തിരുവമ്പാടി ഉള്‍പ്പെടെ മലയോര മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കര്‍ഷക സംഘടനകള്‍

കോഴിക്കോട് | മലയോര മണ്ഡലമായ തിരുവമ്പാടി ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനം. വി ഫാം. ഫാര്‍മേഴ്‌സ് റിലീഫ് ഫോറം തുടങ്ങിയ ഒമ്പത് കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. കൊടുവള്ളി, പേരാമ്പ്ര, നാദാപുരം, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിലും ഇവര്‍ മത്സരിക്കും. വയനാട്, ഇടുക്കി ജില്ലയിലും മത്സരിക്കാന്‍ നീക്കം നടക്കുന്നുണ്ട്.

തിരുവമ്പാടിയില്‍ കര്‍ഷക നേതാവ് തന്നെ സ്ഥാനാര്‍ഥിയായി വരണമെന്ന് താമരശ്ശേരി രൂപത കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യു ഡി എഫില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ഇവര്‍ക്ക് അഭിപ്രയമുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തിരുവമ്പാടിയില്‍ മത്സരിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ സഭയുടെ പിന്തുണ ഉറപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

വിജയിക്കണമെങ്കില്‍ യു ഡി എഫ് ശക്തമായ പോരാട്ടം നടത്തേണ്ട മണ്ഡലങ്ങളാണ് തിരുവമ്പാടി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ മണ്ഡലങ്ങള്‍. അടുത്തിടെ യു ഡി എഫുമായി ചേര്‍ന്ന് വിവിധ സമരങ്ങളില്‍ ഒരുമിച്ച് നിന്നവരാണ് ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും, വി ഫാമുമെല്ലാം. മണ്ഡലത്തില്‍ മോശമല്ലാത്ത പിന്തുണയും ഇത്തരം കര്‍ഷക സംഘടനകള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ മത്സരിക്കാനുള്ള ഇത്തരം കര്‍ഷക സംഘടനകളുടെ തീരുമാനം യു ഡി എഫിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാണ്.

ലീഗില്‍ നിന്നും തിരുവമ്പാടി സീറ്റ് സമ്മര്‍ദത്തിലൂടെ ഏറ്റെടുത്ത് കോണ്‍ഗ്രസിനോ, പി ജെ ജോസഫിന്റെ പാര്‍ട്ടിക്കോ നല്‍കാനുള്ള സമ്മര്‍ദ തന്ത്രമാണ് കര്‍ഷക സംഘടനകളുടെ ഈ മത്സര നീക്കത്തിലെന്നും റിപ്പോര്‍ട്ടുണ്ട്. ലീഗില്‍ നിന്നും സീറ്റ് ഏറ്റെടുത്താല്‍ ഇവര്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറാനും സാധ്യതയുണ്ടെന്നാണ് വിവരം.



source http://www.sirajlive.com/2021/03/03/470799.html

Post a Comment

أحدث أقدم