
ഈ ദിശയില്‍ വലിയ ഊര്‍ജമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ പകര്‍ന്നു തരുന്നത്. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍, നടപ്പാക്കില്ലെന്ന് തന്നെയാണ് അര്‍ഥമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ധീരമായ നിലപാടാണത്. ഒരു ഭരണാധികാരിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന വാക്കുകള്‍. വര്‍ഗീയ അജന്‍ഡ മാറ്റിവെച്ച് വികസനത്തെ കുറിച്ച് സംസാരിക്കൂവെന്നും അദ്ദേഹം അമിത് ഷാക്ക് മറുപടി നല്‍കുന്നു.
പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത് ഏതെങ്കിലും അഭയാര്‍ഥികളെ രക്ഷിക്കാനോ ഇന്ത്യയുടെ ഉള്‍ക്കൊള്ളല്‍ ശേഷി തെളിയിക്കാനോ അല്ലെന്ന് അമിത് ഷായുടെ പ്രസ്താവനകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഈ ഭീഷണി പുറത്തെടുക്കാറുള്ളത്. ബംഗാള്‍ പിടിക്കാന്‍ വര്‍ഗീയ രാഷ്ട്രീയവുമായി ഇറങ്ങിയ ബി ജെ പിയുടെ തുറുപ്പുചീട്ടാണ് സി എ എ. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് വിഭജനവേളയിലും ബംഗ്ലാദേശ് രൂപവത്കരണ ശേഷവും ബംഗാളിലെത്തിയ ഹിന്ദുക്കളായ മാതുവ വിഭാഗങ്ങളുള്‍പ്പെടെയുള്ള അഭയാര്‍ഥികളുടെ പൗരത്വം ആദ്യം പരിഗണിക്കുമെന്നാണ് ആഭ്യന്തര മന്ത്രി ബംഗാളില്‍ ചെന്ന് പറഞ്ഞത്. മാതുവകള്‍ തിങ്ങിത്താമസിക്കുന്ന നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ താക്കൂര്‍ നഗറില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി ജെ പി റാലിയിലായിരുന്നു ഈ പരാമര്‍ശം. മൂന്ന് കോടി വരുന്ന മാതുവകളുടെ വോട്ടിലാണ് കണ്ണ്. സി എ എ നിര്‍വഹിക്കുന്ന രാഷ്ട്രീയ ദൗത്യമെന്ത് എന്നതിന്റെ ഉത്തരമാണിത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും ഈ മേഖലയില്‍ ഇതേ തന്ത്രമാണ് ബി ജെ പി പയറ്റിയത്.
2019ല്‍ കൊണ്ടുവന്ന പൗരത്വ നിയമമനുസരിച്ച് ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് 2014 ഡിസംബറിന് മുമ്പ് ഇന്ത്യയിലെത്തിയ അമുസ്‌ലിംകളായ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കുക. ജനനം, രക്ഷാകര്‍തൃത്വം, അതിര്‍ത്തിക്കുള്ളിലെ താമസം, നാച്വറലൈസേഷന്‍, പ്രദേശങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയവ വഴി സാധ്യമാകുന്ന ഇന്ത്യന്‍ പൗരത്വത്തില്‍ ഒരു കാലത്തും മതം ഘടകമായിട്ടില്ല. ഇക്കാലം വരെയുണ്ടായ പൗരത്വ നിയമ ഭേദഗതികളിലൊന്നിലും മതം കടന്നുവരുന്നില്ല. ഇതാദ്യമായി, ഒരു മതത്തില്‍ വിശ്വസിക്കുന്നവനാകുക എന്നത് പൗരത്വത്തിനുള്ള അയോഗ്യതയായി തീര്‍ന്നിരിക്കുന്നു. നാഷനല്‍ സിറ്റിസണ്‍ രജിസ്റ്റര്‍ തയ്യാറാക്കുമെന്ന പ്രഖ്യാപനം കൂടി കണക്കിലെടുക്കുമ്പോള്‍ കടുത്ത ഭീതിയിലേക്കാണ് രാജ്യത്തെ മുസ്‌ലിംകളെ എടുത്തെറിഞ്ഞിരിക്കുന്നത്. അസമില്‍ കൊണ്ടുവന്ന പൗരത്വ രജിസ്റ്റര്‍ മുസ്‌ലിംകളേക്കാളേറെ ഹൈന്ദവ സഹോദരന്‍മാരെയാണ് പുറത്ത് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ സി എ എയുടെ ബലത്തില്‍ അവരെല്ലാം അകത്ത് കയറും. പുറത്തുള്ള മുസ്‌ലിംകള്‍ രാഷ്ട്രരഹിതരാകും. കേവലം മുസ്‌ലിംകളുടെ പ്രശ്‌നമല്ല ഇത്. ഇന്ന് പൗരത്വത്തിന് മാനദണ്ഡമായി മതം വന്നെങ്കില്‍ നാളെ അത് ജാതിയായിരിക്കും. പല തരം പൗരത്വ കാര്‍ഡുകള്‍ നിലവില്‍ വരും.
നിയമത്തിന് മുന്നിലെ സമത്വം അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 14ന്റെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതി നിയമം. വിവേചനത്തില്‍ നിന്ന് പൗരന്‍മാര്‍ക്ക് സംരക്ഷണം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 15നെയും ഈ നിയമം നിരാകരിക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാദത്തമായ അവകാശത്തെയും സി എ എ ഇരുട്ടില്‍ നിര്‍ത്തുന്നു. ഈ വ്യവസ്ഥകളെല്ലാം പരിഗണിച്ച് ശരിയായ നീതിന്യായ പരിശോധനക്ക് പരമോന്നത കോടതി തയ്യാറായാല്‍ പൗരത്വ ഭേദഗതി നിയമം അസാധുവാകുമെന്നുറപ്പാണ്. കോടതിയില്‍ നിരവധിയായ ഹരജികള്‍ നിലനില്‍ക്കുന്നുണ്ട്. നിയമത്തിന്റെ ചട്ടങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടുമില്ല. ഇതൊന്നും അമിത് ഷാക്ക് പ്രശ്‌നമല്ല. അദ്ദേഹം പ്രഖ്യാപനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

source http://www.sirajlive.com/2021/02/15/468744.html
إرسال تعليق