സിദ്ദീഖ് കാപ്പനായി പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ജാമ്യഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി ഹത്രാസ് ഇരയുടെ വീട് സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെ യു പി പോലീസ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദീഖ് കാപ്പന്റെ ജാമ്യത്തിനായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയുള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനക്കും വിധേയനാകാന്‍ തയ്യാറാണെന്നും കാപ്പന്‍ ഇതിനകം കോടതിയെ അറിയിച്ചിട്ടുണ്ട്. തന്റെ ബേങ്ക് എക്കൗണ്ടിന്റെ വിശദാംശങ്ങളും നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.

നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, നുണ പരിശോധന തുടങ്ങി ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാന്‍ തയ്യാറാണെന്ന് സുപ്രീം കോടതിയെ അറിയിക്കാന്‍ അഭിഭാഷകനായ വില്‍സ് മാത്യുവിനെ സിദ്ദിഖ് കാപ്പന്‍ ചുമതലപ്പെടുത്തിയിരുന്നു. യൂണിയന്റെ ഡല്‍ഹി ഘടകം പ്രസിഡന്റ് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സിദ്ദിഖ് കാപ്പന്റെ അറസ്റ്റും, മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ നിയമം ദുരുപയോഗം ചെയ്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യൂണിയന്‍ ആവശ്യപെട്ടിടുണ്ട്. സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെ കുറിച്ച് അയച്ച കത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇത് വരെ മറുപടി നല്‍കിയിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



source http://www.sirajlive.com/2021/01/22/465820.html

Post a Comment

أحدث أقدم