അന്നം മുട്ടിക്കും ഈ ഇന്ധനക്കൊള്ള

കാലം കൊവിഡിന്റേതാണ്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി കണക്കാക്കിയിട്ടില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ അത് കണക്കാക്കാനും പോകുന്നില്ല. അനൗദ്യോഗിക കണക്കനുസരിച്ച് തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം പല കോടികള്‍ വരും. നഷ്ടപ്പെട്ട തൊഴില്‍ ഇപ്പോഴും തിരിച്ചു കിട്ടാത്തവരുടെ കണക്കും കോടികളിലാണ്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ തൊഴിലില്‍ തിരികെ പ്രവേശിച്ചവര്‍ക്ക് തന്നെ വേതനം വെട്ടിക്കുറക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ യൂനിയന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിലുള്ള വളര്‍ച്ചാ നിരക്ക് കഴിഞ്ഞ രണ്ട് പാദങ്ങളില്‍ പൂജ്യത്തിന് താഴെയാണ്. വിപണികളില്‍ വേണ്ടത്ര വില്‍പ്പനയില്ല. കൈയില്‍ കാശുണ്ടെങ്കിലല്ലേ ആളുകള്‍ വാങ്ങൂ.

വില്‍പ്പനയില്ലാത്തതുകൊണ്ട് തന്നെ ഉത്പാദനം കുറവ്. ആകെമൊത്തം മാന്ദ്യത്തിലായതോടെ, രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വ്യവസായം തളര്‍ന്നു. അതോടെ നിര്‍മാണവും കുറഞ്ഞു. അവിടുത്തെ തൊഴില്‍ നഷ്ടപ്പെട്ട് മറ്റ് ജോലികള്‍ തേടേണ്ടി വന്നവര്‍ ലക്ഷക്കണക്കിന്. ഈ അവസ്ഥയിലും രാജ്യത്ത് ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന ഒരൊറ്റ സംഗതിയേയുള്ളൂ ഇന്ധന വില. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇന്നുവരെ അവര്‍ താഴാതെ സൂക്ഷിച്ച ഒരേയൊരു സംഗതിയും ഇന്ധന വിലയായിരിക്കും. രാജ്യത്തെ പൗരന്മാരുടെ വിലയും ജീവന്റെ വിലയുമൊക്കെ താഴ്ത്തിയിട്ടും ഇന്ധന വില അവര്‍ താഴ്ത്തിയതേയില്ല.

പെട്രോളിന്റെയും ഡീസലിന്റെയും വില ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും ദിനേന കൂടിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 60 ഡോളറില്‍ താഴെയാണ് ഇപ്പോള്‍. അസംസ്‌കൃത എണ്ണയുടെ വില 140 ഡോളറിലേക്ക് എത്തിയത് 2009 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറിന്റെ കാലത്താണ്. അന്ന് പോലും ഉണ്ടാകാതിരുന്ന വിലയാണ് ഇപ്പോള്‍ പെട്രോളിനും ഡീസലിനുമൊക്കെ. അസംസ്‌കൃത എണ്ണയുടെ വിലക്കനുസരിച്ച് ദിനേന വില മാറ്റുക എന്ന നയം സ്വീകരിച്ചതോടെ ഭരണകൂടത്തിന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിട്ടുണ്ട്. ദിവസം ഇരുപത്തിയഞ്ചോ മുപ്പതോ പൈസ മാത്രമേ ഒരു ലിറ്റര്‍ ഇന്ധനത്തിന് കൂടുകയുള്ളൂ. ലിറ്ററിന് നാല് രൂപയോ അഞ്ച് രൂപയോ കൂട്ടുമ്പോഴുണ്ടാകുന്ന ആഘാതം ഇത് ജനങ്ങളിലുണ്ടാക്കില്ല. അത് ഭരണകൂടത്തിന് നല്‍കുന്ന അവസരം ചെറുതല്ല. വലിയ പ്രതിഷേധങ്ങള്‍ക്കൊന്നും ഇട നല്‍കാതെ ഇന്ധന വില ഇങ്ങനെ കൂട്ടിക്കൊണ്ടിരിക്കാം. അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെയായിരിക്കും ഇപ്പോഴത്തെ കൂട്ടലിങ്ങനെ തുടരുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ വില കൂട്ടുന്ന പരിപാടി നിര്‍ത്തും. പിന്നെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷമേയുണ്ടാകൂ. തിരഞ്ഞെടുപ്പു കാലത്തെ കുടിശ്ശിക കൂടി നികത്തിക്കൊണ്ടുള്ള കൂട്ടല്‍. അത്രയും ഔദാര്യമൊക്കെ നമ്മുടെ ജനക്ഷേമ തത്പരരായ ഭരണകൂടം കാണിക്കും.

