സംസ്ഥാനത്ത് പത്ത്, പ്ലസ്ടു ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും

ന്യൂഡല്‍ഹി | സി ബി എസ് ഇ അടക്കം സംസ്ഥാനത്തെ പത്ത്, പ്ലസ് ടു ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതു പരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളാണ് ഇന്നു മുതല്‍ സ്്കൂളിലെത്തുക. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകള്‍ തുടങ്ങുക. മാര്‍ച്ച് 16 വരെ ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദ്ദേശം.

ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ സംശയദൂരീകരണവും റിവിഷനുമാണ് ക്ലാസുകളുടെ ലക്ഷ്യം. ഇതോടൊപ്പം മാതൃകാ പരീക്ഷകളുമുണ്ടാകും. പരീക്ഷക്ക് ചോദിക്കുന്ന പാഠഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന തരത്തിലാണ് ക്രമീകരണം.

തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഒരു ക്ലാസില്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഉപയോഗിച്ച് പല ബാച്ചുകളായിട്ടാണ് അധ്യയനം നടത്തുക. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഒരു ദിവസം മൂന്നു മണിക്കൂര്‍ എന്ന രീതിയിലാണ് പഠനം. കൊവിഡ് ബാധിതരുടെ വീട്ടിലുള്ള കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ഗൂഗിള്‍മീറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അധ്യാപകര്‍ ക്ലാസെടുക്കും.

 

 



source http://www.sirajlive.com/2021/01/01/462896.html

Post a Comment

Previous Post Next Post