കാരാട്ട് റസാഖുമായി ലീഗ് നേതൃത്വം ചർച്ച നടത്തിയിട്ടില്ലെന്ന് കെ പി എ മജീദ്

മലപ്പുറം | കൊടുവള്ളി എം എൽ എ കാരാട്ട് റസാഖിനെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ മുസ്‌ലിം ലീഗ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പാർട്ടി ജന. സെക്രട്ടറി കെ പി എ മജീദ്. കാരാട്ട് റസാഖുമായി യാതൊരു വിധ ചർച്ചയും കുഞ്ഞാലിക്കുട്ടി സാഹിബോ താനോ എവിടെ വെച്ചും നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് മുൻകൈയെടുത്ത് ലീഗ് സംസ്ഥാന നേതൃത്വം താനുമായി ചർച്ച നടത്തിയതായി കാരാട്ട് റസാഖ് എം എൽ എ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചർച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത ഒരു കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണെന്നും മജീദ് പറഞ്ഞു. ഈ അടുത്ത കാലത്ത് അദ്ദേഹവുമായി നേരിട്ട് കണ്ടിട്ടു തന്നെയില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ യു ഡി എഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാർത്തയെന്ന് സംശയിക്കുന്നുവെന്നും മജീദ് പറഞ്ഞു.

ലീഗ് നേതാക്കളിൽ ആരാണ് തന്നെ കണ്ടതെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കിയിട്ടില്ലെങ്കിലും മജീദും കുഞ്ഞാലിക്കുട്ടിയുമാണെന്നത് അദ്ദേഹം നിഷേധിച്ചിരുന്നില്ല. അതേസമയം, ചർച്ചയിൽ എം കെ മുനീർ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2016ൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതനായി മത്സരിച്ച കാരാട്ട് റസാഖിന് ഇടതുമുന്നണി പിന്തുണ നൽകുകയും അട്ടിമറി വിജയം നേടുകയും ചെയ്തിരുന്നു.



source http://www.sirajlive.com/2021/02/21/469596.html

Post a Comment

أحدث أقدم