സ്വന്തം ലേഖകന്‍
തിരുവനന്തപുരം | സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ സി സി ടി വി ദ്യശ്യങ്ങളടങ്ങിയ ഡി വി ഡികള്‍ പ്രതികള്‍ക്ക് കൈമാറുന്നതിന് ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതികള്‍ ആവശ്യപ്പെട്ട രണ്ട് ഡി വി ഡികള്‍ ഫോറന്‍സിക് പരിശോധനക്ക് മുമ്പേ കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഇതിന്റെ ഹാഷ് വാല്യൂ മാറുമോയെന്ന് പരിശോധിച്ച് ഫോറന്‍സിക് വിഭാഗത്തിന്റെ അഭിപ്രായ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് എസ് പി. എ ഷാനവാസിനോട് തിരുവനന്തപുരം ഒന്നംക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് (മൂന്ന്) ഉത്തരവിട്ടിരിക്കുന്നത്. കോടതിയുടെ രണ്ട് ചോദ്യങ്ങള്‍ക്ക് ഫോറന്‍സിക് ഡയറക്റുമായി കൂടിയാലോചിച്ച് വിദഗ്ധ സാങ്കേതിക റിപ്പോര്‍ട്ട് ഫെബ്രുവരി രണ്ടിനകം കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.
ഡി വി ഡി പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിലപാടറിയിച്ചത്.ഒന്നാം പ്രതി ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടുപ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിന്റെ പെണ്‍ സുഹൃത്തുമായ വഫയും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നില്ല. അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് ഡി വി ഡികള്‍ പ്രതികള്‍ക്ക് നല്‍കും മുമ്പ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഇതിന്റെ ഹാഷ് വാല്യൂ മാറ്റം വരില്ലേയെന്ന് കോടതി തിരുവനന്തപുരം ജുഡീഷ്യല്‍ കോടതി സംശയം പ്രകടിപ്പിച്ചു. അപ്രകാരം സംഭവിച്ചാല്‍ പ്രതികള്‍ക്ക് നല്‍കേണ്ട ക്ലൗണ്‍ഡ് കോപ്പിയില്‍ (അടയാള സഹിതം പകര്‍പ്പ് ) കൃത്രിമം നടന്നുവെന്ന് പ്രതികള്‍ വിചാരണ കോടതിയില്‍ തര്‍ക്കമുന്നയിക്കില്ലേയും കോടതി ചോദിച്ചു. പകര്‍പ്പ് നല്‍കുന്നതിന് മുമ്പ് ഡി വി ഡികളുടെ കൃത്യത സംബന്ധിച്ച് വിചാരണ വേളയില്‍ തര്‍ക്കിക്കില്ലെയന്ന സത്യവാങ്മൂലം പ്രതികള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും കോടതി നിര്‍ദേശിച്ചു ഡി വി ഡികളുടെ പകര്‍പ്പുകള്‍ ഫോറന്‍സിക് ലബോറട്ടറി പരിശോധനക്ക് ശേഷമെ പ്രതികള്‍ക്ക് നല്‍കാവൂയെന്ന് പ്രോസിക്യൂഷനും കോടതിയില്‍ നിലപാടെടുത്തിരുന്നു. ഡി വി ഡി ദൃശ്യങ്ങള്‍ കോടതിയില്‍ വച്ച് പ്രതികളെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം ഫോറന്‍സിക് ലാബിലേക്കയച്ച് പകര്‍പ്പ് ലഭ്യമാക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ നടപടികള്‍ ഡിസംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനോട് ഡി വി ഡി പകര്‍പ്പ് ഹാജരാക്കാനുള്ള കോടതിയുടെ നിര്‍ദേശത്തിന് മറുപടിയായി അസ്സല്‍ ഡി വി ഡികള്‍ തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കിയതിനാല്‍ പ്രതികള്‍ക്ക് നല്‍കാനായുള്ള പകര്‍പ്പെടുത്തിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എം. ഒ.(തൊണ്ടി) നമ്പര്‍ 30 ഉം 33 ഉം നമ്പരായി പോലീസ് സമര്‍പ്പിച്ച രണ്ട് ഡി വി ഡികള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടിരുന്നത്. തുറന്ന കോടതിയില്‍ വച്ച് ദ്യശ്യങ്ങള്‍ കണ്ട ശേഷം മാത്രമേ പകര്‍പ്പ് നല്‍കാനാവൂ എന്നും അല്ലാത്തപക്ഷം വിചാരണ വേളയില്‍ ഡി വി ഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികള്‍ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഹാഷ് വാല്യു മാറ്റം വരുത്താതെ പകര്‍പ്പ് എടുക്കണമെന്ന നിര്‍ദ്ദേശത്തോടെ ഫോറന്‍സിക് ലാബിലേക്കയച്ച് പകര്‍പ്പ് ലഭ്യമാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവുണ്ടാകണമെന്ന് സര്‍ക്കാര്‍ അഭിഭാഷക ബോധിപ്പിച്ചു. ഇരുഭാഗവും കേട്ട കോടതി പകര്‍പ്പെടുക്കാനുള്ള നടപടിക്രമങ്ങള്‍ ഡിസംബര്‍15 ന് ബോധിപ്പിക്കാന്‍ ഉത്തരവിട്ടു.
കേസ് സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി ശ്രീറാമിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയത്. കമ്മിറ്റ് നടപടി തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രതിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒമ്പത് മാസം കഴിഞ്ഞുള്ള ഹര്‍ജി വൈകി വന്ന വിവേകമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
source http://www.sirajlive.com/2020/12/30/462613.html
Post a Comment