നാല് വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാം: സുപ്രീം കോടതി

ന്യൂഡല്‍ഹി | കഴിഞ്ഞ നാലുവര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാമെന്ന് സുപ്രീംകോടതി. ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ഫീസ് നിര്‍ണയസമിതിക്ക് കോടതി നിര്‍ദേശം നല്‍കി. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് കോടതി ആവശ്യപ്പെട്ടു. പുനര്‍നിര്‍ണയത്തോടെ ഫീസ് കൂടുന്നതിനാണു സാധ്യത. തീരുമാനം 12,000 വിദ്യാര്‍ഥികളെ ബാധിക്കും.

ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി .

2016 മുതല്‍ 2020വരെയുള്ള കാലയളവിലേക്ക് അഞ്ചുമുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഫീസ് നിര്‍ണയ സമിതി ഫീസായി നിശ്ചയിച്ചത്. എന്നാല്‍ 11 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെയാക്കി ഫീസ് ഉയര്‍ത്തണമെന്നും ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനത്തില്‍ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.



source http://www.sirajlive.com/2021/02/25/470140.html

Post a Comment

Previous Post Next Post