നഷ്ടപ്പെട്ട ഒരു വര്‍ഷമായിട്ടായിരിക്കുമോ 2020നെ ഈ നൂറ്റാണ്ടിന്റെ മനുഷ്യ ചരിത്രത്തില്‍ സ്ഥാനപ്പെടുത്തേണ്ടി വരിക എന്ന് നാം വര്‍ഷാരംഭത്തില്‍ സംശയിച്ചു. കൊവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചപ്പോഴുണ്ടായ ലോക്ക്ഡൗണും ക്വാറന്റൈനും യാത്രാവിലക്കുകളും മരണങ്ങളും തൊഴില്‍ നഷ്ടങ്ങളും സാമ്പത്തികക്കുഴപ്പങ്ങളുമെല്ലാം ചേര്‍ന്നായിരുന്നു അത്തരമൊരു നഷ്ടബോധത്തിലേക്ക് നാം ചെന്നെത്തിയത്. ഇപ്പോഴും കാര്യങ്ങള്‍ മുഴുവനും ശരിയായിട്ടൊന്നുമില്ല. വിദ്യാലയങ്ങളടക്കം പല പൊതുസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. മതവിശ്വാസികളുടെ ജീവശ്വാസമായിരുന്ന നിത്യാരാധനകള്‍ പോലും ദേവാലയങ്ങളില്‍ നടത്താന്‍ കഴിയാതെ പോയി. എല്ലാം പഴയതു പോലാകാന്‍ മാസങ്ങളല്ല വര്‍ഷങ്ങള്‍ തന്നെയെടുത്തേക്കും. 15 ലക്ഷത്തോളം മനുഷ്യരാണ് ലോകമാകെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. അതില്‍ അറിയപ്പെടാത്തവരും അറിയപ്പെടുന്നവരുമായവര്‍ അനവധിയുണ്ടായിരുന്നു. കേരളത്തില്‍ മരണ നിരക്ക് ഏറ്റവും കുറച്ചു നിര്‍ത്താന്‍ (നാലായിരത്തില്‍ താഴെ) നമുക്ക് കഴിഞ്ഞു എന്നത് നിസ്സാര നേട്ടമല്ല. നിരാശകള്‍ക്കപ്പുറം പ്രതീക്ഷയുടെ നാമ്പുകള്‍ മനുഷ്യര്‍ക്കിടയിലുണ്ടെന്ന യാഥാര്‍ഥ്യം തന്നെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.
വൈറസ് സാമൂഹികതയെയോ സമൂഹത്തെയോ മാനവികത എന്ന സാമൂഹികതയുടെ ചരിത്രത്തെയോ നിര്‍മാര്‍ജനം ചെയ്യാനായി അവതരിച്ചതല്ല. അതായത്; വൈറസിനെ തുരത്തുകയോ വൈറസിന്റെ ആക്രമണത്തില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിച്ചെടുക്കുകയോ ചെയ്യണമെങ്കില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ യാന്ത്രികമായ പ്രയോഗാനുകരണങ്ങള്‍ കൊണ്ട് മാത്രം കഴിയില്ല എന്നും, മാനവികത എന്ന സാമൂഹികതയുടെ ചരിത്രത്തെ ചേര്‍ത്തു പിടിക്കേണ്ടതുണ്ടെന്നും തന്നെയാണ്. അത്തരമൊരു സാമൂഹിക ബോധത്തിന്റെ ചരിത്രത്തുടര്‍ച്ചയാണ് കേരളത്തെ ആദ്യഘട്ടത്തില്‍ രക്ഷിച്ചെടുത്തത്. കേരളത്തിലെ മഹത്തായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ നിലനില്‍പ്പ് തന്നെ സാമൂഹികതയിലധിഷ്ഠിതമാണ്. ഈ മഹാമാരിയെ ഇപ്പോഴെന്നതു പോലെ തുടര്‍ന്നും നാം പ്രതിരോധിച്ചുകൊണ്ടേ ഇരിക്കണം. എന്നാല്‍ അതുകൊണ്ട് മാത്രമായില്ല. കൊവിഡാനന്തര കാലത്തും നാം സാമൂഹികതയെ മുറുകെ പിടിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യത്തോടൊപ്പം പൊതു വിദ്യാഭ്യാസം, പൊതുവിതരണം എന്നീ അടിസ്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കേണ്ടത് ജനകീയവും ജനോപകാരപ്രദവുമായ ഭരണത്തിന് അനിവാര്യമാണെന്നും അത്തരം ഭരണം തന്നെയായിരിക്കും ജനങ്ങള്‍ കാംക്ഷിക്കുക എന്നും കേരളത്തില്‍ തെളിഞ്ഞു.
