1929നും 1932നുമിടയിൽ ജർമനിയിൽ പ്രധാന രാഷ്ട്രീയ വിചാരണകളിൽ നാസികൾക്കെതിരെ കോടതിയിൽ ഹാജരായ അഭിഭാഷകനായിരുന്നു ഹൻസ് ലിറ്റൺ. 1931ലെ ഒരു കേസിലെ വിചാരണക്കിടെ മൂന്ന് മണിക്കൂർ നേരമാണ് ലിറ്റൺ അഡോൾഫ് ഹിറ്റ്‌ലറെ എതിർ വിസ്താരം നടത്തിയത്. അതോടെ ഹൻസ് ലിറ്റൺ ഹിറ്റ്‌ലറുടെ കണ്ണിലെ കരടായി മാറി. തന്റെ സാന്നിധ്യത്തിൽ ആ അഭിഭാഷകന്റെ പേരുച്ചരിക്കാൻ പോലും നാസീ തലവൻ അനുവദിച്ചില്ല. പ്രതികാര ദാഹിയായ ഹിറ്റ്‌ലർ ഹിറ്റണെ അറസ്റ്റ് ചെയ്ത് കോൺസെൻട്രേഷൻ ക്യാമ്പിലേക്കയച്ചു. ക്യാമ്പിൽ ലിറ്റണെ പ്രത്യേകം മാർക്ക് ചെയ്ത് കണ്ണില്ലാ ക്രൂരത അരങ്ങേറി. പീഡനപർവങ്ങളുടെ അഞ്ചാണ്ടുകൾക്കൊടുവിൽ ഹൻസ് ലിറ്റൺ സ്വയം ജീവിതമവസാനിപ്പിച്ചു.
ഹൻസ് ലിറ്റണിൽ നിന്ന് ഡൽഹിയിൽ സുപരിചിതനായ അഭിഭാഷകൻ മഹ്്മൂദ് പ്രാചയിലേക്ക് വരാം. ഡൽഹി കലാപ ഗൂഢാലോചനാ കേസിൽ ഇരയാക്കപ്പെട്ട നിരവധി പേരുടെ അഭിഭാഷകനാണ് മഹ്്മൂദ് പ്രാച. തൊഴിലിൽ ധാർമികതയും ഉയർന്ന നീതിബോധവും വെച്ചു പുലർത്തുന്ന അഭിഭാഷകൻ. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ അഭിഭാഷകനായിരുന്നു പ്രാച. അദ്ദേഹത്തിന്റെ കൃത്യമായ വാദങ്ങൾക്കൊടുവിൽ ഭരണഘടനയുടെ ആമുഖം വായിക്കൽ കലാപത്തിന് പ്രേരിപ്പിക്കുന്ന സംഗതിയല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ആസാദിന് ജാമ്യമനുവദിച്ചത്. കൂടാതെ ഹിന്ദു സമുദായത്തിലെ നീരസം ചൂണ്ടിക്കാട്ടി കലാപക്കേസിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വിലക്കി ഡൽഹി പോലീസ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത ഹരജിയിൽ ഹൈക്കോടതിയിൽ ഹാജരായതും മഹ്്മൂദ് പ്രാചയായിരുന്നു. വേട്ടയാടപ്പെടാൻ വേണ്ട മേത്തരം ‘യോഗ്യതകൾ’ തന്നെയാണ് പ്രാചക്കുള്ളതെന്ന് ചുരുക്കം.
