ജോ ബൈഡന് ബരാക് ഒബാമ പോലുമാകാൻ സാധിക്കില്ലെന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. ഒബാമയുടെ വിശ്വസ്തനായ വൈസ് പ്രസിഡന്റായിരുന്നുവല്ലോ ബൈഡൻ. അന്നത്തെ അമേരിക്കൻ നയങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റുമാരുടെ സഹജമായ നിലപാടുകളിൽ നിന്ന് നന്നായി വ്യതിചലിക്കാൻ ശ്രമം നടത്തിയ ഒബാമക്ക് പക്ഷേ, വംശീയതയുടെ ഭീകര താണ്ഡവം തടയാനായില്ല. ഭീകരവിരുദ്ധതയുടെ പേരിൽ പുറം നാടുകളിൽ വിന്യസിച്ച യു എസ് സൈനികരെ നാട്ടിലെത്തിക്കാനായില്ല; ഗ്വാണ്ടനോമ ജയിൽ അടച്ചുപൂട്ടാനായില്ല; തോക്ക് നയത്തിൽ മാറ്റം വന്നില്ല. ലിബിയയിൽ സമാധാനം സ്ഥാപിക്കാനായില്ല. ഇസ്‌റാഈലിന്റെ അധിനിവേശ പദ്ധതികൾ തടയാനുമായില്ല. ആയുധ ഇടപാടുകാരടക്കമുള്ള സർവ ലോബീംഗിനും ഒബാമക്ക് കീഴടങ്ങേണ്ടി വന്നു. ഓർക്കണം, ട്രംപിസം വേരാഴ്ത്തി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല അന്ന്. എന്നിട്ടും പ്രഖ്യാപനങ്ങളിൽ നിന്ന് അകന്ന് പോകേണ്ടി വന്നു ഒബാമക്ക്. അങ്ങനെയെങ്കിൽ ബൈഡൻ തരുന്ന പ്രതീക്ഷകളുടെ സ്ഥിതിയെന്തായിരിക്കും? ട്രംപിനെ പൂർണമായി നിരാകരിച്ച് ബൈഡന് മുന്നോട്ട് പോകാനാകുമോ? ബൈഡന് ഒബാമ പോലുമാകാൻ സാധിക്കില്ലെന്ന വിലയിരുത്തലാണോ പുലരാൻ പോകുന്നത്?
ഈ ചോദ്യങ്ങൾക്ക് ആദ്യ ഉത്തരം ലഭിക്കുക ഇറാൻ ആണവകരാറിലായിരിക്കും. ബരാക് ഒബാമയുടെ കാലത്ത് ഒപ്പുവെക്കുകയും ഡൊണാൾഡ് ട്രംപ് റദ്ദാക്കുകയും ചെയ്ത ആണവ കരാർ പുനഃസ്ഥാപിക്കുമെന്നത് ബൈഡന്റെ പ്രധാന പ്രഖ്യാപനമായിരുന്നു. രണ്ട് തലങ്ങളുണ്ട് ഈ കരാറിന്. ഒന്ന് ഇറാൻ അതിന്റെ ആണവ പരീക്ഷണങ്ങൾ അന്താരാഷ്ട്ര പരിശോധനക്ക് വിധേയമാക്കണം. രണ്ട്, ഇറാനെതിരായ ഉപരോധം യു എസും മറ്റ് വൻ ശക്തികളും പിൻവലിക്കണം. കാര്യത്തോടടുത്തപ്പോൾ ബൈഡൻ ഭരണകൂടം ഉരുളൽ തുടങ്ങിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ ലോകവിശേഷം. ഇറാൻ ആദ്യം ചുവട് വെക്കട്ടേയെന്നാണ് ബൈഡന്റെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറയുന്നത്. എന്നുവെച്ചാൽ ആണവ പരിപാടികൾ പൂർണമായി നിർത്തി വെച്ചുവെന്ന് യു എസിന് ബോധ്യപ്പെട്ടാൽ മാത്രമേ ഉപരോധം പിൻവലിക്കുകയുള്ളൂ. ഈ നിലപാട് ഇറാനെ സമ്മർദത്തിലാക്കാനും ഇസ്‌റാഈലിനെയും അറബ് പ്രമുഖരെയും തൃപ്തിപ്പെടുത്താനും വേണ്ടിയാണെന്ന് വ്യക്തം. ശിയാ നേതൃത്വത്തിന്റെ വംശീയമായ നിലാപാടുകൾ മൂലം രൂപപ്പെട്ട നിരവധി കൊള്ളരുതായ്മകൾ ഇറാന് ഉണ്ടെങ്കിലും അത് പരാമാധികാര, സ്വതന്ത്ര രാഷ്ട്രമാണെന്ന് അംഗീകരിക്കുകയും സമാധാനപരമായി അതിജീവിക്കാനുള്ള സ്വാതന്ത്ര്യം വകവെച്ച് കൊടുക്കുകയും ചെയ്‌തേ തീരൂ. സമാധാനപരമായ ആണവ പരീക്ഷണത്തിന്, ഒരു വേള യുദ്ധാവശ്യത്തിനുള്ള പരീക്ഷണത്തിന് പോലും, ഇറാന് അർഹതയുണ്ട്. ആ സ്വാഭാവിക നീതിയുടെ വെളിച്ചത്തിൽ നിന്ന് നോക്കുമ്പോൾ ബൈഡൻ ഭരണകൂടം ഇപ്പോഴെടുക്കുന്ന നിലപാട് ട്രംപിന്റെ ഈച്ചക്കോപ്പിയാണെന്ന് പറയേണ്ടി വരും.
