ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ ശമ്പളം 23,000; കൂടിയത് 1,66,800 രൂപ

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കുറഞ്ഞ ശമ്പളം 23,000 രൂപയും കൂടിയ ശമ്പളം 1,66,800 രൂപയുമാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശ. 2019 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

കുറഞ്ഞ ഇന്‍ക്രിമെന്റ് 700 രൂപയും കൂടിയത് 3400 രൂപയും നല്‍കുവാനാണ് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്. വാടക അലവന്‍സ് (എച്ച്.ആര്‍.എ) കോര്‍പറേഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 8, 6 എന്നിങ്ങനെയും പഞ്ചായത്ത് പ്രദേശങ്ങളില്‍ 4 ശതമാനവും നല്‍കണം. ഇതുപ്രകാരം കുറഞ്ഞ എച്ച്ആര്‍എ 1200 രൂപയും കൂടിയ എച്ച് ആര്‍ എ 10000 രൂപയുമാകും. എച്ച് ആര്‍എ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് നിര്‍ത്തലാക്കാനും ശുപാര്‍ശയുണ്ട്.

മറ്റു പ്രധാന ശുപാര്‍ശകള്‍:
  • ഈ വര്‍ഷം വിരമിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ സര്‍വീസ് നീട്ടി നല്‍കണം.
  • വില്ലേജ് ഓഫീസര്‍മാര്‍ക്ക് 1500 രൂപ സ്‌പെഷല്‍ അലവന്‍സ് ആയി നല്‍കണം.
  • ആരോഗ്യവകുപ്പില്‍ പാരാ മെഡിക്കല്‍ ജീവനക്കാരുടെ ശമ്പളം ഏകീകരിക്കുകയും വര്‍ധന ഏര്‍പെടുത്തുകയും വേണം.
  • പെന്‍ഷന്‍ ഗ്രാറ്റുവിറ്റി തുക സീലിങ് 14 ലക്ഷത്തില്‍നിന്ന് 17 ലക്ഷമാക്കണം.
  • 80 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 1000 രൂപ അധിക ബത്തയായി നല്‍കണം.
  • കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83,400 രൂപയും ആയിരിക്കും.
  • കുടുംബ പെന്‍ഷന്‍ വാങ്ങുന്ന മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പൂര്‍ണമായ പെന്‍ഷന്‍ നല്‍കണം.
  • കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കുന്നതിനും മൂന്നു വയസ്സുവരെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനും 40 ശതമാനം ശമ്പളത്തോടുകൂടി പരമാവധി ഒരു വര്‍ഷം വരെ അവധി അനുവദിക്കണം
  • പിതൃത്വ അവധി 10 ല്‍നിന്ന് 15 ദിവസമാക്കണം
  • പാര്‍ട്ട് ടൈം, കണ്ടിജന്റ് ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500, കുറഞ്ഞ ശമ്പളം 22,970 എന്നിങ്ങനെയാക്കണം.

ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ ഭാഗമായി സര്‍ക്കാരിന് 4810 കോടി രൂപയുടെ അധികബാധ്യതയാണ് പ്രതീക്ഷിക്കുന്നത്.



source http://www.sirajlive.com/2021/01/29/466691.html

Post a Comment

أحدث أقدم