സ്ഥാനാര്‍ഥി പാനല്‍: തിരുവനന്തപുരം സി പി എം ജില്ലാ കമ്മിറ്റി ഇന്ന്

തിരുവനന്തപുരം | സ്ഥാനാര്‍ഥി പാനല്‍ തയ്യാറാക്കുന്നതിനായി സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം ഇന്ന്. മുഴുവന്‍ സിറ്റിംഗ് എം എല്‍ എമാരേയും വീണ്ടും കളത്തിലിറക്കാനാണ് നീക്കം. എന്നാല്‍ ആറ്റിങ്ങലില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ബി സത്യനെ മാറ്റാനും സാധ്യതയുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ഒരു ഇളവ്കൂടി നല്‍കണമെന്ന അഭിപ്രായമുണ്ട്. ഇന്നത്തെ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കും.

ജില്ലയിലെ 14 ണ്ഡലങ്ങളില്‍ പത്തിടത്താണ് സി പി എം മത്സരിക്കുന്നത്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെയായിരിക്കും മത്സര രംഗത്തിറങ്ങുക. വര്‍ക്കലയില്‍ വി ജോയി, വാമനപുരം ഡി കെ മുരളി, പാറശ്ശാലയില്‍ സി കെ ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കരയില്‍ ആന്‍സലന്‍, കാട്ടാക്കടയില്‍ ഐ ബി സതീഷ്, വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത് എന്നിവര്‍ ഉറപ്പാണ്.

ആറ്റിങ്ങലില്‍ ബി സത്യന് ഇളവ് ലഭിച്ചില്ലെങ്കില്‍ ഏരിയാ കമ്മിറ്റിയംഗം ഒ എസ് അംബികയുടെ പേരിനാണ് മുന്‍തൂക്കം. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ പേരും സജീവമാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ട അരുവിക്കരയില്‍ ഡി കെ മുരളി, ഷിജുഖാന്‍ എന്നിവരില്‍ ഒരാള്‍ പോരിന് ഇറങ്ങും. ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് വി ശിവന്‍കുട്ടി തന്നെ വരാനാണ് സാധ്യത.

തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കണമെന്നാവശ്യം ജില്ലാ നേതൃത്വം മുന്നോട്ട് വച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇവിടെ ആന്റണി രാജു പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കോവളത്തെ ജെ ഡി എസ് സ്ഥാനാര്‍ഥിയുടെയും ചിറയിന്‍കീഴ്, നെടുമങ്ങാട് സി പി ഐ സ്ഥാനാര്‍ത്ഥികളുടെയും കാര്യങ്ങളിലും ഇന്ന് പ്രാഥമിക ചര്‍ച്ചകളുണ്ടാകും.



source http://www.sirajlive.com/2021/03/03/470791.html

Post a Comment

أحدث أقدم