അതി മുതലാളിത്ത വികസിത രാജ്യങ്ങള്‍; പ്രകടമായ കാരണങ്ങളാല്‍ തന്നെ കൊവിഡിനെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടു. ആ കാരണങ്ങള്‍ ഇവിടെ വിശദീകരിച്ചു നിരത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ എല്ലാത്തിനും മേലെ ലാഭം എന്ന മനുഷ്യത്വവിരുദ്ധമായ പരികല്പന സാമ്പത്തിക സംസ്‌കാരത്തിന്റെ അന്തസ്സത്തയായി പ്രതിഷ്ഠിച്ചതു കൊണ്ടാണ് അവര്‍ക്കീ പരാജയമുണ്ടായതെന്ന് പ്രാഥമികമായി തന്നെ മനസ്സിലാക്കാം.
ഒഴിവാക്കല്‍ (എക്‌സെപ്ഷന്‍) എന്ന മനോഭാവവും പ്രക്രിയയും ഒരു ഭരണക്രമം തന്നെയായ കാലഘട്ടമാണ് ലോക്ക്ഡൗണിന്റേത്. അതായത്, കാര്യങ്ങളാകെ കീഴ്‌മേല്‍ മറിഞ്ഞു. മഹാമാരി പടരുകയും അപ്രഖ്യാപിത ആരോഗ്യ അടിയന്തരാവസ്ഥ നിലവില്‍ വരികയും ചെയ്തതോടെ, മുമ്പ് നാം ചെയ്തിരുന്ന മിക്കവാറും ശരികളെല്ലാം തെറ്റുകളായി മാറിയിരിക്കുന്നു. ഉദാഹരണത്തിന്; പരസ്പരം പരിചയക്കാരെ കാണുകയോ പുതിയ ഒരാളെ പരിചയപ്പെടുകയോ ചെയ്യുമ്പോള്‍ പരസ്പരം ഹസ്തദാനം ചെയ്യുക എന്നത് ഇന്നലെ വരെ, അംഗീകരിക്കപ്പെട്ടതും അഭിലഷണീയവുമായ പെരുമാറ്റ മര്യാദയായിരുന്നുവെങ്കില്‍, ഇന്ന് വൈറസ് പടരുമെന്നതിനാല്‍ വെറുക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായി മാറിയിരിക്കുന്നു. ആലിംഗനത്തിന്റെ കാര്യവും ഇതു പോലെ തന്നെ.
അതേസമയം, രോഗത്തിന്റെ വ്യാപനത്തെ പിടിച്ചുകെട്ടുകയും സമൂഹത്തെ സാമ്പത്തിക വിനാശത്തിലേക്ക് തള്ളിവിടാതിരിക്കുകയും ചെയ്യുക എന്നത് ഓരോ സര്‍ക്കാറിന്റെയും പ്രാഥമിക ഉത്തരവാദിത്വമാണ്. അതിന് വേണ്ടി പരിശ്രമിക്കുന്നവരും അല്ലാത്തവരുമായി ലോകത്തെ സര്‍ക്കാറുകള്‍ രണ്ടായി പിളര്‍ന്നിരിക്കുന്നതും നമുക്ക് ദര്‍ശനീയമായ കാര്യമാണ്. എന്നാല്‍, പൗരന്മാര്‍ക്കു മേല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഭരണകൂടങ്ങള്‍ ഇതൊരവസരമായി എടുക്കുന്ന സാഹചര്യവുമുണ്ടായി. മഹാമാരികളും പകര്‍ച്ച വ്യാധികളും; ചിന്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അടക്കം വേട്ടയാടുമെന്നതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്കും തത്കാലം വിലയുണ്ടാകണമെന്നില്ല.
