ന്യൂഡല്‍ഹി | ചൈനീസ് സര്‍ക്കാര്‍ പിന്തുണയോടെ ഹാക്കര്‍മാര്‍ ഇന്ത്യന്‍ തുറമുഖത്തെ ഇപ്പോഴും ലക്ഷ്യംവെക്കുന്നതായി യു എസ് കമ്പനി. ഇന്ത്യന്‍ തുറമുഖത്തിന്റെ നെറ്റ്‌വര്‍ക് സിസ്റ്റത്തിലേക്ക് ഹാക്കര്‍മാര്‍ ഓപണ്‍ ചെയ്ത കണക്ഷന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി കമ്പനി മുന്നറിയിപ്പ് നല്‍കി. നേരത്തേ രാജ്യത്തെ വൈദ്യുത ശൃംഖലയിലേക്ക് കടന്നുകയറാനുള്ള ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം വിജയകരമായി തടഞ്ഞിരുന്നു.
ശ്രമം തടഞ്ഞെങ്കിലും ഒരു കണക്ഷന്‍ ഇപ്പോള്‍ സജീവമാണെന്ന് യു എസ് കമ്പനിയായ റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ അറിയിച്ചു. ചൈനീസ് ഹാക്കര്‍മാരുടെ സംഘവും ഇന്ത്യന്‍ തുറമുഖവും തമ്മില്‍ വെബ് ട്രാഫിക് കൈമാറ്റം നടക്കുന്നതായി കമ്പനി സി ഇ ഒ സ്റ്റുവര്‍ട്ട് സോളമന്‍ പറഞ്ഞു. ഇത്തരം വെബ് ട്രാഫിക് കൈമാറ്റത്തിന് ഹാന്‍ഡ് ഷേക് എന്നാണ് സാങ്കേതികമായി പറയുക.
റെഡ് എക്കോ എന്ന ഹാക്കര്‍ സംഘമാണ് ഇതിന് പിന്നില്‍. ഇന്ത്യയിലെ പവര്‍ ഗ്രിഡിന് കീഴിലെ പത്ത് സ്ഥാപനങ്ങളെയും രണ്ട് തുറമുഖങ്ങളെയും ഈ സംഘം ലക്ഷ്യം വെച്ചിട്ടുണ്ട്. ഫെബ്രുവരി പത്തിനാണ് യു എസ് കമ്പനി ഇക്കാര്യം ആദ്യമായി കണ്ടെത്തിയത്. ഫെബ്രുവരി 28നും ഹാക്കര്‍മാര്‍ ഓപണ്‍ ചെയ്ത കണക്ഷന്‍ പ്രവര്‍ത്തിച്ചതായും സോളമന്‍ പറഞ്ഞു.
source http://www.sirajlive.com/2021/03/03/470838.html
Post a Comment