വ്യാജ ഏറ്റുമുട്ടല്‍ കൊല, ജ.ലോയ: ദുരൂഹ മരണങ്ങളെ അമിത് ഷായെ ഓര്‍മിപ്പിച്ച് പിണറായി

കണ്ണൂര്‍ | ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ജസ്റ്റിസ് ലോയയുടെ മരണവും അടക്കമുള്ള ദുരൂഹ മരണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിയായി ജയിലില്‍ കിടന്നയാളാണ് കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ ഏറ്റുമുട്ടല്‍ കേസിലെ കുറ്റപത്രത്തില്‍ അമിത് ഷായുടെ പേരുണ്ടായിരുന്നു. ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. അതിനെകുറിച്ചൊന്നും അമിത് ഷാ മിണ്ടില്ല. എന്തേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റാത്തത്?

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്നത് ആരായിരുന്നു. ഓര്‍മയില്ലെങ്കില്‍ ഓര്‍മിപ്പിക്കുന്നു. ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കരുത്. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരമെങ്കില്‍ പറയേണ്ടി വരും. നിങ്ങളുടെ സംസ്‌കാരം വെച്ച് മറ്റുള്ളവരെ അളക്കരുത്.

വര്‍ഗീയതയുടെ ആള്‍ രൂപമാണ് അമിത് ഷായെന്നും പിണറായി പറഞ്ഞു. അങ്ങനെയൊരാളാണ് മതസൗഹാര്‍ദത്തിന്റെയും വര്‍ഗീയവിരുദ്ധതയുടെയും വിളനിലമായ കേരളത്തില്‍ വന്ന് ഞങ്ങളെ ചോദ്യം ചെയ്യുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.



source http://www.sirajlive.com/2021/03/08/471254.html

Post a Comment

أحدث أقدم