ഗുരുതരമായേക്കാവുന്ന തൊഴില്‍ നഷ്ടങ്ങളും, അതോടൊപ്പം അതികഠിനമായ അസ്വാതന്ത്ര്യങ്ങളും ചേര്‍ന്ന് നമ്മെ ഒരു നഷ്ടപ്പെട്ട തലമുറ (ലോസ്റ്റ് ജനറേഷന്‍)യാക്കി മാറ്റി എന്നെന്നേക്കും ഉപേക്ഷിക്കപ്പെടാതിരിക്കേണ്ടതുണ്ട്. കുഷ്ഠരോഗം നിയന്ത്രിക്കുന്നതിന് ചില രാജ്യങ്ങളില്‍ നടപ്പാക്കപ്പെട്ട നിയമമനുസരിച്ച് കുഷ്ഠരോഗികളെ കുറ്റവാളികളെന്ന നിലയിലാണ് പരിഗണിച്ചിരുന്നത്. അവരെ സാനിറ്റോറിയങ്ങളില്‍ അടച്ചിടാന്‍ ഈ നിയമങ്ങള്‍ മൂലം സാധ്യമായി. വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന്, രോഗികളെന്നോ അല്ലാത്തവരെന്നോ വേര്‍തിരിക്കാതെ തന്നെ എല്ലാവരെയും നിയന്ത്രിക്കാനും അടച്ചിടാനും അവരുടെ സഞ്ചാര സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കാനും ഭരണകൂടങ്ങള്‍ക്ക് കുറച്ചുകാലം സാധ്യമായി. ആ ഘട്ടത്തില്‍ ഇത് അത്യാവശ്യമായിരുന്നെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, അതിനെ ആദര്‍ശവത്കരിക്കുകയും ശാശ്വതവത്കരിക്കുകയും ചെയ്യുന്നത്; സ്ഥിരവും സമ്പൂര്‍ണവുമായ സര്‍വൈലന്‍സ് സമൂഹങ്ങളായി എല്ലാ രാഷ്ട്രങ്ങളെയും മാറ്റിത്തീര്‍ത്തേക്കും. മാനവരാശിയുടെ മുന്നേറ്റത്തിലൂടെയാണ് ലോകം വിമോചിപ്പിക്കപ്പെടേണ്ടതെന്ന അടിസ്ഥാനപരമായ കാഴ്ചപ്പാട് പിന്തുടരുന്ന എല്ലാ ദര്‍ശനങ്ങളെയും നിരാകരിക്കുന്ന ഒരു നീക്കവുമാകുമത്. പ്രത്യേകമായ തടവറകളോ നിയമങ്ങളോ ആവശ്യമില്ലാത്ത വിധത്തില്‍; ലോകമാകെ ഒരു തുറന്ന (അടഞ്ഞ) തടവറയായി മാറുകയും അടച്ചിടലിന്റെയും ജീവിത നിഷേധത്തിന്റെയും നിബന്ധനകള്‍ സാമൂഹികക്രമമായി മാറുകയും ചെയ്യുന്ന അവസ്ഥ പോലും സംജാതമാകുമെന്ന് ചിലര്‍ ഭയന്നു.
ദരിദ്ര ജനതയെ ഭൂമുഖത്തു നിന്ന് സ്ഥിരമായി നിര്‍മാര്‍ജനം ചെയ്‌തേക്കാവുന്ന സ്ഥിതിയും ഇതുമൂലമുണ്ടാകും. വൈറസിനെ സമ്പൂര്‍ണമായി തുടച്ചുനീക്കുന്നതോടൊപ്പം, കോടിക്കണക്കിന് മനുഷ്യരുടെയും ജീവിതങ്ങളില്ലാതാകും. ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വൃദ്ധരും ഗുരുതര രോഗികളും ചികിത്സയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. സാമാന്യ/പൊതുജനാരോഗ്യ സംവിധാനത്തിന്റെ (യൂനിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍) അഭാവത്തില്‍ അമേരിക്കയിലും സമാനമായ സംഗതികളാണ് നടന്നത്. ഇന്ത്യയില്‍ തെരുവിലും ചേരിയിലും ജീവിക്കുന്ന പത്ത് കോടിയിലധികം അസംഘടിത തൊഴിലാളികള്‍, ജീവിതത്തിന്റെ വഴി മുട്ടി അനാഥത്വത്തിലേക്കും സ്ഥിരമായ വിനാശത്തിലേക്കും തള്ളിവിടപ്പെട്ടു. സംസ്ഥാനങ്ങള്‍ കടന്ന് കൂലി വേല ചെയ്യുന്ന കോടിക്കണക്കിന് തൊഴിലാളികള്‍ ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോഴേക്കും ആര്‍ക്കും വേണ്ടാത്തവരായി മാറി. ദരിദ്രരുടെയും ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും നേര്‍ക്കുള്ള അവജ്ഞയും അസഹിഷ്ണുതയും അവരെ സമ്പൂര്‍ണ വിനാശത്തിലെത്തിച്ചേക്കാം എന്ന യാഥാര്‍ഥ്യവും നാം അഭിമുഖീകരിച്ചു.
