ശുദ്ധപ്രകൃതം

മനുഷ്യ ജീവിതത്തിന്റെ പ്രാരംഭ ഘട്ടമായ ശൈശവം (Early Childhood) അത്ഭുത പ്രപഞ്ചമാണ്. എണ്ണിയാലൊതുങ്ങാത്ത ശേഷി പ്രതലങ്ങളാണ് ശൈശവത്തിനുള്ളത്. മനോവളര്‍ച്ചയുടെ സുപ്രധാന ഘട്ടം നടക്കുന്ന ഈ പിരീഡിനെ വളരെ കരുതലോടെ കൈകാര്യം ചെയ്യണമെന്ന് മതവും മനഃശാസ്ത്രവും പറയുന്നു.

ശുദ്ധപ്രകൃതി, നിഷ്കളങ്കത, നിർമലത എന്നൊക്കെ അർഥം വരുന്ന ഫിത്വ്‌റതിനെ വളരെ പ്രാധാന്യത്തോടെയാണ് ഇസ്്ലാം ദർശിക്കുന്നത്. ഭൂമുഖത്ത് ശുദ്ധപ്രകൃതത്തോടെ പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും ശൈശവ പരിശുദ്ധിയെ പരിരക്ഷിക്കുന്നതും വികൃതമാക്കുന്നതും ജീവിത സാഹചര്യങ്ങളാണെന്ന് ധാരാളം ഹദീസുകളിൽ കാണാം. അബൂ ഹുറൈറ (റ)നിവേദനം: നബി(സ) പറഞ്ഞു: എല്ലാ കുഞ്ഞുങ്ങളും പിറക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദനോ ക്രിസ്ത്യാനിയോ മജൂസിയോ (അഗ്നിയാരാധകന്‍) ആക്കുന്നത്.’ (ബുഖാരി, മുസ്‌ലിം)
മനുഷ്യന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ശൈശവകാല അനുഭവങ്ങൾക്ക് വലിയ പങ്കുണ്ട്. ആകയാൽ ശുദ്ധ പ്രകൃതത്തെ സമഗ്രവും സമീകൃതവുമായി നിലനിർത്തുന്നതിന് ഭൗതികവും ബൗദ്ധികവുമായ സാഹചര്യങ്ങളൊരുക്കേണ്ടതുണ്ട്. ശുദ്ധവായുവും ശുദ്ധാഹാരവും ശുദ്ധജലവും ഓരോ കുഞ്ഞിനും എന്തുമാത്രം ആവശ്യമാണോ അത്രയോ അതിലുപരിയോ അവശ്യമാണ് സംശുദ്ധ ജ്ഞാനവും സമഗ്ര ശിക്ഷണവും.

കുട്ടികളുടെ മാനസികാരോഗ്യം അവരുടെ ചുറ്റുപാടുകളെ ആശ്രയിച്ചിരിക്കുന്നു. ജനന സമയം മുതൽ കുഞ്ഞുങ്ങളുടെ സ്വഭാവ രൂപവത്കരണത്തിന്റെ പ്രക്രിയ തുടങ്ങുന്നു. രക്ഷിതാക്കൾക്ക് ഇക്കാര്യത്തിൽ നിർണായക പങ്കുണ്ട്. അനുകരണീയ മാതൃകയാകേണ്ട രക്ഷിതാക്കളിലൂടെയാണ് സ്വഭാവരൂപത്കരണവും പെരുമാറ്റ ശൈലിയും രൂപപ്പെടേണ്ടത്.

അധ്യാപകരാണ് രണ്ടാമതായി ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട വിഭാഗം. നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതിന്റെ ഭാഗമായി ശിശുക്കളെ പ്രഹരിക്കുകയും മർദിക്കുകയും ചെയ്യുന്ന രക്ഷിതാക്കളും അധ്യാപകരും അവരുടെ മാനസികാരോഗ്യം തകർക്കുകയാണ് ചെയ്യുന്നത്.