നേരത്തേ ആഗസ്റ്റിൽ ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട് വ്യാജ രേഖയുണ്ടാക്കി എന്നാരോപിച്ച് പോലീസ് മഹ്്മൂദ് പ്രാചക്കെതിരെ കേസെടുത്തിരുന്നു. ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പ്രസ്തുത കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ ഡിസംബർ 22 നാണ് ഡൽഹിയിലെ പ്രാദേശിക കോടതി പ്രാചയുടെ കിഴക്കൻ നിസാമുദ്ദീനിലെ ഓഫീസ് റെയ്ഡ് ചെയ്യാൻ അനുവദിച്ചു കൊണ്ടുള്ള വാറണ്ട് പുറപ്പെടുവിക്കുന്നത്. ഒരു സാധാരണ നടപടിയിൽ കവിഞ്ഞ പ്രാധാന്യം അതിനില്ലാതിരിക്കെ കോടതിയുടെ വാറണ്ടിനെ ആയുധമാക്കുകയായിരുന്നു ഡൽഹി പോലീസ്. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു റെയ്ഡ് നടത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് പോലീസിന്റെ അന്യായ നടപടി വ്യക്തമാണ്. നിയമ വ്യവഹാരവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളിൽ ആശയ വിനിമയം നടത്തുമ്പോൾ അഭിഭാഷകന് തന്റെ കക്ഷിയുടെ സ്വകാര്യത മാനിച്ചുകൊണ്ട് അത് രഹസ്യമാക്കി വെക്കാനുള്ള നിയമപരമായ അവകാശമുണ്ട്. അതിന് സാങ്കേതിക ഭാഷയിൽ ക്ലയന്റ്- അറ്റോർണി പ്രിവിലേജ് എന്നാണ് പ്രയോഗം. 1872 ലെ ഇന്ത്യൻ തെളിവ് നിയമത്തിലെ 126 മുതൽ 129 വരെയുള്ള വകുപ്പുകൾ പ്രതിപാദിക്കുന്നത് അതേക്കുറിച്ചാണ്. മറ്റൊരർഥത്തിൽ കുറ്റാരോപിതന്റെ മൗലികാവകാശം കൂടിയാണത്. ഭരണഘടനയുടെ 21-ാം അനുഛേദം ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണ് നീതിപൂർവമായ വിചാരണ ലഭ്യമാകാനുള്ള കുറ്റാരോപിതന്റെ അവകാശം. റെയ്ഡിന്റെ മറവിൽ ഡൽഹി കലാപക്കേസിലെ ഇരകളുടെ വിവരങ്ങൾ ചോർത്തുന്ന പോലീസ് നടപടി നഗ്‌നമായ നിയമലംഘനമാണ്.
തന്റെ ലാപ്‌ടോപ്പ് പരിശോധിക്കാമെന്നും എന്നാൽ കണ്ടുകെട്ടരുതെന്നും റെയ്ഡിനിടെ മഹ്്മൂദ് പ്രാച പോലീസിനോട് പറയുന്നുണ്ട്. അത് ഒരേസമയം ക്ലയന്റ്- അറ്റോർണി പ്രിവിലേജിന്റെയും കോടതി ഉത്തരവിന്റെയും ലംഘനമാണെന്ന് പ്രാച ചൂണ്ടിക്കാട്ടുന്നുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ആരെയും കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും മണിക്കൂറുകൾ നീണ്ട റെയ്ഡിനിടെ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
കുറ്റാരോപിതനായ വ്യക്തിയെ തനിക്കെതിരെ തന്നെ സാക്ഷിയാകാൻ നിർബന്ധിക്കരുതെന്ന് പറയുന്ന ഭരണഘടനാനുഛേദം 20(3) പൗരന്റെ മൗലികാവകാശമാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പ്രസ്താവിത സംരക്ഷണം തങ്ങളുടെ അമിതാധികാര നടപടിയിലൂടെ അഭിഭാഷകനായ മഹ്്മൂദ് പ്രാചക്ക് നിഷേധിക്കുകയാണ് ഡൽഹി പോലീസ് ചെയ്തത്. ഡൽഹി കലാപക്കേസിലെ ഇരകളെ പ്രോസിക്യൂട്ട് ചെയ്യുന്ന അതേ പോലീസ് തന്നെയാണ് അഭിഭാഷകന്റെ ഓഫീസിൽ നിന്ന് കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ കടത്തിക്കൊണ്ടു പോയത്. അങ്ങനെ വരുമ്പോൾ കലാപക്കേസിൽ ഇരകളെ തന്നെ വേട്ടയാടുന്ന ഡൽഹി പോലീസ് ഭീകരത കൂടുതൽ ശക്തമാകും.