ജോയിന്റ് കോംപ്രിഹൻസീവ് ആക്്ഷൻ പ്ലാൻ എന്ന് വിളിക്കപ്പെട്ട കരാർ ഇറാനും യു എസും മാത്രമല്ല, കരാറിൽ ഒപ്പുവെച്ച മറ്റ് രാജ്യങ്ങളും ഒരുമിച്ച്, ഒരേസമയം പാലിക്കേണ്ടതാണ്. വസ്തുത അതായിരിക്കെ, നിങ്ങൾ ആദ്യം കരാർ പാലിക്കൂ എന്ന് പറയുന്നത് എങ്ങനെ നീതീകരിക്കാനാകും? ഇക്കാര്യത്തിൽ ഇറാൻ വിദേശകാര്യമന്ത്രി ജവാദ് ള്വരീഫ് പറഞ്ഞത് കൃത്യമാണ്. “കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങിയത് അമേരിക്കയാണ്. ഞങ്ങൾ എപ്പോഴും കരാറിലുണ്ട്. അവരാണ് തിരിച്ചുവരേണ്ടത്. അവരാണ് വാക്ക് പാലിക്കേണ്ടത്’. ആണവ കരാറിന്റെ ചരിത്രം നോക്കിയാൽ ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതിന്റെ അർഥം മനസ്സിലാകും.
ഇറാനിൽ അത്ര നല്ല പ്രതിച്ഛായ അല്ല ഈ കരാറിനുള്ളത്. അത് കീഴടങ്ങലാണന്ന വികാരം അവിടെ നിലവിലുണ്ട്. ഉപരോധം നീങ്ങിക്കിട്ടുമെന്ന ഒരേയൊരു ആകർഷണീയതയേ ഇറാൻ ജനതക്കും പരമോന്നത ശിയാ നേതൃത്വത്തിനും ഈ കരാറിലുള്ളൂ. അപ്പോൾ ഉപരോധം നീക്കാത്ത ഒരു വിട്ടുവീഴ്ചക്കും ഇറാൻ സന്നദ്ധമാകില്ല. പ്രത്യേകിച്ച്, യുദ്ധ ഭീഷണിയുമായി ഇസ്‌റാഈൽ രംഗത്തുള്ളപ്പോൾ.
2018ൽ ആണവ കരാറിൽ നിന്ന് ട്രംപ് ഏകപക്ഷീയമായി പിൻവാങ്ങിയപ്പോൾ ഇറാനിൽ ഒരു വിഭാഗം ആഘോഷിക്കുകയായിരുന്നു. അവിടെ ആയത്തുല്ലമാർക്ക് അമേരിക്കൻ ശത്രുതയില്ലാതെ ജീവിക്കാനാകില്ല. ജനങ്ങളെ ദേശ സ്‌നേഹത്തിൽ മയക്കിക്കിടത്താൻ അതുവേണം. റൂഹാനിയെ വീണ്ടും തിരഞ്ഞെടുക്കുക വഴി ജനം അംഗീകരിച്ച ആണവ കരാറിനെ അപകീർത്തിപ്പെടുത്തുകയാണ് ആയത്തുല്ലാ ഖാംനഈ ചെയ്തത്. യൂറോപ്യൻ യൂനിയൻ കൂടി കരാറിൽ നിന്ന് പിൻവാങ്ങിയതോടെ എല്ലാവരും ആഗ്രഹിച്ചത് നടന്നു. ആണവ കരാർ വീരചരമം പ്രാപിച്ചു.
