ന്യൂഡല്‍ഹി | മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോക്‌സഭാ അംഗത്വം രാജിവെച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുക എന്ന ലക്ഷ്യവുമായാണ് രാജി. ഇക്കാര്യം കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പെടന്ന് രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് നേരത്തെയുണ്ടാകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവുമായാണ് രാജി തീരുമാനം വൈകിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
ഇന്ന് പുലര്‍ച്ച കരിപ്പൂരില്‍ നിന്ന് ഡല്‍ഹിക്ക് തിരിച്ച കുഞ്ഞാലിക്കുട്ടി എട്ട് മണിയോടെ ഡല്‍ഹിയിലെത്തി. ഇന്ന് തന്നെ ലോക്‌സഭയിലെത്തി സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് തിരിക്കുന്ന അദ്ദേഹം ലീഗിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രഥമ ലക്ഷ്യം. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ സുപ്രധാന സ്ഥാനം കൈയാളാമെന്നും കുഞ്ഞാലിക്കുട്ടി കണക്ക് കൂട്ടുന്നു.
കുഞ്ഞാലിക്കുട്ടിയുടെ രാജി എം പി സ്ഥാനം രാജിവെക്കുന്നതിന് യു ഡി എഫിലെ പ്രമുഖ ഘടകക്ഷിയായ കോണ്‍ഗ്രസിന് വിയോജിപ്പുണ്ട്. കുഞ്ഞാലിക്കുട്ടി രാജിവെക്കുന്നത് ശരിയായ സന്ദേശമല്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ രാജിക്കായി പാണക്കാട് ഹൈദരലി തങ്ങളും അനുവദിക്കുകയായിരുന്നു.
അതിനിടെ കുഞ്ഞാലിക്കുട്ടി രാജിവെക്കുന്നതില്‍ ലീഗിലെ ഒരു വിഭാഗത്തിനുള്ള വിയോജിപ്പ് ഇപ്പോഴും തുടരുകയാണ്. ബി ജെ പി സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യാനെന്ന് പറഞ്ഞ് ഇ അഹമ്മദിന്റെ പിന്‍ഗാമിയായി ഡല്‍ഹിക്ക് പുറപ്പെട്ട വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തോടുള്ള വിയോജിപ്പ് കെ എം ഷാജി, പി വി അബ്ദുല്‍ വഹാബ് അടക്കമുള്ള നേതാക്കള്‍ നേരത്തെ പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയിന്‍ അലി തങ്ങളെ പോലുള്ളവര്‍ ഇത് പരസ്യമായി തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം മുസ്ലിം ലീഗിലും സംസ്ഥാന രാഷ്ട്രീയത്തിലും വരും ദിവസങ്ങളിലും ചര്‍ച്ചയാകുമെന്ന കാര്യം വ്യക്തമാണ്.
source http://www.sirajlive.com/2021/02/03/467224.html
Post a Comment