
“സര്‍ക്കാറില്‍ ഒരു ജോലി കിട്ടിയിട്ടു വേണം ലീവെടുത്തു വിലസാനെ’ന്ന ഡയലോഗ് പ്രസിദ്ധമാണ്. അതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ദീര്‍ഘ കാലാവധിയെടുത്ത് വിദേശ രാജ്യങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിതമായ എണ്ണം. ഈ പ്രവണത സര്‍ക്കാറിന് അധിക ബാധ്യതയാണ്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇത് പ്രയാസവും സൃഷ്ടിക്കുന്നുണ്ട്. കോടതി പലപ്പോഴും ഇക്കാര്യത്തില്‍ ഇടപെടുകയും ദീര്‍ഘകാല ലീവിന്റെ കാര്യത്തില്‍ ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന അത്യുദാരത അവസാനിപ്പിക്കണമെന്ന് പല തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2016 ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് ഹൈക്കോടതി നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. “വിദേശ നാണ്യം രാജ്യത്തേക്കെത്തിക്കുന്നതിനായി 1980കളില്‍ ഉണ്ടാക്കിയതാണ് ജീവനക്കാര്‍ക്ക് നീണ്ടകാല അവധി എടുക്കാമെന്ന കേരള സര്‍വീസ് ചട്ടത്തിലെ വ്യവസ്ഥ. അത് കഴിഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. സാമ്പത്തിക ഉദാരവത്കരണം വന്നു. ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യ സ്വന്തം സ്ഥാനം അടയാളപ്പെടുത്തി. എന്നിട്ടും ജീവനക്കാരെ ദീര്‍ഘകാല ലീവെടുത്ത് വിദേശത്തു പോകാന്‍ അനുവദിക്കുന്നത് ശരിയല്ലെ’ന്നായിരുന്നു ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ വിലയിരുത്തല്‍.
അമേരിക്കയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അഞ്ച് കൊല്ലത്തെ അവധി തേടി കളമശ്ശേരി സെന്റ് പോള്‍സ് കോളജിലെ ഒരു അധ്യാപിക നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. അവരുടെ ലീവപേക്ഷ വിദ്യാര്‍ഥി താത്പര്യം മുന്‍നിര്‍ത്തി സ്‌കൂള്‍ മാനേജ്‌മെന്റ് നിരസിച്ചു. അതിനെതിരെയാണ് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്. അധ്യാപനത്തിലെ തുടര്‍ച്ച ഉറപ്പാക്കാനായി അവധി അപേക്ഷ നിരസിച്ച മാനേജ്‌മെന്റ് നടപടി ശരിവെക്കുകയും അധ്യാപികയുടെ ഹരജി തള്ളുകയുമായിരുന്നു കോടതി. അധ്യാപനത്തെ വരുമാന മാര്‍ഗം മാത്രമായി കാണരുതെന്നും വിദ്യാര്‍ഥികളോടും മാനേജ്‌മെന്റിനോടും അധ്യാപകര്‍ക്ക് ബാധ്യതയുണ്ടെന്നും ഉണര്‍ത്തിയ കോടതി, ഭര്‍ത്താവിനൊപ്പം താമസിക്കുന്നതിനാണ് ഹരജിക്കാരി പ്രഥമ പരിഗണന നല്‍കുന്നതെങ്കില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് പോകാവുന്നതാണെന്ന് കര്‍ക്കശ ഭാഷയില്‍ പറയുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധി എടുക്കാമെന്ന പഴഞ്ചന്‍ വ്യവസ്ഥ സര്‍വീസ് ചട്ടത്തില്‍ ഉള്ളതുകൊണ്ടാണ് ഇത്തരം ആവശ്യങ്ങള്‍ ഉയരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് പരിധിവിട്ട് അവധി അനുവദിക്കുന്ന പ്രവണത അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 2017 ജൂണില്‍ ജസ്റ്റിസ് പി ഉബൈദ് അധ്യക്ഷനായ ഹൈക്കോടതി ബഞ്ചും ആവശ്യപ്പെട്ടിരുന്നു.
