
വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രശസ്ത പോപ് ഗായിക റിഹാനയും അവരെ പിന്തുടര്‍ന്ന് പ്രമുഖ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രറ്റ, അമേരിക്കന്‍ പാര്‍ലിമെന്റ് അംഗം ജിം കോസ്റ്റ, ബ്രിട്ടീഷ് എം പി ക്ലൗഡിയ വെബ്ബെ, യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ് തുടങ്ങി അന്താരാഷ്ട്ര തലത്തിലെ നിരവധി പ്രമുഖര്‍ രംഗത്തു വരികയും കര്‍ഷക സമരത്തിന് ആഗോള പിന്തുണ വര്‍ധിച്ചു വരികയും ചെയ്തതോടെയാണ് “ഇന്ത്യ ഒറ്റക്കെട്ട്’ പ്രയോഗവുമായി അമിത് ഷായും ബി ജെ പി നേതാക്കളും സംഘ് അനുകൂല സെലിബ്രിറ്റുകളും രംഗത്തു വന്നത്. റിഹാനയുടെ ട്വീറ്റിന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് വന്‍ പിന്തുണയാണ് ലഭിച്ചത്. ഇത് കേന്ദ്ര സര്‍ക്കാറിനെയും ബി ജെ പി നേതൃത്വത്തെയും വല്ലാതെ അസ്വസ്ഥരാക്കുന്നു.
അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പുറമെ അമേരിക്കന്‍ ഭരണകൂടവും കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുണ്ടായി. “സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയായി ഞങ്ങള്‍ കാണുന്നു. ഇന്ത്യയിലെ പരമോന്നത കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാ’ണ് ഇന്ത്യന്‍ കര്‍ഷക സമരത്തെക്കുറിച്ച് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചത്. മോദി ഭരണകൂടം സ്വീകരിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്ക് നേരേയെല്ലാം കണ്ണടക്കുന്ന ട്രംപിന്റെ ഫാസിസ്റ്റ് ഭരണകൂടമല്ല ഇപ്പോള്‍ അമേരിക്കയെ നയിക്കുന്നതെന്നതിനാല്‍ യു എസ് സര്‍ക്കാറില്‍ നിന്ന് ഇത്തരം പ്രതികരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാവുന്നതാണ്.
ഇന്ത്യന്‍ ഭരണകൂടം തുടരെ തുടരെ ഇത്രമേല്‍ അന്താരാഷ്ട്ര വിമര്‍ശങ്ങള്‍ക്ക് വിധേയമായ ഒരു സ്ഥിതിവിശേഷം ഇതിനു മുമ്പുണ്ടായിട്ടില്ല. കര്‍ഷക ദ്രോഹ നിലപാടിനു പുറമെ, ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന പൗരത്വ നിയമ ഭേദഗതി, ഇന്റര്‍നെറ്റ് വിച്ഛേദമുള്‍പ്പെടെ കശ്മീര്‍ ജനതക്കു നേരേയുള്ള ഭരണകൂട ഭീകരത, പശുഭീകരതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ നിസ്സംഗത തുടങ്ങി മോദി സര്‍ക്കാറിന്റെ വിവിധ നിലപാടുകളും നയങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ പോലും രൂക്ഷമായ വിമര്‍ശത്തിന് വിധേയമായിട്ടുണ്ട്.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ജനദ്രോഹ നിലപാടുകള്‍ക്കുമെതിരായ പ്രതികരണത്തിനും പ്രതിഷേധത്തിനും രാജ്യത്തിന്റെ അതിര്‍ വരമ്പുകള്‍ തടസ്സമല്ല. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെയും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കു നേരേ നടന്ന അതിക്രമങ്ങളെയും ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തെയും ഇന്ത്യ വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. ആ രാജ്യങ്ങളൊന്നും അന്ന് ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്യുകയോ, തങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായ പ്രകടനത്തിനു മുതിരാതെ കേവലം കാഴ്ചക്കാരായി നിന്നാല്‍ മതിയെന്ന് ഉപദേശിക്കുകയോ ചെയ്തില്ല. അതേസമയം, ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നേരേ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയരുന്ന അന്താരാഷ്ട്ര വിമര്‍ശങ്ങളെ, ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യലായും രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനയായും മോദി സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇത് ഇരട്ടത്താപ്പല്ലേ?
പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞക്കു മുമ്പായി ട്രംപനുകൂലികള്‍ വാഷിംഗ്ടണ്‍ ഡി സിയില്‍ അഴിച്ചുവിട്ട കലാപത്തെ മോദി വിമര്‍ശിക്കുകയുണ്ടായി. “അസ്വസ്ഥത ഉളവാക്കുന്നതാണ് ഡി സിയിലെ കലാപം. സമാധാനപരമായിരിക്കണം അധികാരക്കൈമാറ്റം. നിയമവിരുദ്ധ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കരുതെ’ന്നായിരുന്നു ഇതേക്കുറിച്ച് മോദിയുടെ പ്രതികരണം. ഇത് യു എസിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന് അമേരിക്കന്‍ നേതൃത്വം കുറ്റപ്പെടുത്തിയില്ല. ഒരു രാജ്യത്തെ കക്ഷിരാഷ്ട്രീയത്തില്‍ മറ്റൊരു രാഷ്ട്ര ഭരണാധികാരി ഇടപെടുന്നത് അമാന്യവും അനുചിതവുമാണെന്നിരിക്കെ അമേരിക്കയില്‍ ചെന്ന് ഡൊണാള്‍ഡ് ട്രംപിനു വേണ്ടി വോട്ടഭ്യര്‍ഥിച്ച കാര്യം മോദി മറന്നോ? ഹൂസ്റ്റണില്‍ നടന്ന “ഹൗഡി മോദി’ പരിപാടിയിലാണ്, വ്യാപാരം, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യക്ക് ദോഷകരമായ നിലപാട് സ്വീകരിച്ച ട്രംപിനു വേണ്ടി മോദി “അബ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ പരാമര്‍ശം നടത്തിയത്. ജനാധിപത്യ ബോധവും വിമര്‍ശങ്ങളോട് പ്രതികരിക്കേണ്ട രീതിയും മോദിയും കൂട്ടാളികളും മറ്റു രാജ്യങ്ങളെ കണ്ടുപഠിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ വികല നയങ്ങള്‍ക്കെതിരെ ആരോഗ്യപരമായ വിമര്‍ശങ്ങള്‍ ഉയരുമ്പോള്‍, കണ്ണടച്ചു ഇരുട്ടാക്കുന്നതിനു പകരം വീണ്ടുവിചാരവും ആത്മപരിശോധനയും നടത്തുകയാണ് ജനാധിപത്യത്തെ മാനിക്കുന്ന ഭരണാധികാരികള്‍ ചെയ്യേണ്ടത്. ആരോഗ്യപരമായ വിമര്‍ശങ്ങളെ ഭയപ്പെടുന്നത് ഫാസിസത്തിന്റെ ലക്ഷണമാണ്.
source http://www.sirajlive.com/2021/02/06/467665.html
Post a Comment