പെട്രോളിനും ഡീസലിനും മേലുള്ള എക്‌സൈസ് നികുതി കൂട്ടിക്കൊണ്ട്, ഖജനാവിലേക്കുള്ള വരുമാനം കൂട്ടുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ പരിപാടി. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടിയാലും ഖജനാവിലേക്ക് കിട്ടണം പണമെന്ന് ചുരുക്കം. 2019 തുടങ്ങുമ്പോള്‍ പെട്രോളിന് ലിറ്ററിന് മേലുണ്ടായിരുന്ന എക്‌സൈസ് നികുതി 19.98 രൂപയായിരുന്നു. ഇപ്പോഴത് 32.98 രൂപയാണ്. ഡീസലിന് ലിറ്ററിന് 15.83 രൂപയായിരുന്ന നികുതി ഇപ്പോള്‍ 31.83 രൂപയാണ്. ചില സിനിമകളിലെ ഡയലോഗ് പോലെ, ഇത്രയുമേ രണ്ട് വര്‍ഷം കൊണ്ട് കൂട്ടിയുള്ളൂ എന്ന് വേണമെങ്കില്‍ നരേന്ദ്ര മോദിക്കും മന്ത്രി പ്രമുഖന്‍മാരായ മുരളീധരാദികള്‍ക്കും പറയാം.