സമ്പൂര്‍ണ നിരീക്ഷണ (സര്‍വൈലന്‍സ്)ത്തിലൂടെയും നിയന്ത്രണത്തിലൂടെയും ഉറപ്പിക്കപ്പെടുകയും അടച്ചിടപ്പെടുകയും ചെയ്യുന്ന ഒരു ജനാധിപത്യാനന്തര സമൂഹം മാത്രമായിരിക്കില്ല, മഹാമാരിക്ക് ശേഷം ഒരുപക്ഷേ രൂപപ്പെടുക. ചൂഷണവും വിവേചനവും സര്‍വസാധാരണവും നടപ്പുരീതിയുമായി മാറിയേക്കും. വൃദ്ധര്‍, രോഗികള്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, ദരിദ്രര്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍, തൊഴില്‍ രഹിതര്‍ എന്നിവരൊക്കെയും വേണ്ടാത്തവരായി മാറുന്ന ഒരു ക്ലീന്‍ സ്ലേറ്റ് സമൂഹം കെട്ടിപ്പടുക്കാനായിരിക്കരുത് ഇന്നും തുടരുന്ന ഈ കഠിനത്തടവുകള്‍. കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ വെള്ളപ്പോലീസുകാരന്‍ നിഷ്ഠൂരമായി തല്ലിക്കൊന്നതിനെതിരെ കറുത്തവരുടെ ജീവനും വിലയുണ്ട് (ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍) എന്ന പ്രതിരോധ മുദ്രാവാക്യം ലോകമാകെ പടര്‍ന്നു പിടിച്ചത് ലോകത്തിന്റെ മറുപടിയായി നാം മനസ്സിലാക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ കോര്‍പറേറ്റുകള്‍ക്കനുകൂലമായ നിയമനിര്‍മാണങ്ങള്‍ കാര്‍ഷിക-തൊഴില്‍-ആരോഗ്യ മേഖലകളില്‍ ഇതിനിടയില്‍ പാസാക്കപ്പെട്ടു. കാര്‍ഷിക രംഗത്തുനിന്ന് ഇടത്തരം, ചെറുകിട, നാമമാത്ര കര്‍ഷകരെ മുഴുവനായി തുടച്ചു നീക്കുകയും അവര്‍ കോര്‍പറേറ്റുകളുടെ അടിമകളായി മാറുകയും ചെയ്യുന്ന സ്ഥിതിവിശേഷമായിരിക്കും ഈ നിയമങ്ങളിലൂടെ നടപ്പാകാന്‍ പോകുന്നത് എന്ന് തിരിച്ചറിഞ്ഞ കര്‍ഷകര്‍, കക്ഷി രാഷ്ട്രീയ ഭേദമന്യേ പതിനായിരക്കണക്കിനായി കൂട്ടം ചേര്‍ന്ന് ഡല്‍ഹിയെ വളഞ്ഞിരിക്കുകയാണെന്ന യാഥാര്‍ഥ്യത്തോടൊപ്പമാണ് വര്‍ഷമാറ്റം നടക്കാന്‍ പോകുന്നത്. തൊഴില്‍ മേഖലയിലെ നിയമ പരിഷ്‌കാരങ്ങളും ഗുരുതരമാണ്. ഒ ടി ടി പ്ലാറ്റ്‌ഫോമിലേക്കും സെന്‍സര്‍ഷിപ്പ് കൊണ്ടുവരാനുള്ള നീക്കങ്ങളെ സര്‍ഗാത്മക സമൂഹം ഭീതിയോടെയാണ് വീക്ഷിക്കുന്നത്.
