ചരിത്രമുറങ്ങുന്ന തരീം

ക്യാമ്പസ് ജനനിബിഡമാണെങ്കിലും എവിടെയും ശാന്തമായ അന്തരീക്ഷം. ബഹളങ്ങളില്ല. ശണ്ഠകളോ കോലാഹലങ്ങളോ കേൾക്കാനില്ല. തമാശകളും പൊട്ടിച്ചിരികളും തീരെയില്ല. ഭാവഭേദങ്ങളില്ലാതെ ഭവ്യതയോടെ എല്ലാവരും തലയും കുനിച്ച് നടന്നുപോകുന്ന കാഴ്ചകൾ. സ്വദേശികളും വ്യത്യസ്ത നിറങ്ങളിൽ ഭൂഖണ്ഡങ്ങൾ ഭേദിക്കുന്ന വിദേശികളും ഇഴകിച്ചേർന്ന്, വേശവും ഭാഷയും സംസ്കാരവും ഒന്നായിത്തീർന്നിരിക്കുന്നു! ഖമീസും തലപ്പാവും ധരിച്ച് അറാക്ക് മരത്തിന്റെ വേരുകൊണ്ട് പല്ലുരച്ച് അടക്കത്തോടെയും ഒതുക്കത്തോടെയും ‘മുസ്വല്ല അഹ് ലുൽ കിസ’യിലേക്ക് ഒഴുകിയെത്തുന്നത് വേറിട്ട കാഴ്ചയാണ്. സത്യമതത്തിന്റെ എല്ലാ സുകൃതങ്ങളും നന്മകളും വന്നുചേരുന്ന മാതൃകാപരമായ ഒരു ജീവിതമാണിവിടെ എല്ലാവരും അനുഭവിക്കുന്നത്. തരീമിന്റെ മണ്ണിൽ, ആത്മജ്ഞാനികളിലൂടെ കാലങ്ങളായി കൈമാറിപ്പോന്ന പാരമ്പര്യ ഇസ്്ലാമിക സംസ്കാരത്തിന്റെ നേർസാക്ഷ്യങ്ങളാണ് എങ്ങും ദൃശ്യമാകുന്നത്.

ഒരിക്കൽ, ദാറുൽ മുസ്ഥഫയുടെ പ്രധാന കവാടത്തിനടുത്ത് നിൽക്കുമ്പോൾ ഒരനുഭവമുണ്ടായി. റോഡിന്റെ ഇരുവശങ്ങളിൽ നിന്നും വന്ന രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഒരാൾ വശം മാറി വന്നതാണ് അപകട കാരണം. രണ്ട് പേരും താഴെ വീണു. ഇനിയവിടെ അരങ്ങേറാൻ പോകുന്ന വാഗ്വാദങ്ങളെക്കുറിച്ചോർത്ത് ഞാൻ ഉത്കണ്ഠാകുലനായി. പക്ഷേ, സംഭവിച്ചതിങ്ങനെയായിരുന്നു; പൊടുന്നനെ, രണ്ടു പേരും വീണിടത്തു നിന്നും എഴുന്നേൽക്കുന്നു. പരസ്പരം ഹസ്തദാനവും ആലിംഗനവും ചെയ്യുന്നു. തെറ്റുപറ്റിയെന്ന് പരസ്പരം ബോധിപ്പിച്ച് അവർ പിരിഞ്ഞു പോകുന്നു! തരീമുകാരെ ഇത്രമേൽ ആത്മ സംസ്കരണം നടത്തിയ ആത്മജ്ഞാനികളെക്കുറിച്ച് ഒരു നിമിഷം ഓർത്തുപോയി.