നല്ല കാര്യങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നതിനുപകരം അവ ശീലിപ്പിക്കുകയാണ് വേണ്ടത്. സത്യമേ പറയാവൂ എന്ന് ഉപദേശിക്കുന്ന രക്ഷിതാവിനെ അന്വേഷിച്ച് വരുന്നവരോട് ഞാനിവിടെയില്ലെന്ന് പറയണമെന്ന് കുട്ടിയെ നിർബന്ധിക്കുന്നവർ സത്യാസത്യവിവേചനത്തിൽ കുട്ടിയെ ആശയക്കുഴപ്പത്തിലാക്കുന്നു. അത് ഉപബോധ മനസ്സിന്റെ സ്വാധീനത്തിൽ ജീവിത ശൈലിയായി മാറുകയും ചെയ്യുന്നു.
കുട്ടിക്കാലത്തെ അനുഭവങ്ങൾ ജീവിതത്തിന്റെ ഒരാമുഖമാണ്‌. ബാല്യത്തിന്റെ കരുത്ത് അന്ത്യശ്വാസം വരെ മനുഷ്യന്‌ തുണയാകുന്നു. സ്വഭാവരീതികളും ശീലങ്ങളും പെരുമാറ്റവുമൊക്കെ രൂപവത്‌കരിക്കപ്പെടുന്ന കാലഘട്ടമാണിത്‌. ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലിലെ പൊരുളിതാണ്‌.

കുട്ടികളുടെ പ്രകൃതം വ്യത്യസ്തമാകുന്നത് കൊണ്ട് ഒരോ കുട്ടിയെയും പഠിച്ചാണ് അവനെ ഗുണദോഷിക്കേണ്ടത്. സന്താന പരിപാലനത്തിൽ ചില പൊതു തത്വങ്ങളുണ്ടെങ്കിലും ഒരേ തത്വം എല്ലാ കുട്ടികൾക്കും ഒരുപോലെ പറ്റില്ല.
ശൈശവത്തെ സർഗാത്മഗതയിലൂടെയാണ് പരിപോഷിപ്പിക്കേണ്ടത്. കുഞ്ഞുങ്ങളുടെ സർവതോന്മുഖ വളർച്ചക്കുതകുന്ന പരിചരണമാണ് അവർക്ക് ലഭിക്കേണ്ടത്. ജന്മനാ ചലനാത്മകതയുള്ളവരും വിനോദങ്ങളോട് താത്പര്യമുള്ളവരുമാണവർ. നിരന്തരം ഓടിയും ചാടിയും കളിച്ചും രസിച്ചും ഉന്മേഷവാന്മാരായിക്കൊണ്ടിരിക്കും. അവരുടെ താത്പര്യങ്ങൾക്കും ആവശ്യങ്ങൾക്കുമനുസൃതമായ അന്തരീക്ഷത്തിലാണ് അവരെ വളർത്തേണ്ടത്. ഭാവനയും സൃഷ്ടിപരമായ കഴിവുകളും ഉണർന്നിരിക്കുന്ന പ്രായമാണത്.

ശൈശവത്തിലെ ശുദ്ധപ്രകൃതിയിൽ തന്നെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും പ്രാഥമിക പാഠങ്ങൾ പഠിക്കണം. തിരു നബി(സ) യുടെ ശൈശവത്തിന്റെ ആദ്യ നാല് വർഷങ്ങൾ ബനീ സഅദിലെ മരുഭൂവിലാണ് ചെലവഴിച്ചത്. അതുകൊണ്ട് തന്നെ ശുദ്ധമായ ഭാഷയും ശക്തമായ ശരീരപ്രകൃതിയും ദൃഢമായ ആരോഗ്യവും പ്രവാചകർ സ്വായത്തമാക്കി. അതോടൊപ്പം അമ്പെയ്ത്തിലും കുതിര സവാരിയിലും നൈപുണ്യവും മാനവിക മൂല്യങ്ങളുടെ അടിസ്ഥാന ശേഷികളും നേടി.



source http://www.sirajlive.com/2021/02/02/467071.html

Post a Comment

Previous Post Next Post