
2014ലെ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവനുസരിച്ച് രൂപവത്കരിച്ചതാണ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി. ഇരു സംസ്ഥാനങ്ങളുടെയും പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിക്കുന്നതിനൊപ്പം അണക്കെട്ടുമായി ബന്ധപ്പെട്ട റൂള്‍ കെര്‍വ്, ഗേറ്റ് ഓപറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കാനും അത് നടപ്പാക്കാനും ഇവര്‍ ബാധ്യസ്ഥരാണ്. ഇവരെ സഹായിക്കാന്‍ അഞ്ചംഗ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ നിഷ്പക്ഷമായി വര്‍ത്തിക്കേണ്ട സമിതി പക്ഷേ, തമിഴ്‌നാടിന്റെ സ്വാധീനത്തിനു വഴങ്ങി അവര്‍ക്കനുകൂലമായ നിലപാടാണ് മിക്കപ്പോഴും സ്വീകരിച്ചു വരുന്നത്. കൃത്യമായ ഇടവേളകളില്‍ യോഗം ചേരണമെന്ന കോടതി നിര്‍ദേശം സമിതി പാലിക്കാറില്ല. യോഗം ചേര്‍ന്നാല്‍ തന്നെ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചക്കു വരാറുമില്ല. അണക്കെട്ടിലെ ജലനിരപ്പ്, സീപ്പേജ് സംബന്ധിച്ച വിവരങ്ങള്‍ മാസം തോറും സമിതി നേരിട്ടെത്തി ശേഖരിക്കണമെന്ന കോടതി നിര്‍ദേശമുണ്ടെങ്കിലും തമിഴ്‌നാടിന്റെ നിസ്സഹകരണം മൂലം കൃത്യമായ ഇടവേളകളില്‍ പരിശോധന നടക്കാറുമില്ല. മൂന്ന് അംഗങ്ങളുള്ള മേല്‍നോട്ട സമിതിയില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രതിനിധിയും കേരള, തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളുമാണ് അംഗങ്ങള്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന മുറവിളിക്കിടെയാണ് സമിതി നിലവില്‍ വരുന്നത്. സമിതി നിലവില്‍ വന്ന് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തുകയോ, മറ്റു അണക്കെട്ടില്‍ കാണപ്പെടുന്നതു പോലെ സുരക്ഷാ മുന്‍കരുതലുകള്‍ക്കുള്ള ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. 2018ലെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് മാര്‍ഗരേഖ വേണമെന്ന കേരളത്തിന്റെ ശക്തമായ ആവശ്യത്തിനു നേരെയും സമിതി പുറംതിരിഞ്ഞു നില്‍ക്കുകയാണ്. സുപ്രീം കോടതിയുടെ പിന്തുണയോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സമിതി, സ്വന്തമായ വിവരശേഖരണങ്ങള്‍ക്കു തുനിയാതെ അണക്കെട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് തമിഴ്‌നാടിനെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
125 വര്‍ഷത്തെ പഴക്കമുള്ളതാണ് സമുദ്ര നിരപ്പില്‍ നിന്ന് 2,890 അടി ഉയരത്തില്‍ പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്. സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും അതിന്റെ വൃഷ്ടിപ്രദേശങ്ങള്‍ ഭൂരിഭാഗവും പഴയകാല മദ്രാസ് പ്രവിശ്യയിലായിരുന്നതിനാല്‍ അണക്കെട്ടിന്റെ നിയന്ത്രണവും മേല്‍നോട്ടവും ആദ്യകാലത്ത് മദ്രാസ് പ്രവിശ്യാ സര്‍ക്കാറിനും സ്വാതന്ത്ര്യാനന്തരം