വെള്ളിയാഴ്ചകൾ തരീമുകാർക്ക് ആഘോഷ ദിനമാണ്. വിശ്വാസികളുടെ പെരുന്നാളാണ് വെള്ളിയാഴ്ച എന്നാണല്ലോ തിരുവചനം. സാധാരണ ദിനങ്ങളിലെ പതിവ് ചര്യകൾക്ക് പുറമെ കഴിഞ്ഞ കാലങ്ങളിൽ തരീമുകാർക്ക് ആത്മീയ വെളിച്ചം നൽകി കടന്നുപോയ മഹാരഥന്മാരായ പണ്ഡിത മഹത്തുക്കളുടെ മഖ്ബറകളിൽ എല്ലാ ആഴ്ചകളിലും അവർ സിയാറത്ത് ചെയ്യും. സുബ്ഹി നിസ്കാരവും പ്രാർഥനയും കഴിഞ്ഞ് സൂറത്തുൽ കഹ്ഫ് പാരായണ ശേഷമാണ് ദാറുൽ മുസ്ഥഫയിൽ നിന്നും സിയാറത്തിനായി പുറപ്പെടുക. പക്ഷേ, നോമ്പുകാലത്ത് അസ്വർ നിസ്കാര ശേഷമാണ് സിയാറത്ത്. ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള തരീമിലെ സമ്പൽ മഖാമിലേക്കാണ് പോകുന്നത്. ഇവിടെയെത്തിയതിന് ശേഷം തരീം നഗരം ആദ്യമായാണ് കാണാൻ പോകുന്നത്. ദാറുൽ മുസ്ഥഫയുടെ പ്രധാന കവാടത്തിന് മുന്നിൽ ബസുകൾ നിരയായി നിർത്തിയിട്ടിരിക്കുന്നു. പൗരാണിക പാരമ്പര്യത്തിന്റെ നിറച്ചാർത്തുള്ള തരീം കാഴ്ചകൾ കാണാനായി ആവേശത്തോടെ ബസിൽ കയറി സീറ്റിലിരുന്നു. മമ്പുറം തങ്ങളുടെ മഖാമിന് മുകളിൽ തൂക്കിയിരിക്കുന്ന ‘ജനനം: ഹളർമൗത്തിലെ തരീം’ എന്ന ബോർഡിലാണ് ആദ്യമായി ഈ നാടിന്റെ പേര് വായിച്ചത്. ആ ചരിത്ര നിയോഗത്തിന് സാക്ഷ്യം വഹിച്ച മണ്ണിൽ നിൽക്കാൻ ഭാഗ്യം ലഭിച്ചിരിക്കുകയാണിപ്പോൾ. മമ്പുറം തങ്ങളെപ്പോലെ എത്രയെത്ര ആത്മജ്ഞാനികളാണ് ദീനീ പ്രബോധനത്തിനായി ഈ നാട് വിട്ടുപോയത്.!
ചരിത്രമുറങ്ങുന്ന നഗരമാണ് തരീം. ബി സി നാലാം നൂറ്റാണ്ട് മുതലുള്ള പുരാതന കഥകൾ പറയാനുണ്ട് ഈ നഗരത്തിന്. പഴയ ഹളർമൗത്തിന്റെ തലസ്ഥാനമായിരുന്ന ഈ നഗരം ഇസ്്ലാമിക മുന്നേറ്റത്തിന് മുമ്പ് കിൻഡ രാജ ഭരണത്തിന്റെ ആസ്ഥാനമായിരുന്നു. പൈതൃകങ്ങൾ സംരക്ഷിക്കുന്നതിൽ ഏറെ മുന്നിലാണെന്ന് പരിഗണിച്ച് മൊറോക്കൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സൈൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ICESCO) 2010 ൽ തരീമിനെ ഇസ്്ലാമിക സംസ്കാരത്തിന്റെ തലസ്ഥാന നഗരിയായി തിരഞ്ഞെടുത്തിട്ടുണ്ട്. ഹളർമൗത്ത് ഗവർണറേറ്റിലെ പ്രധാന ജില്ലയായ തരീമിന് ഈ പേര് നൽകിയതിൽ ചരിത്ര പണ്ഡിതർക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്.

