള്‍ക്കേണ്ടി വന്നത് ചൈനയിലെ വുഹാനില്‍ പൊങ്ങിയ ഭീകരനായ വൈറസിന്റെ വാര്‍ത്തയാണ്. വളരെ പെട്ടെന്നാണ് ഈ മാരക വൈറസ് ലോകമാകെ വ്യാപിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസന രംഗത്ത് അതിശീഘ്രം മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തെ പെട്ടെന്നാണ് ഈ മഹാമാരി കൈപിടിയിലൊതുക്കിയത്. ലോകതലത്തില്‍ പതിനഞ്ച് ലക്ഷത്തിലധികം പേര്‍ കൊറോണ ബാധിച്ചു മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിലെ മരണസംഖ്യ 1.47 ലക്ഷം വരും. പ്രകൃതിക്കു മുമ്പില്‍ അഥവാ നമ്മുടെ ഭൗതിക സങ്കല്‍പ്പത്തിനപ്പുറമുള്ള ഒരു ശക്തിക്കു മുമ്പില്‍ മനുഷ്യന്‍ വളരെ നിസ്സാരനാണെന്ന പാഠമാണ് മഹാമാരികളും പ്രകൃതി ദുരന്തങ്ങളും ലോകത്തിനു നല്‍കുന്നത്.
തീവ്ര വലതുപക്ഷവാദിയും വംശവെറിയനുമായ ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ്ഹൗസില്‍ നിന്നുള്ള പടിയിറിക്കവും കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന ഫ്രാന്‍സിന്റെ ഇസ്‌ലാമോഫോബിയയും ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു എസ് നീക്കം ഐക്യരാഷ്ട്ര സഭ തള്ളിയതുമാണ് ആഗോള തലത്തില്‍ ഈ വര്‍ഷത്തില്‍ ശ്രദ്ധേയമായ മറ്റു ചില കാര്യങ്ങള്‍. നവംബര്‍ മൂന്നിന് നടന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും പരാജയം സമ്മതിക്കാന്‍ സന്നദ്ധമാകാതെ, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ച് കോടതികള്‍ കയറിയിറങ്ങിയ ശേഷമാണ് ഗത്യന്തരമില്ലാതെ ട്രംപ് പരാജയം സമ്മതിക്കാന്‍ തയ്യാറായത്. ഒറ്റത്തവണ മാത്രം അധികാരത്തിലിരുന്ന ചുരുക്കം ചില പ്രസിഡന്റുമാരില്‍ ഒരാളായി പുറത്തുപോകേണ്ടി വന്നു ട്രംപിന്. 2008ലും 2012ലും ഒബാമയുടെ കീഴില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച, ജനാധിപത്യ വാദിയായ ജോ ബൈഡന്റെ വിജയം അമേരിക്കക്കും ലോകത്തിനു തന്നെയും പുത്തന്‍ പ്രതീക്ഷകളും നല്‍കുന്നു.
ഇസ്‌ലാമോഫോബിയ ശക്തമായ ഫ്രാന്‍സില്‍ അതിന് തീവ്രത പകരുന്ന പ്രസ്താവനകളും നീക്കങ്ങളുമാണ് അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണില്‍ നിന്നുണ്ടായത്. ലോകത്തെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം ഇസ്‌ലാമാണെന്ന ഒക്‌ടോബര്‍ ആദ്യത്തിലെ മാക്രോണിന്റെ പ്രസ്താവനയും വിവാദ കാര്‍ട്ടൂണിനെ പിന്തുണക്കുന്ന അദ്ദേഹത്തിന്റെ നിലപാടും ഏറെ വിമര്‍ശവിധേയമായി. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് അറബ്, ഇസ്‌ലാമിക ലോകം ഇതിനോട് പ്രതികരിച്ചത്. 2015ലെ ആണവ കരാര്‍ നിലവില്‍ വന്നതോടെ എടുത്തുകളഞ്ഞ എല്ലാ ഉപരോധങ്ങളും ഇറാനുമേല്‍ വീണ്ടും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അമേരിക്ക അവതരിപ്പിച്ച പ്രമേയം യു എന്‍ രക്ഷാസമിതി തള്ളിയത് ആഗസ്റ്റ് അവസാനത്തിലാണ്. ഭൂരിപക്ഷം അംഗങ്ങളും പ്രമേയത്തെ എതിര്‍ത്തതോടെ യു എന്നില്‍ അമേരിക്ക നാണം കെടുകയായിരുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ രണ്ട് പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷിയായതായിരുന്നു 2020ലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റം ശ്രദ്ധേയ സംഭവങ്ങള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും