വാളയാർ കേസ് സി ബി ഐക്ക് വിട്ടു

തിരുവനന്തപുരം | കേരള മനഃസാക്ഷിയെ ഞെട്ടിച്ച വാളയാറിലെ രണ്ട് ദളിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐക്ക് വിട്ട് സംസ്ഥാന സർക്കാർ. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു.

കേസ് ഏറ്റെടുക്കുന്നതിൽ സി ബി ഐയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കേരളാ പൊലീസോ മറ്റ് ഏജന്‍സികളോ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും സി ബി ഐക്ക് കേസ് കൈമാറണമെന്നും ആയിരുന്നു രക്ഷിതാക്കളുടെ ആവശ്യം.

കേസില്‍ തുടരന്വേഷണം പൊലീസ് നടത്തുന്നതില്‍ വിശ്വാസമില്ലെന്നും പുനര്‍ വിചാരണ കൊണ്ടുമാത്രം പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നും വാളയാര്‍ സമരസമിതിയും ചൂണ്ടിക്കാട്ടിയിരുന്നു. വാളയാറില്‍ 13കാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. വി മധു, ഷിബു, എം മധു എന്നിവരാണ് കേസുകളിലെ ഒന്നും രണ്ടും നാലും പ്രതികള്‍. മൂന്നാം പ്രതി പ്രദീപ്കുമാര്‍ ആത്മഹത്യ ചെയ്തിരുന്നു.



source http://www.sirajlive.com/2021/01/11/464299.html

Post a Comment

أحدث أقدم