പൊതുബജറ്റ് ഇന്ന്; അവതരിപ്പിക്കുന്നത് കൊവിഡ് കാലത്തെ ആദ്യ ബജറ്റ്

ന്യൂഡല്‍ഹി | 2020-21 വര്‍ഷത്തെ പൊതുബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷമുള്ള ആദ്യ പൊതുബജറ്റാണിത്. കൊവിഡിനെ തുടര്‍ന്ന് കൂടുതല്‍ തകര്‍ന്ന രാജ്യത്തിന്റെ വളര്‍ച്ച ഇടിവ് പരിഹരിക്കുക സര്‍ക്കാറിന്റെ മുമ്പിലുള്ള പ്രധാന വെല്ലുവിളിയാണ്. ഇത് ലക്ഷ്യംവെച്ചുള്ള ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. കൂടാതെ രാജ്യത്തെ കര്‍ഷക സമരം കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര ലക്ഷ്യമിട്ട് ചില ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.
ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റില്‍ കാര്‍ഷിക-ആരോഗ്യ-തൊഴില്‍-വ്യവസായ മേഖലകളില്‍ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ട് വച്ചേക്കും.

വ്യവസായ വാണിജ്യ മേഖലകള്‍ക്ക് തിരിച്ച് വരാനുള്ള വഴി കാട്ടാനും ഈ ബജറ്റില്‍ ശ്രമം ഉണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ ‘മുമ്പൊരിക്കലുമുണ്ടാകാത്ത ‘ ബജറ്റായിരിക്കും താന്‍ അവതരിപ്പിക്കുക എന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നയങ്ങളെ കൂടുതല്‍ ഉദാരമാക്കാന്‍ മന്ത്രി ശ്രമിക്കും. തൊഴിലില്ലായ്മ രൂക്ഷമാകുന്നത് തടയാനായില്ലെങ്കില്‍ മറ്റെന്ത് നേട്ടം ഉണ്ടായാലും പ്രായോഗിക തലത്തില്‍ വികസനം യാഥാര്‍ത്ഥ്യമാകില്ല. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ മൂന്നു ശതമാനത്തില്‍ നിര്‍ത്തേണ്ട ധനകമ്മി, കൊവിഡ് കാല ചെലവുകളും, പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജും കൂടി ഏഴ് ശതമാനം കടത്തിയിരിക്കുന്നു. ആശങ്കാജനകമായ ഈ ധനകമ്മി, വിപണിയില്‍ നിന്ന് കടമെടുക്കുന്നതു പ്രയാസകരമാക്കും. ഇത് കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മുന്‍പില്‍ വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡ് വയ്ക്കാനുള്ള പ്രഖ്യാപനത്തിനാകും കാരണമാകുക.

പതിനൊന്ന് മണിക്ക് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് പൂര്‍ണമായും കടലാസ് രഹിതമായ, ചരിത്രത്തിലെ ആദ്യ കേന്ദ്ര ബജറ്റ് ആയിരിക്കും. ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം.



source http://www.sirajlive.com/2021/02/01/466907.html

Post a Comment

أحدث أقدم