ഇന്ധന വില കൂടുമ്പോള്‍ ചരക്ക് കടത്തിന് കൂലി കൂടും. അതുവഴി ഏതാണ്ടെല്ലാ സാധനങ്ങളുടെയും വിലയും കൂടും. മുഴുപ്പട്ടിണിയിലും പാതിപ്പട്ടിണിയിലും കഴിയുന്ന, ജനസംഖ്യയിലെ ഭൂരിഭാഗം വരുന്നവര്‍ ആ ഭാരം കൂടി പേറി കത്തലടക്കിക്കൊള്ളുക എന്നതാണ് ഭരണകൂടത്തിന്റെ മതം. കൊവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ധന വിലയിന്‍മേലുള്ള എക്‌സൈസ് ഡ്യൂട്ടി കൂട്ടാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മടി കാണിച്ചില്ല. ലോക്ക്ഡൗണില്‍ ഇളവൊക്കെ വന്നതിന് ശേഷം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് (അവശ്യ വസ്തുക്കളുടെ വിലയുമായി ബന്ധപ്പെട്ടത്) പതിനൊന്ന് ശതമാനത്തിന് മുകളിലായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരും നാമമാത്രമായ വരുമാനത്തിന് തൊഴില്‍ ചെയ്യുന്നവരുമൊക്കെ പൊള്ളുന്ന വിലക്ക് അവശ്യ സാധനങ്ങള്‍ വാങ്ങേണ്ടി വരുന്ന സ്ഥിതി. എക്‌സൈസ് നികുതി കുറച്ച്, അവശ്യ വസ്തുക്കളുടെ വില പിടിച്ചു നിര്‍ത്താനോ സാധാരണക്കാര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കാനോ അന്ന് തയ്യാറാകാത്തവര്‍ ഇപ്പോള്‍ അതിന് ശ്രമിക്കുമെന്ന് കരുതേണ്ടതില്ല. കുറച്ചു കാലത്തേക്ക് അരിയും കടലയും സൗജന്യമായി നല്‍കി, ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തിയില്ലേ എന്നവര്‍ തിരിച്ച് ചോദിക്കുന്നുമുണ്ട്. ഇങ്ങനെ സൗജന്യമൊക്കെ നല്‍കണമെങ്കില്‍ ഖജനാവില്‍ പണം വേണ്ടേ, അതിനാണ് ഇന്ധനങ്ങളുടെ എക്‌സൈസ് നികുതി കൂട്ടിയത് എന്നും വാദമുണ്ട്. ഇന്ധന നികുതി കൂട്ടി, ഖജനാവിലേക്ക് വരുമാനം വര്‍ധിപ്പിച്ചാണ് രാജ്യത്തെങ്ങും കക്കൂസ് പണിയുന്നത് എന്ന് മുന്‍കാല കേന്ദ്ര മന്ത്രിയായിരുന്ന മലയാളി വിശദീകരിച്ചത് പോലെ.
പിന്നെയുള്ളൊരു വാദം, ഇന്ധന വിലയിന്‍മേല്‍ സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന മൂല്യ വര്‍ധിത നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിക്കൂടേ എന്നാണ്. ചരക്ക് സേവന നികുതി (ജി എസ് ടി) നടപ്പാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് വിഭവ സമാഹരണത്തിനുള്ള സാധ്യത തീരെ ചുരുങ്ങി. ആകെയുള്ള സാധ്യതകളിലൊന്ന് ഇന്ധനങ്ങളിന്മേലുള്ള മൂല്യ വര്‍ധിത നികുതിയാണ്. ജി എസ് ടിയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് കൃത്യസമയത്ത് കൊടുക്കുക എന്ന പതിവ് നരേന്ദ്ര മോദി സര്‍ക്കാറിനില്ല. ജി എസ് ടി നടപ്പാക്കിയത് വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്തിക്കൊടുക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. അതും കൃത്യമായി കൊടുക്കില്ല. അങ്ങനെയുള്ള ഭരണകൂടത്തിന്റെ പ്രതിനിധികളാണ് ഇന്ധനങ്ങള്‍ക്കു മേല്‍ സംസ്ഥാനം ചുമത്തുന്ന നികുതി കുറച്ചുകൂടേ എന്ന് ചോദിക്കുന്നത്. ഞങ്ങള്‍ തോന്നിയപോലെ വില കൂട്ടും നിങ്ങള്‍ വേണമെങ്കില്‍ കുറച്ചോ എന്നത് മാടമ്പി മനോഭാവമാണ്, അത് സംസ്ഥാന സര്‍ക്കാറുകളെയല്ല, ജനങ്ങളെ അപമാനിക്കലാണ്. ശക്തമായി എതിര്‍ക്കാന്‍ തത്കാലം ആരുമില്ലെന്ന അഹങ്കാരവും.

