കേന്ദ്രവും കര്‍ഷക സംഘടനകളും തമ്മിലുള്ള 11-ാമത് ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി | റിപ്പബ്ലിക് ദിനത്തിന് മുമ്പായി കര്‍ഷക സമരം പരിഹരിക്കാനായി ഇന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി നിര്‍ണായക ചര്‍ച്ച നടത്തും. രണ്ട് മാസത്തോളമായി ഡല്‍ഹി അതിര്‍ത്തിയില്‍ സമാനതകളില്ലാത്ത പോരാട്ടം നടത്തുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 11-ാമത് ചര്‍ച്ചയാണിത്. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ ഉച്ചക്ക് ശേഷമാണ് ചര്‍ച്ച നടക്കുക. കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് സ്‌റ്റേ ചെയ്യാമെന്ന് കേന്ദ്രം മുന്നോട്ടിവെച്ച ഉപാധി ഇന്നലെ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗം തള്ളിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിക്കുള്ളില്‍ നടത്താന്‍ തീരുമാനിച്ച ട്രാക്ടര്‍ പരേഡില്‍ മാറ്റമില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ചക്ക് വലിയ പ്രാധാന്യമാണുള്ളത്.

ഡല്‍ഹിയിലെ ഔട്ടര്‍ റിങ് റോഡില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സംഘടനകള്‍ തള്ളിയത് സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്. 143 പ്രക്ഷോഭകരുടെ ജീവത്യാഗം പാഴാകാന്‍ അനുവദിക്കില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും. പ്രക്ഷോഭത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നും രാജ്യവ്യാപക പ്രക്ഷോഭമായി ശക്തി പ്രാപിക്കുന്നുവെന്നുമാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഒരിഞ്ച് പോലും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സംഘടനകളുടെ തീരുമാനം.

കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയതോടെ ഇന്നലെ രാത്രി കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ പരേഡിന് അനുമതി നല്‍കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തില്‍ ഡല്‍ഹി പോലീസും കര്‍ഷക നേതാക്കളും തമ്മില്‍ ഇന്നും ചര്‍ച്ച തുടരും.

 

 



source http://www.sirajlive.com/2021/01/22/465817.html

Post a Comment

Previous Post Next Post