കൊച്ചി | സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മുന്‍ അഭിഭാഷകന് കസ്റ്റംസ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമനം നല്‍കി കേന്ദ്രം. ഹൈക്കോടതി അഭിഭാഷകന്‍ ടി കെ രാജേഷിനാണ് കേന്ദ്രം പുതിയ പദവി നല്‍കിയത്. സ്വപ്നയുടെ അഭിഭാഷകനാകും മുമ്പു തന്നെ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നുവെന്നാണ് രാജേഷ് പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മാത്രമാണ് സ്വപ്നക്കു വേണ്ടി ഹാജരായതെന്നും കസ്റ്റംസ് സംബന്ധമായ കേസുകളിലെ തന്റെ അനുഭവ പരിചയം പരിഗണിച്ചാണ് പദവിയില്‍ നിയമിച്ചതെന്നും രാജേഷ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് ഒളിവില്‍പ്പോയ സ്വപ്ന സുരേഷ് പിന്നീട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹരജിയില്‍ സ്വപ്നക്കായി ഹൈക്കോടതിയില്‍ ഹാജരായത് രാജേഷായിരുന്നു. എന്നാല്‍, ഹരജി ഹൈക്കോടതി തള്ളുകയും സ്വപ്നയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
2018ലാണ് കസ്റ്റംസ് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ പദവിയിലേക്കുള്ള അപേക്ഷ ക്ഷണിച്ചതെന്ന് രാജേഷ് പറഞ്ഞു. 2019ല്‍ അഭിമുഖ പരീക്ഷയടക്കം നടന്നു. താനുള്‍പ്പെടെ 14 പേരെയാണ് സംസ്ഥാനത്ത് നിയമിച്ചത്. ഇതേപോലെ എല്ലാ സംസ്ഥാനത്തും ഒരേസമയം നിയമനം നടന്നിട്ടുണ്ടെന്നും രാജേഷ് വിശദീകരിക്കുന്നു.
source http://www.sirajlive.com/2021/01/08/463960.html
إرسال تعليق