അരങ്ങേറിയ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ കണ്ടുകൊണ്ടാണ് രാജ്യം 2020ലേക്ക് പ്രവേശിച്ചത്. ഈ വര്‍ഷം വിടപറയുമ്പോള്‍ ആഴ്ചകള്‍ക്കു മുമ്പ് ആരംഭിച്ച അതിശക്തമായ കര്‍ഷക സമരം തുടര്‍ന്നു കൊണ്ടിരിക്കുകയുമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തോടെ താത്കാലിക വിരാമമായെങ്കിലും ഉറങ്ങിക്കിടക്കുന്ന ജനാധിപത്യ, മതേതരത്വ ബോധത്തെ തട്ടിയുണര്‍ത്തുന്നതില്‍ അത് വഹിച്ച പങ്ക് അദ്വിതീയമാണ്. ഇന്ത്യന്‍ രാഷ്ട്രീയ പ്രബുദ്ധതയെ വിഭജന കാലത്തേക്ക് പിന്നോട്ടടിപ്പിച്ച്, സംഘ്പരിവാര്‍ രാഷ്ട്രീയത്തെ സാധൂകരിക്കുന്നതിന് ആര്‍ എസ് എസ് ആസൂത്രണം ചെയ്ത പദ്ധതിയാണ് പൗരത്വത്തില്‍ നിന്ന് മുസ്‌ലിംകളെ മാറ്റിനിര്‍ത്തുകയെന്നത്. ഇക്കാര്യത്തില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും വേണ്ടത്ര പ്രതികരിക്കാതെ മാറിനിന്നപ്പോള്‍, ജാമിഅ മില്ലിയ്യ പോലുള്ള ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥികളും സ്ത്രീ സമൂഹമടക്കം സാധാരണക്കാരും ശക്തമായി രംഗത്തു വന്നതായിരുന്നു ആ സമരമുഖങ്ങളില്‍ കണ്ടത്. ജനാധിപത്യത്തെ ഭരണകൂടം പുറംകാല്‍ കൊണ്ട് തട്ടിയകറ്റാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകുമെന്ന മുന്നറിയിപ്പാണ് പൗരത്വ സമരവും ഒരര്‍ഥത്തില്‍ കര്‍ഷക സമരവും വിളിച്ചോതുന്നത്.
ഭരണകൂടങ്ങള്‍ക്ക് വഴി തെറ്റുമ്പോള്‍ തിരുത്തേണ്ട കോടതികള്‍ ഭരണകൂടങ്ങള്‍ക്ക് സ്വാധീനപ്പെട്ട് നീതിയോട് പുറംതിരിഞ്ഞു നില്‍ക്കുന്നതിനും ഈ വര്‍ഷം സാക്ഷിയായി. ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് സംഘ്പരിവാര്‍ നേതാക്കളുടെ കാര്‍മികത്വത്തില്‍ കര്‍സേവകര്‍ പട്ടാപ്പകലില്‍ തകര്‍ക്കുന്നത് മീഡിയകളിലൂടെ ലോകമൊന്നാകെ കണ്ടിട്ടും അതിന് നേതൃത്വം നല്‍കിയവരെ നിരുപാധികം വിട്ടയച്ചുകൊണ്ടുള്ള, നീതിനിര്‍വഹണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന പരമോന്നത കോടതിയുടെ വിധിയുണ്ടായത് ഈ വര്‍ഷത്തിലാണ്. രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ടോളിവുഡ് നടന്‍ രജനീകാന്ത് പിന്‍മാറിയതാണ് രാഷ്ട്രീയ മേഖലയിലെ ഈ വര്‍ഷത്തെ പ്രധാന സംഭവം. ഇതര കക്ഷികളെ ചാക്കിട്ടു പിടിച്ചും തന്ത്രപരമായ സഖ്യങ്ങളിലൂടെയും ബി ജെ പി കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണരംഗത്ത് ആധിപത്യം സ്ഥാപിച്ചെടുത്തെങ്കിലും പാര്‍ട്ടിയുടെ തകര്‍ന്നു കൊണ്ടിരിക്കുന്ന വിശ്വാസ്യതക്ക് ആക്കം കൂട്ടുന്നതാണ് രജനിയുടെ പിന്‍മാറ്റം.
ഏതൊരു പുതുവര്‍ഷത്തെയും പുത്തന്‍ പ്രതീക്ഷയോടെയാണ് ജനം വരവേല്‍ക്കുന്നത്. ജനിതക മാറ്റം പ്രാപിച്ച കൊവിഡ് വൈറസ് ഉയര്‍ത്തുന്ന ഭീതിയിലാണ് ലോകം 2021ലേക്ക് പ്രവേശിക്കുന്നതെങ്കിലും ശുചിത്വത്തിന്റെ പ്രാധാന്യം, ആരോഗ്യ സംസ്‌കാരത്തിന്റെ ആവശ്യകത, കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കേണ്ടതിന്റെ അനിവാര്യത, സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം തുടങ്ങി ചില നല്ല പാഠങ്ങള്‍ കൊവിഡ് മനുഷ്യ സമൂഹത്തിന് നല്‍കിയിട്ടുണ്ട്. ആ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാകട്ടെ ഇനിയുള്ള നമ്മുടെ ജീവിതം.
source http://www.sirajlive.com/2020/12/31/462703.html
Post a Comment