ഐ ലീഗ്: മുഹമ്മദന്‍സിനോട് തോറ്റ് ഗോകുലം

കൊല്‍ക്കത്ത | ഐ ലീഗ് മത്സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ടിംഗ് ക്ലബിനോട് തോറ്റ് ഗോകുലം കേരള എഫ് സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുഹമ്മദന്‍സിന്റെ ജയം. പശ്ചിമ ബംഗാളിലെ കല്യാണി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ മികച്ച കളിയാണ് ഗോകുലം പുറത്തെടുത്തതെങ്കിലും കരുത്തരായ മുഹ്മദന്‍സിനെ പിടിച്ചുകെട്ടാനായില്ല.

പ്രതിരോധത്തില്‍ പിടിമുറുക്കി കൃത്യമായ ഇടവേളകളില്‍ ആക്രമിച്ച് കളിക്കുകയായിരുന്നു മുഹമ്മദന്‍സ്. ഒരു ഗോള്‍ നേടുകയും മുഹമ്മദന്‍സിന്റെ പ്രതിരോധ കോട്ട കാക്കുകയും ചെയ്ത അശീര്‍ അക്തര്‍ ആണ് ഹീറോ ഓഫ് ദ മാച്ച്. അശീറിന് പുറമെ 41ാം മിനുട്ടില്‍ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ജോണ്‍ ചിഡി ഉസോദിന്‍മയാണ് മുഹമ്മദന്‍സിന്റെ ഗോള്‍ നേടിയത്.

അഫ്ഗാന്‍ മിഡ്ഫീല്‍ഡര്‍ ശരീഫ് എം മുഹമ്മദാണ് ഗോകുലത്തിന്റെ ആശ്വാസഗോള്‍ നേടിയത്. 25 യാര്‍ഡ് അകലെ നിന്ന് പന്തുമായി കുതിച്ച ശരീഫിന്റെ ഉഗ്രന്‍ ഷോട്ട് മുഹമ്മദന്‍സിന്റെ വലയില്‍ തുളച്ചുകയറുകയായിരുന്നു.

ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഗോകുലത്തിനുള്ളത്. ഏഴ് പോയിന്റാണുള്ളതെങ്കിലും പത്ത് ഗോളുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്. ഇതോടെ ഗോള്‍വേട്ടയില്‍ റിയല്‍ കശ്മീര്‍ എഫ് സിക്കൊപ്പമാണ് ഗോകുലത്തിന്റെ സ്ഥാനം.



source http://www.sirajlive.com/2021/02/08/468003.html

Post a Comment

Previous Post Next Post