തമിഴ്‌നാടിനുമാണ് കൈവന്നത്. പെരിയാര്‍ തടാകത്തില്‍ മുങ്ങിപ്പോകാതെ ഇപ്പോഴും അവശേഷിക്കുന്ന വനഭൂമിയുടെ മേല്‍നോട്ടവും ജലാശയത്തില്‍ നിന്ന് മീന്‍പിടിക്കാനും ജലാശയത്തിലൂടെ വിനോദ സവാരിക്കായി ബോട്ടുകള്‍ ഓടിക്കാനുമുള്ള നിയന്ത്രിത അവകാശവും മാത്രമേ കേരളത്തിനുള്ളൂ. പുഴകളാലും തടാകങ്ങളാലും സമ്പന്നമായിരുന്ന കേരളത്തിലെ ഭരണാധികാരികള്‍ മുല്ലപ്പെരിയാറിലെ ജലത്തിന്റെ പങ്ക് കേരളത്തിനു ലഭ്യമാക്കേണ്ടതിനെക്കുറിച്ച് അന്ന് ചിന്തിച്ചതേയില്ല. ഡാമിന്റെ കാലപ്പഴക്കം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് സംസ്ഥാന ഭരണാധികാരികള്‍ ബോധവാന്മാരാകുന്നത് അടുത്ത കാലത്താണ്. അച്യുതമേനോന്‍ സര്‍ക്കാര്‍ കരാര്‍ പുതുക്കിയപ്പോള്‍ പോലും ഇക്കാര്യത്തെക്കുറിച്ച് ഓര്‍ത്തില്ല.
1961ലെ വെള്ളപ്പൊക്കത്തോടുകൂടി ഇതിന്റെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്ക ഉയര്‍ന്നു. 1990കളുടെ അവസാനത്തില്‍ ഡാമില്‍ ചോര്‍ച്ച കണ്ടതോടെ ആ ആശങ്ക കേരളത്തില്‍ വലിയ വിഷയമായി മാറി. വിശിഷ്യാ ഡാമിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍. ഡല്‍ഹി, റൂര്‍ക്കി ഐ ഐ ടികളുടെ നേതൃത്വത്തില്‍ നടന്ന പഠന റിപ്പോര്‍ട്ടുകള്‍ ഡാം അപകടത്തിലാണെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നതെന്നും ജലനിരപ്പ് 136ല്‍ നില്‍ക്കുമ്പോള്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂചലനം പോലും അതിന്റെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതിന്റെ സുരക്ഷിതത്വം സംബന്ധിച്ച് കേരളവും തമിഴ്‌നാടും തര്‍ക്കത്തിലും നിയമപോരാട്ടങ്ങളിലുമാണ്. പാര്‍ലിമെന്റില്‍ ഇരു സംസ്ഥാനങ്ങളും ഇതുസംബന്ധമായി കടുത്ത വാഗ്വാദത്തിലേര്‍പ്പെട്ടിട്ടുണ്ട്.
അതിനിടെ, അണക്കെട്ടില്‍ 2014ലെ സുപ്രീം കോടതി ഉത്തരവ് നിര്‍ദേശിക്കുന്ന തരത്തിലുള്ള ബലപ്പെടുത്തല്‍ ജോലി നിര്‍വഹിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനാല്‍ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹരജി കഴിഞ്ഞ ഒക്‌ടോബറില്‍ ഹൈക്കോടതി മുമ്പാകെ വന്നിട്ടുണ്ട്. 125 വര്‍ഷം പഴക്കമുള്ള ഡാമിന് താഴെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന 35 ലക്ഷം പേരുടെ ജീവന്‍ അപകടത്തിലാണെന്ന കാര്യം ചൂണ്ടിക്കാട്ടി സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഘടനാപരമായി സുരക്ഷിതമാണെന്നും പ്രളയവും ഭൂചലനവും അതിജീവിക്കാന്‍ പ്രാപ്തമാണെന്നും കേന്ദ്ര ജല കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കിലും ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്നും തമിഴ്‌നാടിനു വേണ്ടി കമ്മീഷന്‍ കേരളത്തെ ഒറ്റിക്കൊടുക്കുകയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.
source http://www.sirajlive.com/2021/03/18/472427.html
إرسال تعليق