അക്ഷരമറിയാതെ കേരളത്തിലെത്തി; ഇന്ന് ഐ എ എസ് മോഹവുമായി ജെ എൻ യുവിൽ

ഉള്ളിൽ പൂത്തുലഞ്ഞ സ്വപനങ്ങളുമായി, സദാ ഉന്മേഷവാനായി നടക്കുന്ന പ്രിയപ്പെട്ട കാശ്മീരി സുഹൃത്ത് മഹ്‍മൂദ് അഹ്‌മദ്‌ വിളിച്ചിരുന്നു കഴിഞ്ഞ ദിവസം. ജെ എൻ യുവിൽ പൊളിറ്റിക്കൽ സയൻസിൽ അഡ്മിഷൻ കിട്ടിയതിന്റെ സന്തോഷം അറിയിക്കാനാണ്. ഇത്രമേൽ സന്തോഷോഷിപ്പിച്ച അനുഭവം അടുത്തൊന്നും ഉണ്ടായിട്ടില്ല. ഒരക്ഷരം പോലും എഴുതാനറിയാതെ, കശ്മീരിലെ അതിർത്തി ഗ്രാമത്തിലെ കൊച്ചു കൃഷിത്തോട്ടത്തിൽ പണിയെടുത്തു കഴിയേണ്ടിവരുമായിരുന്ന മഹ്‌മൂദ്  അഹ്‌മദിന്റെ ജീവിതം മാറ്റിയത് മർകസാണ്. അതൊരു വലിയ കഥയാണ്.
കേരള സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ അഞ്ചു വർഷം തുടർച്ചയായി സ്റ്റേറ്റിൽ പല മത്സരങ്ങൾക്കും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് മഹ്‌മൂദ് അഹ്‌മദ്. മർകസിൽ പഠനം തുടങ്ങിയ കാലത്താണ് അവനെ പരിചയപ്പെട്ടത്. സ്ഥിരമായി ലൈബ്രറിയിൽ വന്നു പുതിയ പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കും. മർകസ് കാശ്മീരി ഹോമിലെ വിശാലമായ ലൈബ്രറിയിൽ മിക്ക പുസ്തകങ്ങളും അവൻ വായിച്ചു തീർത്തിട്ടുണ്ട്. എപ്പോഴും പ്രസന്നമായ മുഖമാണ്. പഠനത്തിൽ അതീവ താൽപരനും.

കശ്മീരിലെ പൂഞ്ചിലാണ് മഹ്‌മൂദിന്റെ ദേശം. അതിർത്തി ഗ്രാമമാണ്. വെടിയൊച്ചകൾ കേട്ടാണ് അവൻ ചെറുപ്പം തൊട്ടേ വളർന്നത്. വളരെ പാവപ്പെട്ട കുടുംബമാണ്. ദൈന്യത പേറുന്നതാണ് അവരുടെ കൊച്ചു സ്‌കൂളും. അഞ്ചാം ക്ലാസ് വരെ നാട്ടിലെ ആ സ്‌കൂളിൽ പഠിച്ചു. ഭാവിയെക്കുറിച്ചു ആശങ്കകൾ കനക്കുകയായിരുന്നു അവനിൽ അപ്പോൾ. പഠനം ഏതുവരെ ആകും എന്ന ചിന്ത പലപ്പോഴും സങ്കടപ്പെടുത്തി. നാട്ടിലെ അന്തരീക്ഷവും, പഠനത്തിന് മികച്ച സൗകര്യം ഇല്ലാത്ത അവസ്ഥയും കുറെ ചോദ്യങ്ങൾ അവന്റെ കൊച്ചുമനസ്സിൽ ഉയർത്തി.

അഞ്ചാം തരം പരീക്ഷ കഴിഞ്ഞു മടങ്ങുമ്പോൾ, പൂഞ്ച് ടൗണിൽ ഒരു പോസ്റ്റർ കണ്ടു മഹ്‌മൂദ്. കൂടെയുള്ള മുതിർന്ന സഹപാഠി അത് വായിച്ചു കേൾപ്പിച്ചു. ‘ഉന്നത നിലവാരമുള്ള പഠനം. ഭക്ഷണവും താമസവും എല്ലാം സൗജന്യം. കേരളത്തിലെ മർകസിൽ. നിങ്ങളുടെ മക്കളെ ഉന്നതരാക്കണമോ, ബന്ധപ്പെടുക’ തുടങ്ങിയ വാചകങ്ങളായിരുന്നു ആ പോസ്റ്ററിൽ. രക്ഷിതാക്കളെ ഉദ്ദേശിച്ചു ഉള്ളതെണെങ്കിലും മഹ്‌മൂദിന്റെ സ്വപ്ങ്ങളെ ജീവൻവെപ്പിച്ചു ആ അക്ഷരങ്ങൾ. അവനപ്പോഴേ തന്റെ കൊച്ചു നോട്ട്ബുക്കിൽ പകർത്തി അതിനൊപ്പമുള്ള നമ്പർ.
വീട്ടിലെത്തി. ഉപ്പയോടു കാര്യം പറഞ്ഞു. കൂടുതൽ അറിവില്ലെങ്കിലും മകന്റെ മോഹങ്ങളെ വിലമതിക്കുന്ന ആളായിരുന്നു ആ പിതാവ്. ആ നമ്പറിൽ വിളിച്ചു. കാശ്‌മീരിൽ മർകസ് പ്രവർത്തനങ്ങൾ കോഡിനേറ്റ് ചെയ്യുന്ന ആളുടെ നമ്പറാണ്. ഒരു മാസം കഴിഞ്ഞാൽ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുമെന്നും അവർക്കൊപ്പം മർകസിൽ ചേരാമെന്നും അറിയിച്ചു അദ്ദേഹം.

