ഉന്നാവിലെ പെണ്‍കുട്ടികളുടെ മരണം; കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്

ലക്‌നൗ | ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച്‌ പോലീസ്. ഇതനുസരിച്ച് എഫ് ഐ ആറില്‍ ഐ പി സി 302 ാം വകുപ്പ് ചേര്‍ത്തിട്ടുണ്ട്. വിഷം അകത്തു ചെന്നാണ് മരണമെന്ന് വ്യക്തമായിട്ടുണ്ട്. ശരീരത്തില്‍ ബാഹ്യമുറിവുകള്‍ ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടുതല്‍ തെളിവുകള്‍ക്കായി ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍ കണ്ട ബന്ധുവിനെ വീണ്ടും ചോദ്യം ചെയ്യും.

പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കൈകാലുകള്‍ കെട്ടിയ നിലയിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. അസോഹ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗോതമ്പ് പാടത്ത് കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങളും പരുക്കേറ്റ കുട്ടിയും കിടന്നിരുന്നത്. കുട്ടികളുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് കെട്ടിയിരുന്നത്. കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയതായിരുന്നു കുട്ടികളെന്ന് ബന്ധുക്കള്‍ പറയുന്നു. മടങ്ങിവരാന്‍ വൈകിയപ്പോള്‍ നടത്തിയ തിരച്ചിലിലാണ് രണ്ടു കുട്ടികളുടെ മൃതദേഹങ്ങളും ഒരാളെ പരുക്കേറ്റ നിലയിലും കണ്ടെത്തിയത്. കുടുംബത്തിന് ആരുമായും ശത്രുതയില്ലെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.



source http://www.sirajlive.com/2021/02/19/469330.html

Post a Comment

أحدث أقدم