
വോട്ടഭ്യർഥിക്കാൻ നീലേശ്വരം, പള്ളിക്കര, പാലായി, പട്ടേന എന്നിവിടങ്ങളിൽ ഇ എം എസ് എത്തിയിരുന്നു. പ്രചാരണത്തിന് എ കെ ജിയും സജീവമായി പങ്കെടുത്തിരുന്നു. കാര്യങ്കോട് പുഴയിൽ വലിയ തോണിയിൽ കയറി പെട്രോ മാക്‌സിന്റെ വെളിച്ചത്തിൽ മെഗാഫോൺ വഴി വോട്ടഭ്യർഥിച്ചതായും കണ്ണൻ നായർ പറയുന്നു.
ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 114 മണ്ഡലങ്ങളായിരുന്നു. 126 സീറ്റുകളും. 102 ഏകാംഗമണ്ഡലങ്ങളും, 12 ദ്വയാംഗമണ്ഡലങ്ങളും. പട്ടികജാതിക്കാർക്ക് 11 സീറ്റും പട്ടികവർഗത്തിന് ഒരു സീറ്റും സംവരണം ചെയ്യപ്പെട്ടിരുന്നു. നീലേശ്വരം ദ്വയാംഗ മണ്ഡലമായിരുന്നു. നീലേശ്വരം തൊട്ട് തളിപ്പറന്പ് വരെയായിരുന്നു നീലേശ്വരം മണ്ഡലം. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥികളായി പൊതുസീറ്റിൽ ഇ എം എസും സംവരണ സീറ്റിൽ കല്ലളൻ വൈദ്യരും. പൊതുസീറ്റിൽ ഉണ്ണികൃഷ്ണൻ തിരുമുമ്പും സംവരണത്തിൽ പി അച്ചുകൊയോനുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംവരണ സ്ഥാനാർഥി എം പി മാധവന്റെ പത്രിക തള്ളി. സംവരണ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി അച്ചു കോയോന് വോട്ട് ചെയ്യാമെന്നും പൊതുസീറ്റിൽ തങ്ങളുടെ സ്ഥാനാർഥി ടി വി കോരന് വോട്ട് നൽകണമെന്നുമുള്ള പി എസ് പിയുടെ നിർദേശം ഉണ്ണികൃഷ്ണൻ തിരുമുമ്പ് സ്വീകരിക്കാതെ വന്നതോടെ ധാരണ പൊളിഞ്ഞു. ഇതോടെ എല്ലാവരും വെവ്വേറെ മത്സരിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി അജയഘോഷ് അടക്കം പങ്കെടുത്ത് നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ഇ എം എസിന്റെ ആദ്യ തിരഞ്ഞെടുപ്പ് യോഗം കണ്ണൻ നായരുടെ ഓർമയിലിന്നുമുണ്ട്. മെഗാഫോണിലൂടെയായിരുന്നു അറിയിപ്പ് കിട്ടിയത്. പത്രക്കടലാസിൽ കൈകൊണ്ടെഴുതിയുള്ള പോസ്റ്ററും, നീലം മുക്കിയുള്ള ചുവരെഴുത്തും. യോഗത്തിൽ ഉച്ചഭാഷിണിയുണ്ടാകുമെന്ന അറിയിപ്പ് നോട്ടീസിൽ പ്രത്യേകമുണ്ടാകും.
പ്രായാധിക്യം മൂലം സി പി എം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞ് പേരോൽ ലോക്കൽ കമ്മിറ്റിയംഗമായി പ്രവർത്തന മണ്ഡലം ചുരുക്കിയിരിക്കുകയാണ് കണ്ണൻ നായർ.
source http://www.sirajlive.com/2021/03/21/472757.html
إرسال تعليق