ഒരു വ്യക്തി സര്‍ക്കാര്‍ ജോലിയില്‍ കയറി നിശ്ചിതകാലത്തെ പ്രബേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക അത്ര എളുപ്പമല്ല. അഥവാ പിരിച്ചുവിടാന്‍ തീരുമാനിച്ചാല്‍ തന്നെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പലപ്പോഴും മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുകയും ചെയ്യും. അത്രയേറെ ദൃഢമാണ് ജീവനക്കാരന്റെ അവകാശങ്ങളും സേവന വ്യവസ്ഥകളും. സര്‍ക്കാര്‍ സര്‍വീസ് നല്‍കുന്ന ഈ സുരക്ഷിതത്വമാണ് ജീവനക്കാര്‍ക്ക് അച്ചടക്കരാഹിത്യം കാണിച്ചാലും ഒന്നും വരാനില്ലെന്ന ധൈര്യം നല്‍കുന്നത്.
ജീവനക്കാരുടെ ഇത്തരം ദീര്‍ഘ അവധി പലപ്പോഴും സര്‍ക്കാര്‍ സര്‍വീസുകളെ കാര്യമായി ബാധിക്കുന്നു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഇത് നന്നായി അനുഭവിച്ചു. ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞപ്പോള്‍ ചികിത്സക്ക് മതിയായ ഡോക്ടര്‍മാരും ഇതര ജീവനക്കാരും തികയാതെ വന്നു. തുടര്‍ന്ന് ലീവില്‍ പോയ ജീവനക്കാരെ തിരിച്ചുവിളിക്കുകയും അവരോട് അടിയന്തരമായി ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു ആരോഗ്യ വകുപ്പ്. ചുരുക്കം ചിലര്‍ മാത്രമാണ് ഈ ഉത്തരവ് പാലിച്ചത്. മിക്കപേരും ആരോഗ്യ വകുപ്പിന്റെ നോട്ടീസിന് ഒരു വിലയും കല്‍പ്പിച്ചില്ല. വിദേശത്ത് ജോലി ചെയ്യുന്നവരാണ് ഇത്തരക്കാരില്‍ ഏറെയും. അവിടെ വര്‍ഷങ്ങളോളം ജോലി ചെയ്ത് നന്നായി സമ്പാദിച്ച ശേഷം സര്‍വീസ് കാലാവധി അവസാനിക്കാറാകുമ്പോള്‍ തിരിച്ചു ജോലിയില്‍ കയറി പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കുകയും ചെയ്യും. സര്‍വീസ് ചട്ടങ്ങളുടെ ഈ ദുരുപയോഗം ഇനിയും തുടരാന്‍ അനുവദിച്ചു കൂടെന്ന ഉറച്ച നിലപാടിലാണിപ്പോള്‍ സര്‍ക്കാര്‍. ആരോഗ്യ വകുപ്പിന്റെ ഉത്തരവ് അവഗണിച്ച് ലീവില്‍ തുടര്‍ന്ന 385 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 432 പേരെ കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു. നേരത്തേ മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുമ്പോഴും മറ്റും അവധി അവസാനിപ്പിച്ച് സര്‍വീസില്‍ പ്രവേശിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടാറുണ്ടായിരുന്നു ആരോഗ്യ വകുപ്പ്. അതാരും വിലവെക്കാറില്ല. തിരിച്ച് കയറിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും സര്‍ക്കാര്‍ അത് പ്രാവര്‍ത്തികമാക്കാറുമില്ല. അടുത്തിടെയാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിത്തുടങ്ങിയത്. ജനസംഖ്യയും തൊഴിലില്ലായ്മയും വര്‍ധിച്ച കാലമാണിത്. ജോലിക്കായി നിരവധി പേരാണ് അവസരങ്ങള്‍ കാത്തുകഴിയുന്നത്. സര്‍വീസില്‍ കയറിപ്പറ്റിയവര്‍ നീണ്ട അവധിയെടുത്ത് വിദേശത്ത് ജോലിക്കു പോകുമ്പോള്‍ ഇത്തരക്കാരുടെ അവസരമാണ് നഷ്ടമാകുന്നത്. സര്‍ക്കാര്‍ ജോലി ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടുന്ന സാഹചര്യവും ഒഴിവാക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം ഇത്തരുണത്തില്‍ പ്രസക്തമാണ്.
source http://www.sirajlive.com/2021/01/23/465929.html
إرسال تعليق