ലഹരി ഉപയോഗം: ക്യാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് ഹൈക്കോടതി

കൊച്ചി | ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടയാന്‍ ക്യാമ്പസ് പോലീസ് യൂണിറ്റ് ആരംഭിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍ ഡി പി എസ് ആക്ട് നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

നിലവില്‍ ക്യാമ്പസില്‍ പരിശോധന നടത്തുന്നതിന് പോലീസിന് പരിമിതികളുണ്ട്. ലഹരിമരുന്നുപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍ രാമചന്ദ്രന്‍ എഴുതിയ കത്ത് പരിഗണിച്ച് ഹൈക്കോടതി നിര്‍ദേശം.

ഹയര്‍ സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ വിശദീകരിക്കുന്ന പാഠഭാഗങ്ങള്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. ലഹരി ഉപയോഗം ചെറുക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി മൂന്നുമാസം കൂടുമ്പോള്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. നിര്‍ദേശങ്ങള്‍ നടപ്പാക്കിയതിനെക്കുറിച്ച് അറിയിക്കാന്‍ ഹരജി മൂന്നുമാസത്തിനുശേഷം വീണ്ടും ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയോടു നിര്‍ദേശിച്ചു.



source http://www.sirajlive.com/2021/02/11/468328.html

Post a Comment

Previous Post Next Post