ശിവശങ്കറിന് ജാമ്യം ലഭിച്ചത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗം: രമേശ് ചെന്നിത്തല

കോഴിക്കോട് |  സി പി എം -ബി ജെ പി കൂട്ടുകെട്ടിന്റെ ഭാഗമായാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണം അവസാനിച്ചെന്നും രമേശ് ചെന്നിത്തല. കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ശിവശങ്കര്‍ കുറ്റങ്ങള്‍ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. എന്നിട്ടും അന്വേഷണ സംഘം ജാമ്യത്തെ എതിര്‍ത്തില്ല. ഒരു മഞ്ഞുമലയുടെ അറ്റം എന്നൊക്കെയാണ് പറഞ്ഞ് കേട്ടിരുന്നത്. ഇപ്പോള്‍ ആ മഞ്ഞുമല ഇല്ലേയെന്ന് ചോദിച്ച ചെന്നിത്തല ,ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.

ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിലെ യുവജന രോഷം ഭയന്നാണ് പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഭരണഘടനാ ലംഘനമാണ്.
വകുപ്പ് സെക്രട്ടറിമാര്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടും നിയമവകുപ്പ് എതിര്‍ത്തിട്ടും ഇതുമായി മുന്നോട്ട് പോവുന്നത് വലിയ അഴിമതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ കോഴിക്കോട്ടെ പര്യടനത്തിന് തുടക്കം കുറിച്ചു കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല



source http://www.sirajlive.com/2021/02/04/467367.html

Post a Comment

Previous Post Next Post