നൂറോളം കൂട്ടുകാർക്കൊപ്പം 2011 മെയിൽ മഹ്‌മൂദ് പുറപ്പെട്ടു. കോഴിക്കോട് ട്രെയിൻ ഇറങ്ങി, മർകസ് വാഹനത്തിൽ അവരെത്തിയപ്പോൾ സ്വീകരിക്കാനായി നിൽക്കുന്നു പുഞ്ചിരിയോടെ ഉസ്താദ്. അന്നാണ്, അവൻ ആദ്യം ഉസ്താദിനെ കാണുന്നത്. അവരെ എല്ലാവരെയും ഇരുത്തി ഉറുദുവിൽ കുട്ടികളുടെ ഭാഷയിൽ ദീർഘമായ ഒരു ഉപദേശം നൽകി ഉസ്താദ്. “നിങ്ങൾ പഠിക്കണം. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം മർകസ് തരും. ഉപ്പയേയ്യും ഉമ്മയെയും വേർപിരിഞ്ഞു ഇരിക്കുന്നതിൽ സങ്കടം വേണ്ട. അത്രയും സ്നേഹമുള്ള രക്ഷിതാക്കൾ നിങ്ങൾക്ക് ഇവിടെയുണ്ടാകും. മറ്റുള്ള കുട്ടികളെപ്പോലെയല്ല നിങ്ങൾ. ഭാവിയിൽ വലിയ ആളുകളായി തീരേണ്ടവരാണ്. നിങ്ങളെ നാട്ടിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തേണ്ടവരാണ് നിങ്ങൾ….” ആ വാക്കുകൾ മഹ്മൂദിന്റെ കൊച്ചുഹൃദയത്തിലേക്ക് തുളച്ചുകയറിയിരുന്നു.
പിന്നീടങ്ങോട്ട് ഉയർച്ചയായിരുന്നു. ഇവിടെ വരുമ്പോൾ എ ബി സി ഡി പോലും അറിയില്ലായിരുന്നു. എല്ലാം മർകസിൽ നിന്ന് പഠിച്ചു. മറ്റുള്ള കുട്ടികളെക്കാൾ മികച്ച ഭക്ഷണമായിരുന്നു കാശ്മീരി കുട്ടികൾക്ക് മർകസിൽ ഉണ്ടാവാറ്. ഒരു കാര്യത്തിലും ഞങ്ങൾ സങ്കടപ്പെടരുത് എന്ന നിർബന്ധം ഉസ്താദിന് ഉണ്ടായിരുന്നു. ഇടക്കൊക്കെ ഉസ്താദ് കശ്‍മീരി ഹോമിൽ വരും. എല്ലാവരെയും ഒരുമിച്ചിരുത്തി ഉപദേശിക്കും. ഞങ്ങളിൽ ചിലരെക്കൊണ്ട് പാട്ടുപാടിക്കും. പ്രസംഗിപ്പിക്കും. അവർക്ക് സമ്മാനം നൽകും. മക്കളെപ്പോലെയായിരുന്നു ഞങ്ങളെ ഓരോരുത്തരെയും ഉസ്താദിന്.

മഹ്‌മൂദ് ഒരിക്കൽ പറഞ്ഞിരുന്നു “ഏതെങ്കിലും കൃഷിയിടത്തിൽ ചുമടുമെടുത്ത് കഴിയേണ്ട ഒരാളാകുമായിരുന്നു ഞാൻ; ഉസ്‌താദ്‌ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ. ഈ വർഷം പ്ലസ് ടു പൂർത്തിയാക്കി, മികച്ച മാർക്ക് നേടിയാണ് ഐ എ എസ് എന്ന സ്വപ്നവുമായി മഹ്‌മൂദ് ജെ എൻ യുവിന്റെ പടി കയറുന്നത്.



source http://www.sirajlive.com/2020/12/30/462596.html

Post a Comment

أحدث أقدم