ഹളർമൗത്തിലെ പ്രശസ്തമായ തരീം, ശിബാം എന്നീ രണ്ട് ഗോത്രങ്ങളുടെ പേരുകൾ അവർ താമസിക്കുന്ന നാടുകളുടെ പേരായി പരിണമിച്ചതാണെന്നാണ് യാഖൂതുൽ ഹംവിയുടെ ‘മുഅജമുൽ ബുൽദാനി’ൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, തരീമിന്റെ ശിൽപ്പി തരീം ബിൻ ഹളർമൗത്ത് എന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ നാമം നഗരത്തിന് നൽകിയതാണെന്നും ‘താജുൽ അറൂസി’ൽ മുർതള സബീദി രേഖപ്പെടുത്തിയിട്ടുണ്ട്.

ഐദീദിൽ നിന്നും തരീം നഗരത്തിലേക്കുള്ള വീഥികൾക്ക് പൗരാണികതയുടെ പ്രതിഛായയുണ്ട്. ഇരു പാർശ്വങ്ങളിലായി വിദൂരതയിൽ, ഉയരമുള്ള മതിലിന്റെ മാതൃകയിൽ കൂറ്റൻ മലനിരകൾ തരീമിന് സംരക്ഷണ കവചം തീർത്തതാണെന്ന് തോന്നും. റോഡിന്റെ ഇരുവശങ്ങളിലേക്കും നീണ്ടു പോകുന്ന പഴയ നാട്ടുപാതകൾ ആ മലകളുടെ താഴ് വാരങ്ങളിലാണ് ചെന്നൊടുങ്ങുന്നത്. തരീമിനോട് ചേർന്ന് നിൽക്കുന്ന വാദി അദ്മ്, വാദി സബിയ്യ്, വാദി അൽ ഖൗൻ എന്നീ മൂന്ന് താഴ്്വരകളാണവിടെയുള്ളത്. തരീമിലെ കൃഷിയിടങ്ങൾ പ്രധാനമായും ഈ താഴ്്വരകളിലാണ്. പാതയോരങ്ങളിൽ പരന്നുകിടക്കുന്ന വീടുകളൊക്കെ എതാണ്ടാരുപോലെയാണ്. രണ്ടും മൂന്നും നിലകളുള്ള വീടുകൾ എല്ലാം കളിമൺ കട്ടകളുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. പണക്കാരുടെയും പാവപ്പെട്ടവരുടെയും പാർപ്പിടങ്ങൾ പുറം മോടിയിൽ തിരിച്ചറിയില്ല. ചിലർ പണലഭ്യതക്കനുസരിച്ച് ആന്തരിക ഭംഗി കൂട്ടിയിട്ടുണ്ടാവും. ഉയർന്ന ഉഷ്ണവും ശൈത്യവുമുള്ള കാലാവസ്ഥകളിൽ നല്ല പ്രതിരോധമാണ് ഇത്തരം വീടുകൾ. ഇടക്ക്, വരണ്ട മൺകൂനകൾക്കും പച്ച വിരിച്ച് നിൽക്കുന്ന കുറ്റിച്ചെടികൾക്കുമിടയിൽ മേഞ്ഞ് നടക്കുന്ന ഒട്ടകങ്ങളും ആട്ടിൻ കൂട്ടങ്ങളും തരീം നഗരത്തിലേക്കുള്ള വഴിയിലെ വിസ്മയക്കാഴ്ചകൾക്ക് ആനന്ദം പകർന്നു.

