ലൈഫ് മിഷന്‍ അഭിമാന പദ്ധതി; നടത്തുന്നത് സമാനതകളില്ലാത്ത പാര്‍പ്പിട വികസന പ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം | സാധാരണക്കാരന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന അഭിമാന പദ്ധതിയാണ് ലൈഫ് മിഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി വഴി പൂര്‍ത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിന്റെ ഭാഗമായി വട്ടിയൂര്‍ക്കാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തു.

സംസ്ഥാന ചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട വികസന പ്രവര്‍ത്തനമാണ് ലൈഫ് മിഷന്‍ നടത്തുന്നത്.
8,823.20 കോടി രൂപ ചെലവിട്ട് 2,50,547 വീടുകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ലൈഫ് മിഷന്റെ ഭാഗമായുള്ള ബാക്കി വീടുകളുടെ നിര്‍മാണവും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും. പദ്ധതിയില്‍ നിന്ന് ഒഴിവായിപ്പോയെന്ന പരാതികള്‍ പരിഗണിക്കും. ആ അപേക്ഷകള്‍ കൂടി പരിശോധിച്ച് അര്‍ഹരായവര്‍ക്ക് വീട് നല്‍കാനുള്ള നടപടികള്‍ നടന്നുവരികയാണ്.

സംസ്ഥാനത്ത് വികസനം എങ്ങനെ വേണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായി രൂപം കൊണ്ട പദ്ധതിയാണ് ലൈഫ്. എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് ഇതിലൂടെ ഊട്ടിയുറപ്പിക്കുന്നതെന്നും പദ്ധതിക്ക് നേതൃത്വം കൊടുത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നാടിനുണ്ടാവുന്ന നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാനും ജനങ്ങള്‍ക്ക് ലഭ്യമാവുന്ന സൗകര്യങ്ങളെ അപഹസിക്കാനും വലിയ നുണപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുണ്ടെന്നും അവരോട് ഇത്തരം പ്രചാരണങ്ങളൊന്നും വിലപ്പോവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



source http://www.sirajlive.com/2021/01/28/466587.html

Post a Comment

Previous Post Next Post