2019 ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം അനുവദിച്ച സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കുകയുണ്ടായി കഴിഞ്ഞ ദിവസം ഹൈക്കോടതി. വിലക്കയറ്റം തടയുക, തൊഴിൽ നിയമങ്ങൾ ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാറിനെതിരെ സംഘടിപ്പിച്ച സമര ദിനങ്ങളിൽ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് അവധി അനുവദിച്ച് പൊതുഭരണ സെക്രട്ടറി എ ജയതിലക് ഉത്തരവിറക്കിയിരുന്നു. 2019 ജനുവരി 31ലെ ഈ ഉത്തരവാണ്, ആലപ്പുഴ കളർകോട് സ്വദേശിയും മുൻ സർക്കാർ ജീവനക്കാരനുമായ ജി ബാലഗോപാൽ സമർപ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തിരുത്തിയത്. സമരം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നത്, ഇത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രസ്തുത ദിവസങ്ങളിൽ ഓഫീസുകളിലെത്തി ജോലി ചെയ്യാത്ത ജീവനക്കാരിൽ നിന്ന് ശമ്പളം തിരിച്ചുപിടിക്കാൻ ഉത്തരവിട്ട കോടതി, ഇക്കാര്യത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് കേസിന്റെ അടുത്ത പരിഗണനാ വേളയിൽ സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ജീവനക്കാരുടെ സമരങ്ങളെ രണ്ട് വിധേനയാണ് സർക്കാർ കൈകാര്യം ചെയ്യാറുള്ളത്. ഡയസ്‌നോൺ പ്രഖ്യാപിച്ച് ജോലിക്കെത്താത്തവരിൽ നിന്ന് ആ ദിവസങ്ങളിലെ ശമ്പളം പിടിക്കുകയാണ് ഒരു രീതി. സമരക്കാർ മുൻവെക്കുന്ന വിഷയത്തോട് സർക്കാറിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിയോജിക്കുമ്പോഴോ, സമരം സർക്കാർവിരുദ്ധമാകുമ്പോഴോ ആണ് ഈ രീതി പ്രയോഗിക്കാറുള്ളത്. 2017 ജനുവരി അഞ്ചിന് ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിയപ്പോൾ സമരത്തിൽ പങ്കെടുത്തവർക്ക് ഡയസ്‌നോൺ ബാധകമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്ന് കോൺഗ്രസ്, ബി ജെ പി തുടങ്ങി പ്രതിപക്ഷ അനുകൂല സംഘടനകളായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. കഴിഞ്ഞ വർഷത്തെ ദ്വിദ്വിന ദേശീയ പണിമുടക്ക് ബി ജെ പി നേതൃത്വം നൽകുന്ന മോദി സർക്കാറിനെതിരെയായിരുന്നതിനാൽ സമരത്തിൽ പങ്കെടുക്കുന്നതിന് സംസ്ഥാന സർക്കാറിന്റെ മൗനാനുവാദമുണ്ടായിരുന്നു. സാധാരണ ഗതിയിൽ പണിമുടക്ക് ദിവസങ്ങളിൽ ജോലിക്ക് ഹാജരാകാത്തവർക്ക് ഡയസ്‌നോൺ ബാധമാക്കി ഉത്തരവ് പുറപ്പെടുവിക്കാറുണ്ടെങ്കിലും ദേശീയ പണിമുടക്കിന് സംസ്ഥാന ജീവനക്കാർക്ക് അത് ബാധകമാക്കിയില്ല. 4860 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ പണിമുടക്കിന്റെ ആദ്യ നാൾ 111 പേരും രണ്ടാം ദിവസം 115 പേരും മാത്രമാണെത്തിയത്. കലക്ടറേറ്റുകളിൽ 10 ശതമാനത്തിൽ താഴെയായിരുന്നു ഹാജർ. സർക്കാർ ഭരണസംവിധാനങ്ങളെല്ലാം നിശ്ചലമായിരുന്നു സമര ദിനങ്ങളിൽ. രണ്ട് വർഷം മുമ്പ് ഇടതുമുന്നണി സംഘടിപ്പിച്ച വനിതാ മതിലിൽ പങ്കെടുത്ത സർക്കാർ ജീവനക്കാരിൽ നല്ലൊരു പങ്കും ശമ്പളം നഷ്ടമാകാതിരിക്കാൻ അന്ന് കാലത്ത് ഓഫീസിലെത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷമാണ് സമര വേദിയിലെത്തിയത്.
ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് ന്യായീകരിക്കാനാകില്ല, അത് കർശനമായി തടയുമെന്നാണ് 2009 ജനുവരിയിൽ തിരുവനന്തപുരത്ത് കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണോദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി പറഞ്ഞത്. നോക്കുകൂലിയാണ് അന്നത്തെ പരാമർശ വിഷയമെങ്കിലും ജോലിയെടുക്കാതെ വേതനം പറ്റുന്നത് ഏത് മേഖലയിലും അന്യായം തന്നെയല്ലേ? വിവിധ തൊഴിലാളി സംഘടനകളും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് നോക്കുകൂലി സമ്പ്രദായത്തോട്. വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രവണത ഒരു വിധത്തിലും വെച്ചുപൊറുപ്പിക്കുകയില്ലെന്ന് സി ഐ ടി യു നേതൃത്വം വ്യക്തമാക്കുകയുമുണ്ടായി. എന്തെല്ലാം കാരണങ്ങളാലാണോ നോക്കുകൂലി സമ്പ്രദായം എതിർക്കപ്പെടുന്നത്, ജീവനക്കാർ ഓഫീസുകളിൽ ഹാജരായി ജോലി ചെയ്യാതെ വേതനം വാങ്ങുന്നതിലുമുണ്ട് ആ ഘടകങ്ങളെല്ലാം.
ഔദ്യോഗിക കൃത്യനിർവഹണത്തിനാണ് ജീവനക്കാർ വേതനം പറ്റുന്നത്. അനുവദനീയമായ കാഷ്വൽ ലീവിലപ്പുറം ജോലിക്ക് ഹാജരാകാതിരിക്കുന്ന ദിവസങ്ങളിൽ വേതനം കട്ട് ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. അതാണ് നീതിയും. ഇതടിസ്ഥാനത്തിൽ ദേശീയ പണിമുടക്ക് ദിനങ്ങളിൽ ഓഫീസിലെത്തി ജോലി ചെയ്യാത്തവർക്ക് പ്രസ്തുത ദിവസങ്ങളിലെ വേതനം പറ്റാൻ അർഹതയുണ്ടോ? സർക്കാർ ജീവനക്കാർ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അന്ന് ജോലി ഉപേക്ഷിച്ച് പണിമുടക്ക് സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. അന്നത്തെ കൂലിയും വേതനവും വേണ്ടെന്ന് വെച്ചായിരുന്നു അവരൊക്കെയും സമരത്തിൽ പങ്കാളികളായത്. അവർക്കൊന്നും ലഭിക്കാത്ത അതും നിയമവിധേയമല്ലാത്ത ഒരു ആനുകൂല്യത്തിന് ജീവനക്കാർ ആവശ്യപ്പെട്ടത് സംഘടനാ ബലത്തിന്റെ ദുർവിനിയോഗമണെന്ന് വിധിപ്രസ്താവത്തിൽ പറയുന്നു. അത് അനുവദിച്ചു കൊടുത്ത സർക്കാർ നടപടി ഭരണാധികാരത്തിന്റെ ദുർവിനിയോഗവുമായി കോടതി വിലയിരുത്തിയെന്നാണ് വിധിപ്രസ്താവത്തിൽ നിന്ന് വ്യക്തമാകുന്നത്. ശമ്പളത്തോട് കൂടിയ ലീവ് അനുവദിച്ച സർക്കാർ ഉത്തരവിന്റെ നിയമസാധുതയെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അന്നു തന്നെ ചോദ്യം ചെയ്തിരുന്നു.
ജീവനക്കാരുടെ ആവശ്യം കണക്കിലെടുത്താണ് അവധി നൽകിയത്, അവധി നൽകാൻ സർക്കാറിന് അധികാരമുണ്ടെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ച ന്യായം. എന്നാൽ അവധി നൽകാനുള്ള സർക്കാറിന്റെ അധികാരം ഉപാധികൾക്ക് വിധേയമാണ്. നാടിന്റെയും ജനങ്ങളുടെയും താത്പര്യങ്ങൾക്ക് ഹാനികരമാകാതെയും ചട്ടങ്ങൾക്ക് വിധേയമായും ആകണം അവധി ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്. ഓഫീസിൽ വരാതെ വെളിയിൽ സംഘടനാ പ്രവർത്തനത്തിലേർപ്പെടുന്നതും സമരങ്ങളിൽ പങ്കാളിയാകുന്നതും ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ല. ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ ശ്രമിച്ചാൽ മാത്രം പോരാ, ജനസേവനമാണ് തങ്ങളുടെ മുഖ്യകടമയെന്ന കാര്യം മറക്കരുതെന്ന് അധികാരത്തിൽ വന്നയുടനെയും പിന്നീട് പല തവണ ജീവനക്കാരുടെ സംഘടനാ വേദികളിലും മുഖ്യമന്ത്രി കർശന ഭാഷയിൽ അവരെ ഓർമിപ്പിച്ചതുമാണ്.
source http://www.sirajlive.com/2021/02/04/467342.html
Post a Comment