തിരുവനന്തപുരം | എല്‍ ഡി എഫ് സര്‍ക്കാര്‍ ഇപ്പോല്‍ നല്‍കുന്ന 1500 രൂപ ക്ഷേമ പെന്‍ഷന്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. രണ്ട് കപ്പ് ചായ എല്ലാ ദിവസവും കുടിച്ചാല്‍ ഈ പൈസ തീരും. ഇതിനാലാണ് യു ഡി എഫ് 3000 രൂപ ക്ഷേമ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. യു ഡി എഫ് ഭരണകാലത്ത് 600 രൂപയായിരുന്നു പെന്‍ഷന്‍. ഇത് തന്നെ 18 മാസത്തോളം കുടിശ്ശികയായിരുന്നു എന്ന എല്‍ ഡി എഫ് ആരോപണത്തിനിടെയാണ് തരൂരിന്റെ ഇത്തരത്തിലുള്ള ഒരു പ്രതികരണം.
1500 രൂപ പെന്‍ഷന്‍കൊണ്ട് എങ്ങനെയാണ് നമ്മളുടെ പ്രായമുള്ളവര്‍ ജീവിക്കാന്‍ പോവുന്നത്. ഞങ്ങളാണ് അത് ഇരട്ടിയാക്കി 3000 എന്ന് പറഞ്ഞത്. എല്‍ ഡി എഫിന് 2500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നുണ്ടായിരുന്നെങ്കില്‍ ഈ അഞ്ചു വര്‍ഷം അതെന്തുകൊണ്ട് ചെയ്തില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ തരൂര്‍ ചോദിച്ചു.
യു ഡി എഫ് ആരോപണങ്ങള്‍ മാത്രമല്ല നടത്തുന്നത്. സര്‍ക്കാറരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. അതോടൊപ്പം തന്നെ പ്രകടനപത്രികയില്‍ യു ഡി എഫ് മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ പ്രത്യേകമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പല ക്ഷേമപദ്ധതികളും യു ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
source http://www.sirajlive.com/2021/03/31/473744.html
Post a Comment