ഇസ്്ലാമിക നാഗരികതയുടെ ഈറ്റില്ലമായി മാറിയ തരീമിലേക്ക് തിരുനബി(സ്വ)യുടെ കാലത്ത് തന്നെ ഇസ്്ലാം കടന്നുവന്നിട്ടുണ്ട്. സിയാദ് ബ്നു ലബീദിൽ അൻസ്വാരി (റ) യാണ് ഹളർമൗത്തിലെ തരീമിലേക്ക് പ്രബോധകനായി നിയോഗിക്കപ്പെട്ടത്. മദീനക്കാരനായ സിയാദ് ബ്നു ലബീദ് (റ), രണ്ടാം ബൈഅതുൽ അഖബക്ക് ശേഷം മക്കയിലേക്ക് പോയി. കുറച്ച് കാലം തിരു നബി(സ്വ) യോടൊപ്പം ജീവിച്ചു. മദീനയിലേക്കുള്ള ഹിജ്റയോടെ വീണ്ടും സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഇതോടെ മുഹാജിർ, അൻസ്വാർ എന്നീ രണ്ട് വിശേഷണങ്ങളിലും അദ്ദേഹം അറിയപ്പെട്ടു. പിന്നീട് ബദ്ർ, ഉഹ്ദ് , ഖന്ദഖ് യുദ്ധങ്ങളിൽ പങ്കെടുത്തു. ശേഷമാണ് ഹളർമൗത്തിലേക്കുള്ള ആഗമനം. നിരവധി ഹദീസുകൾ റിപ്പോർട്ട് ചെയ്ത സിയാദ് ബ്നു ലബീദ്(റ) ആ സന്ദേശങ്ങൾ സമൂഹത്തെ പഠിപ്പിച്ചു. തിരുനബി(സ്വ)യുടെ വഫാത്തിന് ശേഷം, ഹിജ്റ പത്താം വർഷത്തിൽ അബൂബക്കർ(റ) ന്റെ ഖിലാഫത്തിനെക്കുറിച്ചുള്ള സന്ദേശം തരീമുകാരെ അറിയിച്ചു. കിൻഡ രാജഭരണത്തിന് കീഴിലായിരുന്ന തരീമുകാരിൽ ചിലർ അത് അംഗീകരിച്ചില്ല. അവർ മതനിഷേധികളായി മാറുകയും മുസ്്ലിം സമൂഹത്തോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. സിയാദ് ബ്നു ലബീദിൽ അൻസ്വാരി (റ)ന്റെ നേതൃത്വത്തിൽ ഏതാനും സ്വഹാബികളടങ്ങുന്ന മുസ്്ലിം സൈന്യം തരീമിൽ നിന്നും മുപ്പത് കിലോമീറ്റർ കിഴക്ക് ഭാഗത്തുള്ള നജീർ കോട്ടയുടെ സമീപത്ത് വെച്ച് അവരെ നേരിട്ടു. ഈ പോരാട്ടത്തിലൂടെ മതനിഷേധികളെ പരാജയപ്പെടുത്തുകയും തരീമടക്കം ഹളർമൗത്തിലെ മിക്ക പ്രദേശങ്ങളും ഇസ്്ലാന് കീഴിലാവുകയും ചെയ്തു. മുസ്്ലിം പക്ഷത്തിന്റെ ഈ വിജയാരവം മദീനയിലും പ്രകമ്പനം കൊണ്ടു. ഖലീഫയായ അബൂബക്കർ (റ) തരീമുകാർക്ക് വേണ്ടി പ്രത്യേകം പ്രാർഥിച്ചു. “തരീമിൽ സജ്ജനങ്ങളെ അധികരിപ്പിക്കണേ, തരീമിൽ ബറകത് ചെയ്യണേ, അന്ത്യദിനം വരെ നാട്ടിൽ ക്ഷേമവും സമൃദ്ധിയും നിലനിർത്തണേ’ എന്നീ മൂന്ന് കാര്യങ്ങളിലായിരുന്നു പ്രാർഥന. അതിന് ശേഷം ഈ നഗരത്തിന് ‘മദീനതു അബീബക്കർ’ എന്ന് കൂടി ഇവിടത്തുകാർ പേരിട്ടു. അബൂബക്കർ(റ) ന്റെ ആ പ്രാർഥനയുടെ ഫലമായുണ്ടായ സമൃദ്ധിയാണ് ഇപ്പോഴും തരീമുകാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.



source http://www.sirajlive.com/2021/01/03/463059.html

Post a Comment

أحدث أقدم