ഇപ്പോൾ കരാർ പുനഃസ്ഥാപിക്കാമെന്ന ബൈഡന്റെ വാഗ്ദാനത്തിന് മുന്നിൽ നിൽക്കുമ്പോഴും ഉപരോധം തന്നെയാണ് പ്രശ്‌നവത്കരിക്കപ്പെടുന്നത്. വൻ ശക്തികൾ ദുർബലർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഉപരോധത്തേക്കാൾ ഭീകരമായി മറ്റെന്താണ് ഉള്ളത്? ഗുണ്ടായിസമല്ലേ അത്? എന്ത് ഗുണഫലമാണ് ഈ ചട്ടമ്പിത്തരം ഉണ്ടാക്കുന്നത്? ഞങ്ങൾ പറഞ്ഞിടത്ത് നിന്നില്ലെങ്കിൽ നിങ്ങളെ ഉപരോധിച്ച് തകർത്തുകളയും എന്നതാണല്ലോ ഭീഷണി. ശത്രുക്കളായോ ആഗോളഭീഷണിയായോ അമേരിക്ക കരുതുന്നവർക്ക് മേൽ ഉപരോധം അടിച്ചേൽപ്പിക്കാൻ ഒരു നിയമം തന്നെ പാസ്സാക്കി വെച്ചിട്ടുണ്ട് യു എസ് കോൺഗ്രസ്. ദി കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷൻ ആക്ട് എന്നാണ് പേര്. ഇതുവെച്ചാണ് കളി. ഇറാന് മേൽ ഉപരോധം പ്രഖ്യാപിച്ചാൽ ആ രാജ്യവും യു എസും തമ്മിലുള്ള ബന്ധം മാത്രമല്ല നിലക്കുന്നത്. മറ്റൊരു രാജ്യം ഇറാനുമായി സഹകരിച്ചാൽ അവർക്കെതിരെയും വരും ഉപരോധം. അതുകൊണ്ടാണല്ലോ വില കുറച്ചു കിട്ടുമെന്നറിഞ്ഞിട്ടും ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങാത്തത്. ഈ ഉപരോധ ഭീകരതയുടെ ഏറ്റവും പുതിയ തെളിവാണ് ഇറാൻ അനുഭവിക്കുന്ന വാക്്സീൻ പ്രതിസന്ധി.
അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മൂലം ആ രാജ്യത്തിന് കൊവിഡ് വാക്‌സീൻ ഇറക്കുമതി ചെയ്യാൻ സാധിക്കുന്നില്ല. ഔഷധവും വാക്‌സീനും വിലക്കിന്റെ പരിധിയിൽ വരില്ലെന്ന് യു എസ് ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, ഇറാനുമായുള്ള പണമിടപാടുകളെ വരിഞ്ഞു മുറുക്കും. ഇറാന് പുറത്ത് നിന്ന് വാക്‌സീൻ വാങ്ങണമെങ്കിൽ യു എസിന്റെ കാരുണ്യം വേണമെന്നർഥം. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അമേരിക്കയെ ഭയന്ന് ഇറാനുമായി ഇടപാടിന് തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഒന്നുകിൽ ഇറാൻ സ്വന്തമായി വാക്‌സീൻ രൂപപ്പെടുത്തണം. അല്ലെങ്കിൽ ചൈനയിൽ നിന്നോ റഷ്യയിൽ നിന്നോ മാത്രം വാക്‌സീൻ വാങ്ങണം. എത്ര കഷ്ടമാണിത്. ഏറ്റവും അനുയോജ്യമായ വാക്‌സീൻ തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് ഇറാന് നഷ്ടമാകുന്നത്.
ട്രംപിന്റെ തിളക്കമാർന്ന വിപരീത പദമാണ് ബൈഡനെന്ന് തെളിയിക്കാനുള്ള സമയമാണിത്. കൊവിഡിന് മുന്നിൽ ഏറ്റവും കൂടുതൽ മനുഷ്യർ മരിച്ചു വീണ രാജ്യത്തിന്റെ ഭരണകൂടം സമാനമായ പ്രതിസന്ധി അനുഭവിക്കുന്ന മറ്റൊരു രാജ്യത്തോട് കാണിക്കേണ്ട ഇത്തിരി കാരുണ്യമെങ്കിലും ടീം ബൈഡനുണ്ടെങ്കിൽ ഇറാനെതിരായ ഉപരോധം മരവിപ്പിക്കണം. ആണവ കരാർ പുനഃസ്ഥാപിക്കണം. മഹത്തായ അമേരിക്ക തിരിച്ചു പിടിക്കേണ്ടത് അങ്ങനെയാണ്.
source http://www.sirajlive.com/2021/01/31/466782.html
Post a Comment