83 മണ്ഡലങ്ങളില്‍ സി പി എം സ്ഥാനാര്‍ഥികളായി; 12 വനിതകളും ഒമ്പത് സ്വതന്ത്രരും പട്ടികയില്‍

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി പി എം സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി മത്സരിക്കുന്ന 85 മണ്ഡലങ്ങളില്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ പിന്നീട് പ്രഖ്യാപിക്കും. മഞ്ച്വേശരത്തും ദേവികുളത്തുമാണ് പിന്നീട് പ്രഖ്യാപിക്കുക. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി, ടി പി രാമകൃഷ്ണന്‍, എം എം മണി, കെ കെ ശൈലജ, എം അടക്കം എട്ട് പേര്‍ മത്സരിക്കും. കഴിഞ്ഞ തവണയില്‍ അംഗങ്ങളായ 33 പേര്‍ ഇത്തവണ മത്സരിക്കുന്നില്ല. ഇതില്‍ അഞ്ച് മന്ത്രിമാരും ഉള്‍പ്പെടും. 30 വയസില്‍ താഴെയുള്ള നാല് പേര്‍ പട്ടികയില്‍. ജെയ്ക്ക് സി തോമസ്, സച്ചിന്‍ ദേവ്. ലിന്റോ ജോസഫ്, മിഥുന എന്നിവരാണ് പ്രായം കുറഞ്ഞവര്‍. ബിരുദദാരികളായ 48 പേര്‍ പട്ടികയിലുണ്ട്. ബിരുദാനന്തര ബിരുദമുള്ള 14 പേരുണ്ട്. 30നും 40നും ഇടയില്‍ പ്രായമുള്ള എട്ട് പേര്‍. 40നും 50നും ഇടയില്‍ പ്രായുള്ള 13 പേര്‍. 12 വനിതകള്‍ ലിസ്റ്റിലുണ്ട്. സ്വതന്തരായി ഒമ്പത് പേരാണ് മത്സരിക്കുന്നത്.

പൊന്നാനിയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും നന്ദകുമാര്‍ തന്നെ മത്സരിക്കും. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിലും മാറ്റമില്ല. കുന്ദമംഗംലം പി ടി എ റഹീം, കൊടുവള്ളി കാരാട്ട് റസാഖ്. കൊ്‌ടോട്ടി സുലൈമാന്‍ ഹാജി, താനുര്‍ വി അബ്ദുറഹ്മാന്‍, നിലമ്പൂര്‍ പി വി അന്‍വര്‍, പെരിന്തല്‍മണ്ണ കെ പി മുസ്തഫ, തവന്നൂര്‍ കെ ടി ജലീല്‍, ചവറ സുജിത് വിജയന്‍, എറണാകുളത്ത് ഷാജി ജോര്‍ജ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. മാഹിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഹരിദാസന്‍ മാസ്റ്റര്‍ക്ക് സി പി എം പിന്തുണ നല്‍കും. മലപ്പുറം പാര്‍ലിമെന്റ് സീറ്റില്‍ വി പി സാനു മത്സരിക്കും.

വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അധികാരത്തിലെത്താന്‍ സഹായകരമായ മികച്ച സ്ഥാനാര്‍ഥി പാനലാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. പുതിയ കക്ഷികള്‍ എല്‍ ഡി എഫില്‍ വന്നതിനാല്‍ മറ്റ് കക്ഷികളെല്ലാം വിട്ടുവീഴ്ച ചെയ്താണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ ഭരണം ലക്ഷ്യമിട്ടാണ് എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്തത്.
സി പി എമ്മിന്റെ അഞ്ച് സിറ്റിംഗ് സീറ്റ് ഉള്‍പ്പെടെ ഏഴ് സീറ്റ് മറ്റ് കക്ഷികള്‍ക്കായി വിട്ടുനല്‍കി. പൊതുവെ എല്‍ ഡി എഫ് നല്ല ഐക്യത്തിലാണ്. പാര്‍ലിമെന്ററി പ്രവര്‍ത്തനം പോലെ സുപ്രധാനമാണ് സംഘടനാ പ്രവര്‍ത്തനവും. നന്നായി പാര്‍ലിമെന്ററി രംഗത്ത് പ്രവര്‍ത്തിച്ച ചിലരെ സംഘടനാ രംഗത്തേക്ക് മാറ്റുന്നുണ്ട്. പാര്‍ലിമെന്ററി രംഗത്ത് പുതുമുഖങ്ങള്‍ വരേണ്ടതുണ്ട്. ഇതിനാലാണ് രണ്ട് ടേം നിര്‍ബന്ധമാക്കിയത്. ഇതിന് സഹായകരമാകുന്ന പട്ടികയാണ് തയ്യാറാക്കിയത്. മികച്ച ജനാധിപത്യ മാര്‍ഗത്തിലാണ് സ്ഥാനാര്‍ഥികളെ കണ്ടെത്തിയിരിക്കുന്നത്.

തുടര്‍ ഭരണം ഇല്ലാതാക്കാന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ശ്രമം കേരളത്തില്‍ വിജയിക്കില്ല. കേരള ജനത ആഗ്രഹിക്കുന്നത് എല്‍ ഡി എഫ് തുടര്‍ ഭരണമാണ്. എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്ത് നിര്‍ത്തിയ സര്‍ക്കാറാണിത്. സമാനതകളില്ലാത്ത വികസനവും ജനക്ഷേമവും നടപ്പാക്കിയ സര്‍ക്കാറിണിത്. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു വിജയരാഘവന്റെ വാര്‍ത്താസമ്മേളനം. വര്‍ഗീയതക്കെതിരെ നിലപാട് ഉയര്‍ത്തിപ്പിടിച്ചത് എല്‍ ഡി എഫാണ്. അപവാദങ്ങളിലൂടെയും നുണപ്രചരണങ്ങളിലൂടെയും തുടര്‍ഭരണം തടയാമെന്നത് വ്യാമോഹമാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

 



source http://www.sirajlive.com/2021/03/10/471495.html

Post a Comment

Previous Post Next Post