തിരുവനന്തപുരം | അനധികൃത നിയമനങ്ങളില്‍ പ്രതിഷേധിച്ച് പിഎസ് സി ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന സമരത്തില്‍ അയവ്. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു. എന്നാല്‍ രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സിപിഒ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം 36 ദിവസങ്ങള്‍ക്ക് ശേഷമാണ് എല്‍ ജി എസ് അവസാനിപ്പിക്കുന്നത്.
ചര്‍ച്ചയില്‍ ഉറപ്പുകള്‍ ലഭിച്ചതായി എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികള്‍ പറഞ്ഞു. ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കുന്നതില്‍ ഉറപ്പ് ലഭിച്ചതായി അവര്‍ വ്യക്തമാക്കി. ലിസ്റ്റ് കാലാവധി തീരും മുമ്പ് തന്നെ മറ്റു ഒഴിവുകള്‍ നികത്തുമെന്ന് സര്‍ക്കാര്‍ എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയതായാണ് വിവരം.
വിവിധ വകുപ്പുകളിലുള്ള നൈറ്റ് വാച്ചര്‍മാരുടെ ജോലി സമയം ഒരു ദിവസം 16 മണിക്കൂര്‍ ഉള്ളത് ആഴ്ചയില്‍ 48 മണിക്കൂറോ ദിവസം എട്ട് മണിക്കൂറോ ആയി കുറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുണ്ട്. ഇത് നടപ്പാക്കി അധികം വരുന്ന ഒഴിവുകളില്‍ എല്‍ജിഎസ് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്ന ആവശ്യമാണ് ഉദ്യോഗാര്‍ഥികള്‍ ഉന്നയിച്ചിരുന്നത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. നിലവിലുള്ള ഒഴിവുകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് നാലിനകം ഈ തസ്തികകളില്‍ നിയമനം നടത്തുമെന്നാണ് ഉദ്യോഗാര്‍ഥികളെ അറിയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ ഇതുസംബന്ധിച്ച് രേഖാമൂലം ഉറപ്പ് നല്‍കാന്‍ സര്‍ക്കാറിന് സാധിക്കുകയുള്ളൂ. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയതിനാല്‍ ഇതില്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതിന് തടസ്സമുണ്ടാകില്ല എന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.
അതേസമയം, സര്‍ക്കാര്‍ വാക്കാല്‍ നല്‍കിയ ഉറപ്പ് പോരെന്നും രേഖാമൂലം ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നുമാണ് സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് വ്യക്തമാക്കി.
source http://www.sirajlive.com/2021/02/28/470435.html
Post a Comment