ഒന്നാം സ്ഥാനക്കാരെ ചുരുട്ടിക്കൂട്ടി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

ബാംബോലിം | ഐ എസ് എല്ലിലെ 76ാം മത്സരത്തില്‍ ഗംഭീര വിജയവുമായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി. ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് നിലംപരിശാക്കിയത്. മത്സരം പത്ത് മിനുട്ടാകും മുമ്പാണ് രണ്ട് ഗോളുകള്‍ നോര്‍ത്ത് ഈസ്റ്റ് നേടിയത്.

ദേഷോണ്‍ ബ്രൗണ്‍ ആണ് ഇരട്ട ഗോളുകള്‍ നേടിയത്. ആറ്, ഒമ്പത് മിനുട്ടുകളിലായിരുന്നു ഗോള്‍വേട്ട. കളി അവസാനിക്കാൻ മിനുട്ടുകൾ അവശേഷിക്കെ 85ാം മിനുട്ടിലാണ് ആദം ലെ ഫോന്ദ്രെ മുംബൈക്ക് ആശ്വാസ ഗോൾ നേടിക്കൊടുത്തത്. കളിയാരംഭിച്ച രണ്ടാം മിനുട്ടില്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന് ഗംഭീര ഗോളവസരം. മൈതാനത്തിന് പകുതിയില്‍ നിന്നുള്ള ഫെഡറികോ ഗാലെഗോയുടെ ഫ്രീകിക്ക് മുംബൈയുടെ പെനല്‍റ്റിക്കടുത്തുണ്ടായിരുന്ന ബെഞ്ചമിന്‍ ലാംബോട്ടിന് നേര്‍ക്ക് വന്നെങ്കിലും വരുതിയിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇതോടെ ഗോള്‍കീപ്പര്‍ അംരീന്ദര്‍ സിംഗ് ബോള്‍ കൈപ്പിടിയിലൊതുക്കി.

എന്നാല്‍ ആറാം മിനുട്ടില്‍ നീം ഡോര്‍ജീയുടെ അസിസ്റ്റില്‍ ദേഷോണ്‍ ബ്രൗണ്‍ ഗോള്‍ നേടി. പെനല്‍റ്റിക്ക് പുറത്തുനിന്നുള്ള ലൂയിസ് മക്കാഡോയുടെ ഷോട്ട് സുന്ദരമായ ഡൈവിലൂടെ അംരീന്ദര്‍ തടയുകയും തിരിച്ചുവന്ന ബോള്‍ സുഹൈര്‍ വടക്കേപീടികക്ക് ലഭിക്കുകയും നീ ഡോര്‍ജീക്ക് തട്ടിക്കൊടുക്കുകയും ചെയ്തു. ഡോര്‍ജീയുടെ ക്രോസ് ദേഷോണ്‍ ബ്രൗണിന് ലഭിക്കുകയും ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലാക്കുകയും ചെയ്തു. ഗോള്‍ നേടിയ സന്തോഷം അവസാനിക്കുന്നതിന് മുമ്പ് ഒമ്പതാം മിനുട്ടില്‍ ലൂയിസ് മക്കാഡോയുടെ അസിസ്റ്റില്‍ ദേഷോണ്‍ ബ്രൗണ്‍ രണ്ടാം ഗോളും നേടി.

20ാം മിനുട്ടില്‍ ദേഷോണ്‍ ബ്രൗണിന് ഹാട്രിക് അവസരം ലഭിച്ചിരുന്നു. മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആധിപത്യം കണ്ട് 32ാം മിനുട്ടില്‍ റയ്‌നീര്‍ ഫെര്‍ണാണ്ടസിന് പകരം മെഹ്താബ് സിംഗിനെ മുംബൈ കളത്തിലിറക്കി. 48ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി പുറത്തെടുത്തത്. നോര്‍ത്ത് ഈസ്റ്റിന്റെ പ്രൊവത് ലാക്രക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. 52ാം മിനുട്ടില്‍ മുംബൈയുടെ ബാര്‍തോലോമേവ് ഒഗ്‌ബെച്ചക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 55ാം മിനുട്ടില്‍ മുംബൈയുടെ അഹ്മദ് ജുഹൂഹും മഞ്ഞക്കാര്‍ഡ് കണ്ടു. 66, 67 മിനുട്ടുകളില്‍ മൂന്ന് പേരെയാണ് മുംബൈ പകരമിറക്കിയത്. പരുക്കേറ്റതിനെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റിന്റെ സുഹൈര്‍ വടക്കേപ്പീടികക്കും കളംവിടേണ്ടി വന്നു. റോച്ചാര്‍സെലയാണ് പകരമിറങ്ങിയത്. 71ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ നീം ഡോര്‍ജീക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

72ാം മിനുട്ടില്‍ അവസാന പകരക്കാരനെയും മുംബൈ കളത്തിലെത്തിച്ചു. മന്ദര്‍ റാവു ദേശായിക്ക് പകരം വിഗ്നേശ് ദക്ഷിണാമൂര്‍ത്തിയെയാണ് മുംബൈ ഇറക്കിയത്. ആശ്വാസ ഗോളെങ്കിലും നേടുകയായിരുന്നു ലക്ഷ്യം. 73ാം മിനുട്ടില്‍ മുംബൈയുടെ സാര്‍ഥക് ഗൊലൂയിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 78ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോളടി വീരന്‍ ദേഷോണ്‍ ബ്രൗണിനെ കോച്ച് പിന്‍വലിച്ചു. ഇദ്രീസ്സ സില്ലയാണ് പകരമെത്തിയത്.

ഒടുവില്‍ 85ാം മിനുട്ടില്‍ മുംബൈയുടെ പോരാട്ടം ഫലം കണ്ടു. പകരക്കാരനായെത്തിയ ആദം ലെ ഫോന്ദ്രെ ആശ്വാസ ഗോള്‍ നേടി. ഒഗ്‌ബെച്ചയായിരുന്നു അസിസ്റ്റ്. അതിന് തൊട്ടുമുമ്പ് 79, 82 മിനുട്ടുകളില്‍ ഗോളവസരങ്ങള്‍ മുംബൈക്ക് ലഭിച്ചെങ്കിലും ഫലം കണ്ടില്ല. 88ാം മിനുട്ടിലും മുംബൈക്ക് അവസരമൊത്തുവന്നിരുന്നു. ഗോൾ നേടിയ ആദം ഫോന്ദ്രെയുടെ ഹെഡർ ക്രോസ്സ്ബാറിന് മുകളിലൂടെ കടന്നുപോകുകയായിരുന്നു. 90ാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം ലൂയിസ് മക്കാഡോക്ക് മഞ്ഞക്കാർഡ് ലഭിച്ചു.

നിശ്ചിത സമയം പൂർത്തിയായപ്പോൾ റഫറി അഞ്ച് മിനുട്ട് അധികം അനുവദിച്ചെങ്കിലും സമനില ഗോൾ നേടാൻ മുംബൈക്ക് സാധിച്ചില്ല.



source http://www.sirajlive.com/2021/01/30/466764.html

Post a Comment

Previous Post Next Post