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ ഇന്ദിരാ ജയ്‌സിംഗ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരടക്കം നിയമ രംഗത്ത് നിന്നുള്ള പ്രമുഖർ ഡൽഹി പോലീസ് നടപടിയെ വിമർശിച്ചും മഹ്്മൂദ് പ്രാചയെ പിന്തുണച്ചും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ‘ആദ്യം അവർ ആക്ടിവിസ്റ്റുകളെ തേടി വന്നു. പിന്നെ വിദ്യാർഥികളെ തേടി വന്നു. പിന്നെ കർഷകരെയും. ഇപ്പോൾ അവർ അഭിഭാഷകരെ തേടിയെത്തുന്നു. അടുത്തത് അവർ നിങ്ങളെ തേടിയെത്തു’മെന്ന് നാസീജർമനിയിലെ ഇരുണ്ട ഓർമകളെ തിരിച്ചുകൊണ്ടു വരുന്ന കുറിപ്പാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.
ഡൽഹി കലാപ ഗൂഢാലോചനാ കേസിലെ ഇരകളെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകൻ മഹ്്മൂദ് പ്രാചയുടെ ഓഫീസിൽ നിന്ന് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കടത്തിക്കൊണ്ടു പോയ പോലീസ് നടപടി ഭയാശങ്കകളില്ലാതെ തൊഴിലെടുക്കാനുള്ള അഭിഭാഷകരുടെ അവകാശത്തെ അടിച്ചമർത്തുന്ന തെറ്റായ നീക്കമാണെന്നാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രതിഷേധ പ്രസ്താവനയിൽ വ്യക്തമാക്കിയത്. പോലീസ് റെയ്ഡിൽ അമർഷവും നടുക്കവും രേഖപ്പെടുത്തി ഡൽഹി ബാർ കൗൺസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. അന്വേഷണ ഏജൻസികൾ അഭിഭാഷകരെ ലക്ഷ്യംവെക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടന കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഡൽഹി പോലീസ് തുടർന്നുകൊണ്ടിരിക്കുന്ന നിയമദീക്ഷയില്ലാത്ത അട്ടിമറികൾക്കൊടുവിൽ ഇരകളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരെ ഉന്നംവെക്കുന്നതിലേക്കെത്തിയിരിക്കെയാണ് നിയമവൃത്തങ്ങൾ മഹ്്മൂദ് പ്രാചക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിന് പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കേണ്ടവരാണ് അഭിഭാഷക സമൂഹവും നിയമപാലകരും. നീതിലഭ്യതയിൽ പ്രധാന പങ്കുവഹിക്കേണ്ടവരാണവർ. എന്നാൽ ഹിറ്റ്‌ലർ ലിറ്റണെ വെറുത്ത മാതൃകയിൽ നീതിക്ക് വേണ്ടി നിലകൊള്ളുന്ന അഭിഭാഷകരെ കഴുമരത്തിലേറ്റുകയാണ് ഭരണകൂടം ചെയ്യുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി പ്രകടിപ്പിച്ച് മുട്ടിലിഴയുന്ന ഡൽഹി പോലീസ് രാജ്യത്തെ നിയമ വ്യവസ്ഥയെ അടിക്കടി വെല്ലുവിളിച്ചുകൊണ്ടേയിരിക്കുകയാണ്. അപ്പോഴും കുതറി മാറുന്ന നിയമലോകം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളിൽ പകരുന്ന ആത്മവിശ്വാസം ചെറുതല്ല.
source http://www.sirajlive.com/2021/01/01/462891.html
إرسال تعليق