പിണറായി- അമിത് ഷാ വാദപ്രതിവാദം നാടകം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി ബി ജെ പി- സി പി എം ബന്ധം സംബന്ധിച്ച് ജനങ്ങള്‍ക്കിടിയില്‍ പുകമറ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയും അമിത് ഷായും ശ്രമിക്കുന്നത് കോണ്‍ഗ്രസ്. പിണറായി വിജയന്‍ ഇന്നലെ അമിത് ഷാക്കെതിരെ നടത്തിയ പ്രസംഗം ഇരുവര്‍ക്കുമിടയിലെ നാടകമാണ്. കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അന്വേഷണ ഏജന്‍സികള്‍ ഒരു വര്‍ഷം കേരളത്തില്‍ തങ്ങിയിട്ടും എന്താണ് ചെയ്തതെന്ന് വിശദീകരിക്കണം. സെക്രട്ടേറിയറ്റില്‍ സുപ്രധാന ഫയലുകള്‍ അടങ്ങിയ മുറിയില്‍ തീപ്പിടിത്തമുണ്ടായി. ഇതില്‍ എന്ത് ചെയ്തുവെന്ന് അന്വേഷണ ഏജന്‍സികള്‍ വിശദീകരിക്കണം. സ്വര്‍ണക്കള്ളക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് വ്യക്തമാണ്. കള്ളക്കടത്ത് കേസിലെ പ്രതിക്കൊപ്പം മുഖ്യമന്ത്രി യാത്ര ചെയ്തു. എന്തുകൊണ്ട് മുഖ്യമന്ത്രിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നില്ല.

80ല്‍ കൂത്തുപറമ്പില്‍ പിണറായി ജയിച്ചത് ജനസംഘുമായി കൂട്ടുപിടിച്ചാണ്. ബി ജെ പിയോട് മുഖാമുഖം പോരാടുന്ന പാര്‍ട്ടി ബി ജെ പിയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു ദുരൂഹ മരണം നടന്നുവെന്ന് പറഞ്ഞ അമിത്ഷാ ഇത് ഏതാണെന്ന് വ്യക്തമാക്കണം. ഇതില്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അമിത് ഷാ മാലാക ചമയേണ്ട. ഇന്ന് രാജ്യത്തെ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത്ഷാ. മുസ്ലിം സമുദായത്തെ ഏന്നും വേട്ടയാടന്‍ വേണ്ടി മുന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് അമിത് ഷാ. അമിത് ഷായുടേയും പിണറായിയുടേയും ലക്ഷ്യം കോണ്‍ഗ്രസിനേയും യു ഡി എഫിനേയും തകര്‍ക്കുക എന്നതാണ്. കേരളത്തില്‍ ബി ജെ പിക്ക് ഒരു സീറ്റും ലഭിക്കില്ല. എപ്പോഴും രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന അമിത് ഷാ തിരുവനന്തപുരത്ത് മാത്രം ഒന്നും പറഞ്ഞില്ല. ഇത് എല്‍ ഡി എഫുമായുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ്. ലാവ്‌ലില്‍ കേസ് 24 തവണ മാറ്റിവെച്ചത് എല്‍ ഡി എഫ്- ബി ജെ പി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ക്രിമന്‍ കുറ്റകൃത്യം വ്യക്തമായ കാര്യത്തില്‍ അമിത് ഷാ ചോദ്യം ചോദിക്കുകയല്ല വേണ്ടത്. നടപടി എടുക്കുകയാണ്. എന്തുകൊണ്ട് അമിത് ഷാ നടപടി എടുക്കുന്നില്ലെന്നും ഇവര്‍ ചോദിച്ചു.

പന്തളം പ്രതാപന്‍ പാര്‍ട്ടി വിട്ടത് വെറും അവസരവാദമാണ്. കോണ്‍ഗ്രസ് എന്ന വൃക്ഷത്തിലെ ഒരു ഇല മാത്രമാണ് അദ്ദേഹം. അഭിപ്രായ സര്‍വേകളില്‍ വിശ്വാസമില്ല. ഇതെല്ലാം സ്വാധീനങ്ങള്‍ക്ക് വഴങ്ങിയുള്ളതാണ്. കോണ്‍ഗ്രസ് നടത്തിയ സര്‍വേയും പരിഗണിച്ചല്ല പാര്‍ട്ടി മുന്നോട്ട് പോകുന്നത്. ഒരു സര്‍വേയും യഥാര്‍ഥ ജനവികാരം പ്രകടിപ്പിക്കുന്നതല്ല. ഷാഫി പറമ്പില്‍ പാലക്കാട് നിന്ന് മാറുന്നതില്‍ ആരും ആലോചിച്ചിട്ടില്ല. യാക്കോബായ സമുദായം ബി ജെ പിയെ പിന്തുണക്കുമെന്ന് വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് അടുത്ത ദിവസത്തോടെ തീരുമാനമാകുമെന്നും ഇവര്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു. ഹൈക്കമാന്‍ഡ് പറഞ്ഞാലും മത്സരിക്കില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹൈക്കമാന്‍ഡിനോട് ആലോചിച്ചിട്ടാണ് മറുപടി പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.



source http://www.sirajlive.com/2021/03/09/471359.html

Post a Comment

Previous Post Next Post