ഇന്ധന വില ഇങ്ങനെ കൂട്ടുന്നത് കൊണ്ട് ഗുണമില്ലെന്ന് ആരും കരുതരുത്. വിലയങ്ങനെ കൂടുമ്പോള്‍ ജനം വാഹനങ്ങളുപയോഗിക്കുന്നത് കുറക്കും. യാത്രകളും ചുരുക്കും. പരമാവധി പൊതുഗതാഗതത്തെ ആശ്രയിക്കും. വാഹനങ്ങളുപയോഗിക്കുന്നത് കുറഞ്ഞാല്‍ അന്തരീക്ഷ മലിനീകരണം കുറയും. അത് അന്തരീക്ഷത്തിന് മാത്രമല്ല, മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങള്‍ക്കും ഗുണകരമാണ്. വാഹന ഉപയോഗം കുറയുന്നതോടെ ആളുകള്‍ മിച്ചം വെക്കുന്ന പണം കൂടും. അത്യാവശ്യങ്ങള്‍ക്ക് ചെലവിടാന്‍ ആളുകളുടെ പക്കല്‍ പണമുണ്ടാകും. അല്ലെങ്കില്‍ സമ്പാദ്യമുണ്ടാകും. പൊതുഗതാഗത സംവിധാനത്തെ കൂടുതലായി ആശ്രയിക്കുന്നതോടെ നമ്മുടെ കെ എസ് ആര്‍ ടി സി പോലുള്ളവയുടെ വരുമാനം കൂടും. നിലവിലുള്ള നഷ്ടം കുറഞ്ഞുവരും. അത്തരം സ്ഥാപനങ്ങളെ നിലനിര്‍ത്താനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടേണ്ടി വരുന്ന പണം കുറയും.

ഇന്ധന ഉപയോഗം കുറഞ്ഞാല്‍, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ അളവ് കുറക്കാം. അതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടേണ്ട പണത്തില്‍ വരുന്ന കുറവെത്രയായിരിക്കും. അത്രയും പണം കക്കൂസ് നിര്‍മാണത്തിനോ അരിയും പയറും വിതരണം ചെയ്യാനോ ഉപയോഗിച്ച് കൂടേ. ഇന്ധന ഉപയോഗം നല്ലത് പോലെ കുറഞ്ഞാല്‍, ഇവിടെ കുഴിച്ചെടുക്കുന്നത് കൊണ്ട് അഷ്ടി മുട്ടിക്കാം. സ്വയംപര്യാപ്ത ഭാരതത്തിലേക്ക് (ആത്മനിര്‍ഭര്‍ ഭാരത് എന്ന് മലയാളം) ഒരു വലിയ ചുവട്, അതത്ര ചെറിയ നേട്ടമാണോ?
അവശ്യ വസ്തുക്കളുടേതുള്‍പ്പെടെ സാധനങ്ങളുടെ വില ഉയര്‍ന്നു നിന്നാല്‍ ആളുകള്‍ വാങ്ങുന്നത് കുറക്കും. അത്യാവശ്യം വേണ്ടത് മാത്രമേ വാങ്ങൂ. അത്രക്കത്യാവശ്യമില്ലാത്തത് വാങ്ങിക്കൂട്ടി പണം പാഴാക്കില്ലെന്ന് ചുരുക്കം.

അപ്പോഴും ജനങ്ങളുടെ സമ്പാദ്യം കൂടും. ജനങ്ങളുടെ സമ്പാദ്യം കൂടുക എന്നാല്‍ രാജ്യത്തിന്റെ സമ്പാദ്യം കൂടുക എന്നാണ് അര്‍ഥം. അങ്ങനെ വന്നാല്‍ എല്ലാറ്റിലും സ്വയംപര്യാപ്തത വൈകാതെ സാധ്യമാകും. പിന്നെ വിലക്കയറ്റം കൊണ്ടൊക്കെ പട്ടിണിയിലേക്ക് പോകാന്‍ ഇടയുള്ളവര്‍. അവരങ്ങനെ ഒടുങ്ങിയാല്‍ അതും ലാഭം. രാജ്യത്ത് ജനസംഖ്യ ഇപ്പോള്‍ തന്നെ കൂടുതലാണ്. എത്ര കുറയുന്നോ അത്രയും നന്ന്. അര്‍ഹതയുള്ളത് മാത്രം അതിജീവിച്ചാല്‍ മതിയെന്ന ഫാസിസ്റ്റ് ദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതിലധികം സഹായം രാജ്യത്തിന് ചെയ്യാനാകുമോ. ഇതൊക്കെയാണ് നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ച നല്ല കാലം (അച്ഛാ ദിന്‍).



source http://www.sirajlive.com/2021/02/01/466903.html

Post a Comment

أحدث أقدم