
വന്‍കിട കമ്പനികള്‍ക്ക് പൂഴ്ത്തിവെപ്പിന് യഥേഷ്ടം അവസരം നല്‍കുന്ന അവശ്യവസ്തു നിയമ ഭേദഗതിയിലും കാര്‍ഷികോത്പന്നം രാജ്യത്തെവിടെ വേണമെങ്കിലും വില്‍ക്കാന്‍ അനുവദിക്കുന്ന കാര്‍ഷികോത്പന്ന വ്യാപാര – വാണിജ്യ പ്രോത്സാഹന നിയമത്തിലും കര്‍ഷകരുടെ സംരക്ഷണവും ശാക്തീകരണവും ഉത്പന്നങ്ങള്‍ക്ക് വില ഉറപ്പാക്കലും വാഗ്ദാനം ചെയ്യുന്ന നിയമത്തിലും എന്തുകൊണ്ട് സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്. രാജ്യത്തെ കര്‍ഷകരില്‍ വലിയൊരു വിഭാഗം തള്ളിക്കളയുമ്പോഴും നിയമം പിന്‍വലിക്കില്ലെന്ന് ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വാശി പിടിക്കുമ്പോള്‍ അതിന് കാരണങ്ങള്‍ പലതാണ്.
അംബാനിമാര്‍ക്കും അദാനിമാര്‍ക്കും കൊള്ളലാഭമെടുക്കാന്‍ പാകത്തിലുള്ള കച്ചവടാന്തരീക്ഷം കൊണ്ടുവരിക എന്നതാണ് ഒരു കാരണം. അത് മറയില്ലാതെ രാജ്യത്തിന് മുന്നിലുണ്ട്. പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ കരാറില്‍ റിലയന്‍സ് ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്, കര്‍ണാടകത്തില്‍ സോന മസൂറി എന്ന അരി ഇനം കൃഷി ചെയ്യുന്ന കര്‍ഷകരുടെ സംഘവുമായി. ഈ ഇനത്തിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത താങ്ങുവിലയില്‍ നിന്ന് ക്വിന്റലിന് 82 രൂപ അധികം നല്‍കി അരി സംഭരിക്കാനാണ് കരാര്‍. ഇവ്വിധത്തിലുള്ള കരാറുകളുമായി കമ്പനികള്‍ മുന്നോട്ടുപോകുമ്പോള്‍, താങ്ങുവിലയെന്നത് അപ്രസക്തമാകും. വൈകാതെ താങ്ങുവില തന്നെ ഇല്ലാതാകും. പിന്നെ കമ്പനികള്‍ നിശ്ചയിക്കുന്ന വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകരും അവരുടെ സംഘങ്ങളും നിര്‍ബന്ധിതരാകും.
കരാര്‍ കൃഷിക്ക് ഇറങ്ങില്ലെന്ന വാഗ്ദാനവും റിലയന്‍സ് നല്‍കുന്നുണ്ട്. അതായത് കര്‍ഷകരുമായി കരാറുണ്ടാക്കി കൃഷി ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ റിലയന്‍സിന് പരിപാടിയില്ലത്രെ. റിലയന്‍സ് അത് ഉദ്ദേശിക്കുന്നുണ്ടാകില്ല. പക്ഷേ, റിലയന്‍സിന് വേണ്ടി കരാര്‍ കൃഷി നടത്താന്‍ അവരുടെ തന്നെ ഒത്താശയോടെ സ്ഥാപിക്കപ്പെടുന്ന നിരവധി കമ്പനികളുണ്ടാകും. ഒന്നര ലക്ഷം കോടിയിലേറെ രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണം നേരിട്ട രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രത്തിന്റെയും