കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് വിട്ട് സുരക്ഷിത മണ്ഡലം തേടിയുള്ള പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ ശ്രമങ്ങള്‍ നടക്കാന്‍ സാധ്യത വിരളം. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലമായിരുന്നു മുനീര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ കൊടുവള്ളിയില്‍ പുറത്ത് നിന്ന് ആരും വന്ന് മത്സരിക്കേണ്ടെന്ന് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതാണ് മുനീറിന് തിരിച്ചടിയായത്. കെ പി എ മജീദ് പങ്കെടുത്ത യോഗത്തിലും കൊടുവള്ളി മണ്ഡലം കമ്മിറ്റി നിലപാട് ശക്തമായി അറിയിച്ചതോടെ കൊടുവള്ളി ശ്രമം ഉപേക്ഷിച്ച അവസ്ഥയിലാണ് മുനീര്‍. അദ്ദേഹം സൗത്ത് വിടുന്നതില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും വലിയ താത്പര്യമില്ല. സൗത്തില്‍ നിന്ന് മാറിയാല്‍ തോല്‍വി ഭയന്ന് ഒളിച്ചോടുന്നുവെന്ന പ്രചാരണം ശക്തമാകും. ഇത് ഒഴിവാക്കാന്‍ മുനീര്‍ മൂന്നാം തവണയും സൗത്തില്‍ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. ഇതോടെ മുനീര്‍ വീണ്ടും സൗത്തില്‍ മത്സരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. മുനീര്‍ സൗത്തില്‍ മത്സരിക്കുമെന്ന തലത്തില്‍ സംസ്ഥാന നേതൃത്വം മണ്ഡലം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
2011ലാണ് മുനീര്‍ കോഴിക്കോട് സൗത്തില്‍ നിന്നും ആദ്യമായി ജനവിധി തേടിയത്. സി പി എമ്മിലെ മുസഫര്‍ അഹമ്മദിനെ കടുത്ത പോരാട്ടത്തിന് ഒടുവില്‍ 1376 വോട്ടിന് മറികടക്കുകയായിരുന്നു. എന്നാല്‍ 2016ല്‍ ഐ ഐന്‍ എല്ലിന്റെ പ്രൊഫ. അബ്ദുള്‍ വഹാബിനെ തോല്‍പ്പിച്ച് മുനീര്‍ മണ്ഡലം നിലനിര്‍ത്തി. 2016ലെ അവസ്ഥയല്ല ഇപ്പോള്‍ മണ്ഡലത്തിലുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ കോര്‍പറേഷനിലെ ലീഗ് സ്വാധീന മേഖലകളില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സി പി എമ്മിന് കഴിഞ്ഞു. ഐ എന്‍ എല്ലില്‍ നിന്ന് മണ്ഡലം ഏറ്റെടുക്കാന്‍ സി പി എം ഒരുങ്ങുകയാണ്. കോര്‍പറേഷന്റെ ഇപ്പോഴത്തെ ഡെപ്യൂട്ടി മേയറും മുനീറിന്റെ മുന്‍ എതിരാളിയുമായ മുസഫര്‍ അഹമ്മദിനെ വീണ്ടും രംഗത്തിറക്കാനാണ് സി പി എം നീക്കം. കൂടാതെ കോഴിക്കോട് സൗത്തില്‍ ലീഗിനുള്ളില്‍ ശക്തമായ വിഭാഗീയതയും നിലനില്‍ക്കുന്നുണ്ട്. കോര്‍പറേഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുനീര്‍ നടത്തിയ ഇടപെടലില്‍ വിയോജിപ്പുള്ള നിരവധി പ്രാദേശിക നേതാക്കള്‍ സൗത്തിലുണ്ട്. ഈ ഒരു സാഹചര്യത്തില്‍ വലിയ ആശങ്കയോടെയാണ് മുനീര്‍ ഇത്തവണ കളത്തിലിറങ്ങുന്നതെന്നാണ് വിവരം.
source http://www.sirajlive.com/2021/02/02/467048.html
إرسال تعليق