കൊവിഡ് താത്കാലികമായെങ്കിലും തടയിട്ടത്, ഇന്ത്യയില്‍ വ്യാപകമായി ഉയര്‍ന്നു വന്ന പൗരത്വ നിഷേധത്തിനെതിരായ സമരത്തെയാണ്. ഡല്‍ഹിയിലെ ശഹീന്‍ബാഗിലും മറ്റും ആഴ്ചകള്‍ നീണ്ട സമരം കൊവിഡിന്റെ ആദ്യഘട്ടത്തിലെ നിയന്ത്രണങ്ങള്‍ മൂലമാണ് നിര്‍ത്തിവെക്കേണ്ടി വന്നത്. യു എസ് പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനത്തിനു തൊട്ടുപിറകിലായി ഡല്‍ഹിയില്‍ നടന്ന വംശീയ കലാപത്തില്‍ 53 നിസ്സഹായര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍, കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ പുലര്‍ച്ചെ മൂന്ന് മണിക്ക് ധൃതിപ്പെട്ട് പോലീസ് തന്നെ സംസ്‌കരിച്ചത് രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യമായിരുന്നു. നവംബര്‍ 28ന് ലൗ ജിഹാദിനെ തടയാനെന്ന മട്ടില്‍ മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ട് യു പിയില്‍ പുതിയ നിയമം പാസാക്കപ്പെട്ടതും ഗൗരവത്തോടെ കാണേണ്ട സംഭവവികാസമാണ്.
സമ്പൂര്‍ണ ഡിജിറ്റല്‍ സമൂഹമായി ലോകമാകെ മാറിക്കൊണ്ടിരിക്കുകയാണെന്നതാണ് കൊവിഡാനന്തര കാലത്തിന്റെ വലിയ ഒരു അനന്തരഫലം. വീടുകളിലിരുന്ന് ജോലി ചെയ്യുകയും പഠിക്കുകയും യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരായി കോടിക്കണക്കിനാളുകള്‍ മാറിക്കഴിഞ്ഞു. ഇതിന്റെ സാമ്പത്തിക-സാങ്കേതിക-സാമൂഹിക-മനശ്ശാസ്ത്ര ആഘാതങ്ങളും നേട്ടങ്ങളും വരും നാളുകളില്‍ കൂടുതല്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. അമേരിക്ക മുതല്‍ കേരളം വരെ ഈ വര്‍ഷം നടന്ന വിവിധ തരത്തിലുള്ള തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പൊതുവെ ആശ്വാസമുളവാക്കുന്നതായിരുന്നു. ജോബൈഡന്‍ തന്നെയാണ് 2020ന്റെ ലോകതാരം.
ജനിതകമാറ്റം സംഭവിച്ച കൊവിഡിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം, വാക്‌സിനേഷനെ സംബന്ധിച്ച പ്രതീക്ഷകള്‍ക്കിടയിലാണ് 2021നെ നാം സ്വാഗതം ചെയ്യുന്നത്. നൂറോളം വാക്‌സിന്‍ പരീക്ഷണങ്ങളാണ് ലോകത്താകെ നടക്കുന്നത് എന്നത് ശാസ്ത്രത്തിന്റെ വിജയവും ശാസ്ത്രീയതയിലുള്ള മനുഷ്യരുടെ വിശ്വാസവും അരക്കിട്ടുറപ്പിക്കും. വാക്‌സിനേഷന്‍, ഇന്ത്യയില്‍ മറ്റൊരു പൗരത്വ പരീക്ഷണമായിത്തീരുമോ എന്ന ഭയവും സാമൂഹിക നിരീക്ഷകര്‍ക്കും ജനാധിപത്യ വാദികള്‍ക്കുമുണ്ട്. കാത്തിരുന്നു കാണാം. സാമ്പത്തിക മാന്ദ്യത്തെ മറികടക്കുകയും തൊഴില്‍ നഷ്ടത്തെയും തൊഴിലില്ലായ്മയെയും പിടിച്ചു കെട്ടുകയും ചെയ്യാന്‍ കഴിയുന്ന സമൂഹങ്ങള്‍ക്കു മാത്രമേ ജനജീവിതത്തെ സുഗമമാക്കാനും സാധിക്കൂ.
source http://www.sirajlive.com/2020/12/31/462705.html
إرسال تعليق