ലൈസന്‍സിന്റെയും വിതരണക്കാലത്ത്, ഇപ്പോള്‍ പാപ്പരായി നില്‍ക്കുന്ന അനില്‍ അംബാനിയുടെ കമ്പനി ചെയ്തത് അതായിരുന്നു. അനിലിന്റെ ആര്‍ കോം അപ്പോള്‍ തന്നെ മൊബൈല്‍ സേവന ദാതാവായി രംഗത്തുണ്ടായിരുന്നു. നിലവില്‍ മൊബൈല്‍ സേവന രംഗത്തുള്ളവര്‍ക്ക് ലൈസന്‍സിനും സ്‌പെക്ട്രത്തിനും അപേക്ഷിക്കാന്‍ യോഗ്യതയില്ലെന്ന് വ്യവസ്ഥ വെച്ചിരുന്നു സര്‍ക്കാര്‍, സ്വാന്‍ ടെലികോം എന്ന മറ്റൊരു കമ്പനി രൂപവത്കരിച്ച് സ്‌പെക്ട്രവും ലൈസന്‍സും സ്വന്തമാക്കി, അത് മറിച്ചുവിറ്റ് കോടികള്‍ സമ്പാദിക്കുകയാണ് അനില്‍ അംബാനി അന്ന് ചെയ്തത്. ഇതേ മാതൃക കരാര്‍ കൃഷിക്ക് വേണ്ടി റിലയന്‍സും അദാനി ഗ്രൂപ്പുമൊക്കെ സ്വീകരിക്കും. നേരിട്ടിറങ്ങാതെയും കൈ നനയാതെയും മീന്‍ പിടിക്കാന്‍ അവസരമുള്ളപ്പോള്‍ കരാര്‍ കൃഷിയിലിറങ്ങില്ലെന്നൊക്കെ പ്രസ്താവന നടത്തുക എളുപ്പമാണ്. ഇവ്വിധമുള്ള ചതികളെക്കുറിച്ചൊക്കെ നല്ല ബോധ്യമുള്ളതുകൊണ്ടാണ് നിയമങ്ങള്‍ പിന്‍വലിക്കുക എന്നതിനപ്പുറമൊരു ഒത്തുതീര്‍പ്പില്ലെന്ന് കര്‍ഷകര്‍ ഉറപ്പിച്ചു പറയുന്നത്.
കുത്തക കമ്പനികളെ സഹായിക്കുക എന്ന പരസ്യ അജന്‍ഡക്കപ്പുറത്തുള്ള ചിലത് ഈ നിയമങ്ങളിലൂടെ നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാറും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഫെഡറല്‍ ഭരണക്രമത്തെ കൂടുതല്‍ ദുര്‍ബലമാക്കുക എന്നതും ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ മറികടക്കുക എന്നതുമാണത്. ഇന്ത്യന്‍ യൂനിയന്റെ ഭരണഘടനയില്‍ കൃഷി സംസ്ഥാനങ്ങളുടെ വിഷയമാണ്. പ്രാദേശിക പ്രത്യേകതകള്‍, ഭൂമിയുടെ ഘടന, കാലാവസ്ഥയിലെ വ്യത്യാസം എന്നിങ്ങനെ പലതും കൃഷിയെ ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ പ്രദേശത്തെയും കൃഷിയുടെ കാര്യത്തില്‍ യുക്തിസഹമായി തീരുമാനമെടുക്കാന്‍ അതാതിടത്തെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് സാധിക്കുക എന്നത് കണക്കിലെടുത്താണ് ഭരണഘടനയില്‍ ഇങ്ങനെ വ്യവസ്ഥ ചെയ്തത്. ഇത് നിലനില്‍ക്കെ തന്നെ കൃഷിയെ കേന്ദ്രാധികാരത്തിന്‍ കീഴില്‍ കൊണ്ടുവരിക എന്നതാണ് ഉദ്ദേശ്യം. അതുവഴി സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറി, അവയുടെ പ്രസക്തി കൂടുതല്‍ ഇല്ലാതാക്കുകയെന്നതും.
ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കി, സമ്പത്തിന്റെ വിതരണാവകാശം പൂര്‍ണമായി കേന്ദ്ര സര്‍ക്കാറില്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍ തന്നെ, കേന്ദ്രീകരിച്ചത് മുതല്‍ തുടങ്ങിയ ഫെഡറലിസത്തിന്റെ അട്ടിമറി ജി എസ് ടി നടപ്പാക്കലിലൂടെ, ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സംസ്ഥാനത്തിന്റെ അനുവാദം കൂടാതെ ഇടപെടാന്‍ അനുവദിക്കും വിധത്തിലുള്ള നിയമ ഭേദഗതിയിലൂടെ ഒക്കെ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു കേന്ദ്രം. പ്രത്യേക പദവി ഏടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചപ്പോള്‍, ജമ്മു കശ്മീരിനും അവിടുത്തെ ജനതക്കും നല്‍കിയ ഉറപ്പില്‍ നിന്ന് ഇന്ത്യന്‍ യൂനിയന്‍ പിന്‍മാറുക എന്നത് മാത്രമല്ല, സംസ്ഥാനങ്ങളില്‍ ഏത് വിധേനയും ഇടപെടാന്‍ കേന്ദ്രം മടിക്കില്ലെന്ന സന്ദേശവും നല്‍കുക കൂടിയായിരുന്നു. അതിന്റെ അടുത്തഘട്ടം കൂടിയാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളിലൂടെ നടപ്പാക്കുന്നത്.
കാര്‍ഷികോത്പന്നങ്ങള്‍ എവിടെയും വില്‍ക്കാന്‍, കൃഷിയിടങ്ങള്‍ കരാറെടുത്ത് കൃഷിയിറക്കാന്‍, കാര്‍ഷികോത്പന്നങ്ങള്‍ പരിധിയില്ലാതെ സംഭരിക്കാന്‍ ഒക്കെ അനുവാദം നല്‍കുമ്പോള്‍ അതിന് പാകത്തില്‍ ഇതര മേഖലകളിലെ പരിഷ്‌കാരങ്ങള്‍ കൂടി ആവശ്യമായി വരും. പ്രധാന വിഭവം ജലമാണ്. കരാര്‍ കൃഷി വ്യാപിപ്പിക്കുമ്പോള്‍ കൃഷി ഭൂമി ഏറ്റെടുക്കുന്ന കമ്പനികള്‍ക്ക് ആവശ്യത്തിന് വെള്ളം വേണ്ടിവരും. വെള്ളം ദേശത്തിന്റെ സ്വത്തായി കണക്കാക്കി പകുക്കാനുള്ള നിയമമായിരിക്കും അടുത്തത്. പിന്നെ ഇത്തരം കമ്പനികള്‍ക്ക് ഏകീകൃത നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ശ്രമമാകും. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കടന്ന് സംസ്ഥാനങ്ങളുടെ അധികാരങ്ങളെയും പ്രാദേശിക ജനവിഭാഗങ്ങളുടെ അവകാശങ്ങളെയും പരിമിതപ്പെടുത്തുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഈ നിയമങ്ങള്‍, അതുകൊണ്ടാണ് ഇവ പിന്‍വലിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മടിക്കുന്നത്.
ഒരു രാജ്യം ഒരു കാര്‍ഷിക വിപണി എന്നതാണ് ഈ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു നിയമം എന്ന് തുടങ്ങിയ ആശയങ്ങളുടെ തുടര്‍ച്ച ഇവിടെയുമുണ്ട്. അതുതന്നെയാണ് ഈ നിയമങ്ങളുയര്‍ത്തുന്ന വലിയ അപകടവും. കാര്‍ഷിക മേഖലയിലെ അപകടകരമായ പരിഷ്‌കാരങ്ങള്‍ക്കെതിരായ സമരമെന്നതിനപ്പുറത്തുള്ള പ്രാധാന്യം കര്‍ഷകരുടെ സമരത്തിനുണ്ട്.
source http://www.sirajlive.com/2021/01/11/464237.html
Post a Comment