സമരഭൂമിയില്‍ ഇന്ന് രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകള്‍ ഓടും; ഐതിഹാസിക പോരാട്ടത്തിന് കര്‍ഷകര്‍

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ഐതിഹാസികമായ ട്രാക്ടര്‍ റാലി ഇന്ന്. രാജ്യം 72ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് തലസ്ഥാനത്ത് കര്‍ഷകര്‍ കൂറ്റന്‍ റാലി നടത്തുന്നത്. പ്രക്ഷോഭത്തില്‍ രണ്ട് ലക്ഷത്തോളം ട്രാക്ടറുകള്‍ അണിനിരക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ ട്രാക്ടറുകള്‍ ചരിത്രം സൃഷ്ടിക്കുന്ന സമരത്തില്‍ എത്തിയെന്നാണ് വിവരം.

റാലി രണ്ടു മണിക്കൂറിലധികം നീണ്ടുനില്‍ക്കും.റാലി കണക്കിലെടുത്ത് ഡല്‍ഹിയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിനൊപ്പം ഏകോപനത്തിന് മൂവായിരം പേരുടെ സന്നദ്ധ സംഘത്തെ സജ്ജീകരിച്ചിട്ടുണ്ട്. റാലിയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ചില വിധ്വംസക ശക്തികള്‍ റാലിയിലേക്ക് നുഴഞ്ഞുകയറിയേക്കുമെന്നാണ് വിവരം.

സമരത്തിന്റെ ഭാഗമാകാന്‍ ഡല്‍ഹിയിലേക്ക് വന്‍ കര്‍ഷക പ്രവാഹമാണ് നടക്കുന്നത്. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലെ റാലിയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കര്‍ഷക സംഘടനകളും പോലീസും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്പഥില്‍ റിപബ്ലിക് ദിന പരേഡ് അവസാനിക്കുന്നതോടെ ഡല്‍ഹി അതിര്‍ത്തികളില്‍ ട്രാക്ടര്‍ റാലിക്ക് തുടക്കമാകും. ഉച്ചക്ക് പന്ത്രണ്ടിനാണ് സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്ന് റാലി ആരംഭിക്കുക. ഡല്‍ഹിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് റാലി ക്രമീകരിച്ചിട്ടുള്ളത്.

അതിനിടെ, ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലിമെന്റിലേക്ക് കാല്‍നടയായി മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. സമരഭൂമിയില്‍ നിന്ന് പാര്‍ലിമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.



source http://www.sirajlive.com/2021/01/26/466297.html

Post a Comment

Previous Post Next Post