സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കില്ല: ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം | നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിക്കില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് പൂര്‍ണ അവകാശം ഉണ്ട്. അത് പൂര്‍ണമായും അംഗീകരിക്കും. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പ്രതിപക്ഷത്തിനുള്ള ഒരവകാശവും നിഷേധിക്കില്ല. പതിനാലാം നിയമസഭയുടെ അവസാന ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് സ്പീക്കറുടെ പ്രതികരണം.

സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യക്തിപരമാണെന്ന് കരുതുന്നില്ലെന്നും ചില പ്രത്യേക സാഹചര്യങ്ങളില്‍ സഭക്ക് അകത്ത് പ്രതിപക്ഷം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാണ് ഇതിന് പിന്നില്‍.
തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യണമെന്ന കസ്റ്റംസ് ആവശ്യം ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചട്ടങ്ങള്‍ പാലിക്കാതിരുന്നപ്പോള്‍ അത് ചൂണ്ടിക്കാട്ടുക മാത്രമാണ് ഉണ്ടായത്. അയ്യപ്പന്‍ എട്ടിന് ഹാജരാകുമെന്ന് നേരത്തെ തന്നെ കസ്റ്റംസിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍, അതിന് അനുസൃതമായല്ല വാര്‍ത്തകള്‍ വന്നത്. അയ്യപ്പനെ കസ്റ്റംസ് വിളിച്ച് വരുത്തുന്നത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.



source http://www.sirajlive.com/2021/01/08/463963.html

Post a Comment

Previous Post Next Post